10 January 2025, Friday
KSFE Galaxy Chits Banner 2

മാളിയേക്കൽ റയിൽവേ മേൽപ്പാലം; തൂണുകൾ സ്ഥാപിച്ച് തുടങ്ങി

Janayugom Webdesk
കരുനാഗപ്പള്ളി
March 30, 2022 8:51 pm

മാളിയേക്കൽ റയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റീലിൽ നിർമ്മിച്ച തൂണുകൾ സ്ഥാപിച്ചു തുടങ്ങി. സെപ്തംബറോടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സ്റ്റീൽ കോമ്പോസിറ്റ് സ്ട്രക്ച്ചറിലാണ് പാലം നിർമ്മിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന ആദ്യ പാലങ്ങളിലൊന്നാണ് ഇത്. കോണ്‍ക്രീറ്റിൽ നിർമ്മിക്കുന്ന പൈലിങ് ജോലികൾ പൂർത്തിയായി. ഇതിന് മുകളിലായിട്ടാണ് സ്റ്റീലിൽ നിർമിക്കുന്ന തൂണുകൾ ഉറപ്പിക്കുന്നത്. ആകെ 11 തൂണുകൾ ആണ് ഉണ്ടാവുക. കരാർ ഏറ്റെടുത്ത കമ്പനിയുടെ തമിഴ്‌നാട്ടിലെ യാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ തൂണുകളാണ് സ്ഥാപിച്ചു തുടങ്ങിയത്. തൂണുകൾക്ക് മുകളിലായി സ്റ്റീലിൽ നിർമ്മിച്ച ബീമുകളും സ്ഥാപിക്കും. അതിന് മുകളായി കോണ്‍ക്രീറ്റിൽ റോഡ് നിർമ്മിക്കും. 547 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമാണ് പാലത്തിന് ഉണ്ടാകുക. രണ്ട് വരി നടപ്പാതയും മേൽപ്പാലത്തിന് പുറമേ ഇരുവശത്തും സർവ്വീസ് റോഡുകളും ഉണ്ടാകും. റിറ്റ്സ് എന്ന കമ്പനിയെയാണ് പ്രോജക്റ്റ് കൺസൾട്ടന്റായി കിഫ്ബി വഴി ചുമതലപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് കരുനാഗപ്പള്ളി എംഎൽഎ ആയിരുന്ന ആർ രാമചന്ദ്രന്റെ ഇടപെടലിനെ തുടർന്നാണ് മേൽപ്പാലം അനുവദിച്ചത്. 44 ഭൂവുടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുത്തത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് മേൽപ്പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ചെന്നൈ ആസ്ഥാനമായിട്ടുള്ള എസ്‌പിഎൽ കമ്പനിയാണ് പാലത്തിന്റെ നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. ജർമൻ സാങ്കേതിക വിദ്യകളുള്ള ഇൻഡ്യയിലെ തന്നെ മികച്ച കമ്പനികളിൽ ഒന്നാണ് എസ്‌പിഎൽ. 2021 ജനുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിലുള്ള മാളിയേക്കൽ ലെവൽക്രോസിൽ മേൽപ്പാലം നിർമിക്കാൻ 35 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് മുൻ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നത്. ദൈനംദിനം നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്. കരുനാഗപ്പള്ളിയിൽ നിന്നും ജില്ലയുടെ കിഴക്കൻ മേഖലകളിലേക്ക് എത്തപ്പെടാനുള്ള പ്രധാന ഗതാഗത മാർഗങ്ങളിലൊന്നാണ് ഇത്. മണിക്കൂറുകളോളം വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ കാത്തുകിടക്കേണ്ട സ്ഥിതിയും, നിരവധി ജീവനുകൾ പൊലിയുന്ന സാഹചര്യവും ഈ ലെവൽ ക്രോസിൽ ഉണ്ടായിട്ടുണ്ട്. മാളിയേക്കൽ ലെവൽ ക്രോസ്സ് യാഥാർത്ഥ്യമാകുന്നതോടെ ദീർഘനാളായുള്ള ജനങ്ങളുടെ ആവശ്യമാണ് നിറവേറാൻ പോകുന്നത്.

മാളിയേക്കൽ റയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തൂണുകൾ സ്ഥാക്കുന്ന സ്ഥലം മുൻ എംഎൽഎ ആർ രാമചന്ദ്രൻ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.