
ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് തൃശൂർ മറ്റത്തൂരിൽ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്. എന്നാല്‍ അരുണാചൽ പ്രദേശിലും പുതുച്ചേരിയിലും ഗോവയിലും ബിജെപിയിൽ ലയിച്ച കോൺഗ്രസിന്റെ കേരള മോഡൽ ആണ് മറ്റത്തൂരിലേതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
എൽഡിഎഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് മറ്റത്തൂരിൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപിയിലെത്തി ഭരണം പിടിച്ചത്. ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസുകാർക്ക് മനസ്സാക്ഷിക്കുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പലയിടത്തും ബിജെപി — കോൺഗ്രസ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമായതാണ്. ഒരുമടിയുമില്ലാതെ അവർ അത് തുടരുകയാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്. എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവൽക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോൺഗ്രസിന്റെ കുടില തന്ത്രങ്ങളുടെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് മറ്റത്തൂരെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്.
2016‑ൽ അരുണാചൽ പ്രദേശിൽ ആകെ 44 കോൺഗ്രസ്സ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എൻഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎൽഎ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021‑ൽ ബിജെപി അധികാരം പിടിച്ചു. 2019‑ൽ ഗോവയിലെ കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർടി ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡൽ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തിൽ എൽ ഡി എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയോടൊപ്പം പോയത്. അതവർ തുറന്നു പറയുന്നുമുണ്ട്.
ഇപ്പോൾ കോൺഗ്രസ്സിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി — കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണ്. അതവർ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്.
എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവൽക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോൺഗ്രസ്സിന്റെ കുടില തന്ത്രങ്ങൾ ഞങ്ങൾ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂർ മോഡൽ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.