
ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നേരായ വഴിയിൽ സഞ്ചരിക്കുന്നില്ലായെന്ന് ഫിഫയ്ക്ക് ബോധ്യമാണ്. അതുകൊണ്ട് തന്നെയാണ് ഫിഫയുടെ നിർദേശം നടപ്പിലാക്കിയില്ലെങ്കിൽ നിരോധനം ഉൾപ്പെടെയുള്ള നടപടിയിലേക്ക് നീങ്ങുമെന്ന് കർശനമായി വ്യക്തമാക്കിയത്. അസോസിയേഷൻ അഭ്യന്തര സംഘർഷത്തിലാണെന്ന് പ്രത്യക്ഷത്തിൽ ബോധ്യമാണ്. നമുക്ക് രാജ്യത്തെ മികച്ച കളിക്കാരെ ഇന്ത്യൻ ടീമിലേക്ക് എടുക്കാനോ അവരെ ഉപയോഗിക്കാനോ കഴിയുന്നില്ല. ഇത്തവണ തന്നെ സാഫ് കപ്പിൽ കളിക്കാൻ ടീമിനെ സെലക്ട് ചെയ്യാൻ ട്രയൽ മാച്ചിന് വേണ്ടി കളിക്കാരെ അയയ്ക്കാൻ പറഞ്ഞിട്ട് മോഹൻ ബഗാൻ കേട്ടതായി ഭാവിച്ചില്ല. രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളുള്ള മോഹൻ ബഗാൻ ഒരു കളിക്കാരനെപ്പോലും വിട്ടു കൊടുത്തില്ല. പക്ഷെ, പുതിയ കോച്ച് ഖാലീദ് ജമീൽ ക്യാമ്പിലെത്തിയ കളിക്കാരെ ചേർത്താണ് ടീമിനെ പ്രഖ്യാപിച്ചത്. അദ്ദേഹം നല്ല പരിശ്രമം നടത്തിയത് കളിക്കാരെ ഒരു ടീമായി സെറ്റാക്കാനായിരുന്നു. നോർത്ത് ഈസ്റ്റിന്റെ പരിശീലകൻ എന്ന നിലയിൽ നന്നായി പെർഫോം ചെയ്ത പരിചയം ഇന്ത്യൻ ടീമിന്റെ വിജയത്തിന് വഴിയൊരുക്കി. താജിക്കിസ്ഥാൻ ലോക റാങ്കിങ്ങിൽ 106ലാണ്. ഇന്ത്യ 133ലും നിൽക്കുന്നു. ഈ വിജയം നമുക്ക് ഒരു പ്രചോദനവുമാണ്. ഈ വിജയത്തിന് ഏറ്റവും വലിയ പങ്ക് വഹിച്ചത് ഇന്ത്യൻ ഗോളിയും ക്യാപ്റ്റനുമായ ഗുർപ്രീത് സിങ് സന്ധുവാണ്. എതിരാളിയുടെ പെനാൽറ്റി കിക്ക് മുഴുനീള ഡൈവിലൂടെ അതിസാഹസികമായി രക്ഷപ്പെടുത്തിയതാണ് വിജയകാരണമായത്. ഇനിയുള്ള മത്സരങ്ങൾ കടുത്തതാണെങ്കിലും ഈ വിജയം ടീമിന് ഉൾകരുത്ത് നൽകുമെന്ന് തീർച്ചയാണ്. ഐഎസ്എൽ മത്സരങ്ങളുടെ 1–2ാം പതിപ്പ് ഒക്ടോബർ മാസം തുടങ്ങുമെന്ന് ഏതാണ്ട് ധാരണയായിട്ടുണ്ട്. കളിക്കാരുടെ ഭാവിയും കളിയുടെ ആവേശവും നിർവഹിക്കുവാൻ ബാധ്യസ്ഥരായ ഫുട്‌ബോൾ അസോസിയേഷൻ മേധാവികൾ സന്ദർഭത്തിനനുസരിച്ച് ഇടപെടാനും പ്രശ്നങ്ങൾ ഉടന്‍ പരിഹരിക്കാനും ജാഗ്രത പാലിക്കണമായിരുന്നു. വമ്പന്മാരുടെ കൊമ്പുകോര്‍ക്കല്‍ പണിപ്പുരയില്‍ ആവേശത്തിന്റെ കടലിരമ്പത്തിന് തുടക്കമാവുന്നത് യൂറോപ്പിലാണ്. ലോകഫുട്ബോളിലെ വമ്പന്മാർ പ്രസ്റ്റീജ് മത്സരങ്ങളായി കാണുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് അണിയറയിൽ അവസാനഘട്ടത്തിലാണ്. പിഎസ്ജിയും ആഴ്സണലും ലിവർപൂളും റയൽ മാഡ്രിഡും ബാഴ്സലോണയും എല്ലാം കടുത്ത പോരാട്ടത്തിന്റെ വഴിയിലാണ് നിൽക്കുന്നത്. നറുക്കെടുപ്പ് നടന്നതിൽ 36 ടീമുകൾ ഏതെല്ലാം പോട്ടുകളിലെന്ന് നിശ്ചയിച്ചു കഴിഞ്ഞു. സെപ്റ്റംബർ മുതൽ ജനുവരി വരെ മത്സരങ്ങളുടെ വിവിധ ഇനങ്ങൾ നടക്കും. ഒമ്പത് ടീമുകൾ വീതമുള്ള നാല് പോട്ടുകളായാണ് മത്സരിക്കുക. ഓരോ ടീമിനും രണ്ട് മത്സരങ്ങൾ തമ്മിൽ കളിക്കണം. ഒന്ന് ഹോം ഗ്രൗണ്ടിൽ, മറ്റേത് എതിർ തട്ടകത്തിൽ. കളികളെല്ലാം ആവേശം നിറയ്ക്കുന്നതാകും. വലിപ്പവും ചെറുപ്പവും ഇവിടെ പ്രശ്നമല്ല. മാത്രമല്ല ഏറ്റവും കൂടിയ മണിക്കിലുക്കവും ഈ മത്സര പരമ്പരയ്ക്കാണ്. കളിയുടെ രീതിയനുസരിച്ച് ഓരോടീമിനും പണം ലഭിക്കും. അതിന്റെ വലുപ്പവും കളിയിൽ പ്രകടമാവും. ലോകം ശ്രദ്ധയോടെ കാണാൻ കാത്തിരിക്കുന്ന ടീമുകൾ ഏതാണ്ട് അരഡസനെങ്കിലും ഉണ്ട്. റയൽ മാഡ്രിഡ്, ബാഴ്സലോണ, ആഴ്സണൽ, ലിവർഫൂൾ, പിഎസ്ജി, ചെൽസി, ബയേൺ മ്യൂണിക്ക് എന്നീ വമ്പന്മാർ ആരാധക കൂട്ടത്തിന്റെ അകമ്പടിയുള്ളവരാണ്. ഏതാണ്ട് മാസങ്ങൾ നീളുന്ന മത്സര പരമ്പര. ആദ്യ ഘട്ടത്തിൽ സെപ്റ്റംബർ മാസം വരെയും തുടർന്ന് മത്സരങ്ങൾ വിവിധ ഇനങ്ങളിൽ നടക്കുന്നുണ്ട്. എല്ലാം ചേർന്ന് അടുത്ത വർഷം മേയ് 21ന് ബുഡാപെസ്റ്റിൽ ഫൈനൽ നടക്കും. വിശ്രമരഹിതമായി കളിക്കാനുള്ളതാണ് ഫുട്‌ബോൾ എന്ന് ലോകത്തോട് വിളിച്ചു പറയുന്ന മത്സര പരമ്പരകളാണ് യുവേഫ ചാമ്പ്യൻസ് ലീഗ്. ഈ മത്സര പരമ്പരയ്ക്ക് തിരശീല വീഴുമ്പോൾ ലോകകപ്പിന് വേദി ഒരുങ്ങുകയായി. കളിയുടെ മാസ്മരിക ലോകത്തിലേക്ക് ജനകോടികളുടെ മനസിനെ ആനയിക്കുന്ന അത്യപൂർവമായ പോരാട്ട പരമ്പരയിൽ മത്സരിച്ചു ജയിച്ചുവരുന്ന 48 രാജ്യങ്ങൾ പോരിനിറങ്ങുകയാണ്. ശക്തരും എണ്ണത്തിൽ കൂടുതൽ ഉള്ളവരുമായ യൂറോപ്പും എണ്ണത്തിൽ കുറവാണെങ്കിലും കളിയുടെ മർമ്മം സ്വയം കണ്ടെത്തിക്കൊണ്ട് അവകാശം പിടിച്ചെടുക്കുന്ന ലാറ്റിൻ അമേരിക്കൻ ടീമുകളും കളിക്കളത്തിൽ കഥപറയുന്നതാണ് ലോകകപ്പ്. കളിയുടെ വാർത്തകളിൽ എപ്പോഴും വരുന്ന നിഗമനങ്ങളിൽ ഒന്നാം സ്ഥാനം അർജന്റീനയ്ക്കാണ്. മെസിയെന്ന അപാരതകളുടെ ആശാനായ ഫുട്ബോളറാണ് തിളങ്ങിനിൽക്കുന്നത്. ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഭദ്രമായി നിൽക്കുന്ന അർജന്റീന പുതിയ കാലത്തും ചാമ്പ്യൻപട്ടം സ്വന്തമാക്കുമെന്നാണ് പൊതു നിഗമനം. ഏറ്റവും കൂടുതൽ തവണ നേട്ടം സ്വന്തമാക്കിയ ബ്രസീലാണ് മറ്റൊരു പ്രധാനരാജ്യം. കഴിഞ്ഞ രണ്ട് ചാമ്പ്യൻഷിപ്പുകളിലും കണ്ണീരുമായി തിരിച്ചു പോയ ബ്രസീൽ ആഞ്ചലോട്ടിയുടെ പരിശീലന മികവിൽ അത്ഭുതങ്ങൾ കാട്ടുമോയെന്ന് കണ്ടറിയണം. ഇത്തവണയും നെയ്മറുടെ കാര്യം തുലാസിലാണ്. പുതിയ ഗ്രൂപ്പ് മത്സരത്തിലെ ടീമിൽ നെയ്മറില്ല. തുടയെല്ലിന്റെ പരിക്കാണ് കാരണം. പെട്ടെന്ന് ഭേദമാകുമെന്നും മാറിയാൽ നെയ്മർ നയിക്കുമെന്നും കോച്ച് പറയുന്നു. കളിയഴകും, ഡ്രിബ്ലിങ്ങും എതിരാളികളെ വട്ടം കറക്കുന്ന ചടുലനീക്കവും നെയ്മറെ ലോകത്തിലെ ഏറ്റവും വിലയുള്ള താരമാക്കിയിരുന്നതാണ്. ബ്രസീൽ ജനത നെയ്മറെ ഹൃദയത്തിൽ പ്രതിഷ്ടിച്ചതാണ്. ഗ്രൂപ്പിൽ നിന്നും ബ്രസീലും അർജന്റീനയും പുറത്ത് കടന്നു. യൂറോപ്പിൽ ജർമ്മനി ശക്തരാണ്. പക്ഷെ ഗ്യാരന്റി പുലർത്താൻ കഴിയുന്നില്ല. ഇറ്റലിയും ഫ്രാൻസും ഇംഗ്ലണ്ടും എല്ലാം കരുത്തർ തന്നെ പക്ഷെ കളിക്കളത്തിൽ മുന്നിൽ ലാറ്റിനമേരിക്ക തന്നെയാണ് കാണാനാകുക. മറ്റൊന്ന് പോർച്ചുഗലില്‍ റൊണാൾഡോയുടെ ലാസ്റ്റ് മത്സരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.