
തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുമുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും അന്തസും അസ്തിത്വവും സംരക്ഷിക്കുന്നതിനുള്ള നിയമപരവും രാഷ്ട്രീയപരവും ജനാധിപത്യപരവുമായ പ്രതിരോധ രീതിയായി ലേബര്‍ കോണ്‍ക്ലേവിനെ കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾ ലഘൂകരിക്കാൻ എന്ന മട്ടിൽ തൊഴിലാളികളുടെ നിയമപരിരക്ഷകൾ എടുത്തുമാറ്റപ്പെടുകയാണ്. ഇത് ഗൗരവമായി കാണേണ്ടതാണ്. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ജനാധിപത്യപരമായ ചർച്ചകൾ കൂടാതെ ഈ കോഡുകൾ പാസാക്കി എടുത്തു. ഇത് നിയന്ത്രിത തൊഴിൽ വിപണി സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ്.
നമ്മുടെ രാജ്യത്ത് തൊഴിലാളി സൗഹൃദ അന്തരീക്ഷം നഷ്ടപ്പെടാൻ ഇടയാക്കുകയാണ്. ഇതിനെ നല്ല രീതിയിൽ ചെറുത്തു പോകേണ്ടതായിട്ടുണ്ട്. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തൊഴിലാളി കർഷക ഐക്യത്തിലൂടെയുള്ള ഒരു ജനാധിപത്യ പ്രതിരോധം ഈ ഘട്ടത്തിൽ അനിവാര്യമായിരിക്കുകയാണ്. ഈ പോരാട്ടം കേവലം ഒരു വിഭാഗത്തിന്റേത് മാത്രമല്ല മറിച്ച് വരും തലമുറയുടെ ഭാവിക്കും ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്കിന്റെ നിലനിൽപ്പിനും വേണ്ടിയുള്ളതാണ്. ആ പോരാട്ടവീര്യം ഉൾക്കൊണ്ട് കോർപറേറ്റ്-വർഗീയ കൂട്ടുകെട്ടിനെതിരെ ഒന്നിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി കൂട്ടിചേർത്തു.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നീതി ആയോഗ് പോലും കേരളത്തിന്റെ നേട്ടങ്ങൾ ശ്രദ്ധേയമാണെന്ന് അംഗീകരിക്കാൻ നിർബന്ധിതമായിട്ടുണ്ട് എന്നും വ്യക്തമായ രാഷ്ട്രീയ ദർശനവും കൃത്യമായ വികസന കാഴ്ചപ്പാടും കേരളത്തെ വ്യത്യസ്തമാക്കുന്നതെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അതിദാരിദ്ര്യം തുടച്ചുനീക്കിയ ഒരു സംസ്ഥാനം എന്നത് ഈ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡ, എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജീത് കൗർ, സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻ സെൻ മുതിർന്ന തൊഴിലാളി നേതാവും മുൻ രാജ്യസഭാംഗവുമായ എളമരം കരീം, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി സഞ്ജയ് കുമാർ സിങ്, തൊഴിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷാനവാസ് എസ്, നിയമ സെക്രട്ടറി കെ ജി സനൽകുമാർ, ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീൻ, എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിങ് ഡയറക്ടർ സൂഫിയാൻ അഹമ്മദ് കിലെ ചെയർമാൻ കെ എൻ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.