22 September 2024, Sunday
KSFE Galaxy Chits Banner 2

ഫോറസ്റ്റ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച മകന് നീതി തേടി മാതാപിതാക്കൾ

Janayugom Webdesk
തൊടുപുഴ
February 15, 2022 8:12 pm

തൊടുപുഴ: മറയൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ വണ്ണപ്പുറം കാളിയാര്‍ സ്വദേശി ബാബു തോമസ് (31) മരിച്ച സംഭവത്തില്‍ നീതി തേടി വയോധികരായ മാതാപിതാക്കള്‍ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. ബാബുവിന്റെ പിതാവ് വണ്ണപ്പുറം കാളിയാര്‍ വടക്കേക്കുന്നേല്‍ തോമസ് (78), മാതാവ് പെണ്ണമ്മ (72) എന്നിവരാണ് തൊടുപുഴ സിവില്‍ സ്റ്റേഷനു മുന്നില്‍ സമരം തുടങ്ങിയത്.
2006 നവംബര്‍ 23 നാണ് ബാബു വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. വനം വകുപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അന്നത്തെ മറയൂര്‍ ഫോറസ്റ്ററുടെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ ജോലിക്കെത്തിയ ബാബുവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. മൂന്നാര്‍ ഡിഎഫ്ഒയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് മറയൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നടത്തിയ ചോദ്യം ചെയ്യലിനിടെ ബാബു മരിക്കുകയായിരുന്നു. എന്നാല്‍ ബാബു തങ്ങളുടെ കസ്റ്റഡിയില്‍ നിന്നും ഓടി രക്ഷപെടുന്നതിനിടെ കുഴഞ്ഞ് വീണു മരിച്ചു എന്ന നിലയിലാണ് വനം ഉദ്യോഗസ്ഥര്‍ മറയൂര്‍ പോലീസില്‍ വിവരമറിയിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കൃത്രിമ രേഖകള്‍ ചമച്ചാണ് ഇത്തരത്തിലൊരു കള്ളക്കഥ തയാറാക്കിയതെന്ന് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ മൂന്നാര്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ബാബു കൊല്ലപ്പെട്ടത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് അന്നത്തെ മറയൂര്‍ ഫോറസ്റ്ററെ ഒന്നാം പ്രതിയാക്കിയ മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കെടുത്ത ആറോളം ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കൊലക്കുറ്റത്തിന് കേസെടുത്തു. അന്നത്തെ മൂന്നാര്‍ ഡിഎഫ്ഒയും കേസില്‍ പ്രതിയായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിനു പുറമെ ഇത് മറച്ച് വയ്ക്കാനും ഇതിനായി വ്യാജ കേസും രേഖകളും ഉണ്ടാക്കാനും ശ്രമിച്ചവര്‍ ഉള്‍പ്പെടെ 15 ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പ്രതികളാക്കി 2010 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ പ്രതികള്‍ 2018 വരെ തുടര്‍ച്ചയായി ഹൈക്കോടതിയിലും മറ്റും നല്‍കിയ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ വിചാരണ തടസപ്പെട്ട നിലയിലായിരുന്നു. ഇതിനെതിരെ മരിച്ച ബാബുവിന്റെ മാതാപിതാക്കള്‍ സര്‍ക്കാരിനെയും ഹൈക്കോടതിയെയും സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ടോം ജോസഫിനെ നിയമിച്ചു.
കേസിന്റെ വിചാരണ തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുനരാരംഭിക്കും. കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ കൂടുതല്‍ പേരും ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.