29 December 2025, Monday

Related news

December 28, 2025
December 27, 2025
December 26, 2025
December 26, 2025
December 24, 2025
December 23, 2025
December 23, 2025
December 22, 2025
December 22, 2025
December 21, 2025

ലോകം @ 2025

Janayugom Webdesk
December 28, 2025 4:10 pm

പ്രക്ഷുബ്ധവും ധ്രുവീകരിക്കപ്പെട്ടതും എന്നാൽ പരിവർത്തനാത്മകവുമാണ് 2025. നിലവിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനും എതിർ കക്ഷികളെ ഒത്തുതീർപ്പിലേക്ക് കൊണ്ടുവരാനും സമാന്തര ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കെ, അതിർത്തിയിൽ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും ഈ വർഷം വർധിച്ചു. നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, സാമ്പത്തിക മാറ്റങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന അധികാര സമവാക്യങ്ങൾ എന്നിവ ഈ വര്‍ഷം അടയാളപ്പെടുത്തി. തുടർച്ചയായ യുദ്ധങ്ങൾ മുതൽ നയതന്ത്ര തർക്കങ്ങൾ, വ്യാപാര തർക്കങ്ങൾ വരെ. ഈ വർഷത്തെ സംഭവങ്ങൾ അന്താരാഷ്ട്ര ബന്ധങ്ങളെയും ആഗോള സാമ്പത്തിക തന്ത്രങ്ങളെയും പുനർനിർമ്മിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ, രാഷ്ട്രീയ അസ്ഥിരത, ഭരണ പരാജയങ്ങൾ, സാമൂഹിക അനീതി, ജനാധിപത്യ അവകാശങ്ങളുടെ തകർച്ച എന്നിവയ്‌ക്കെതിരെ തങ്ങളുടെ രോഷം പ്രകടിപ്പിക്കാൻ ദശലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ ലോകമെമ്പാടുമുള്ള ബഹുജന പ്രതിഷേധങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും ശക്തമായ പുനരുജ്ജീവനത്തിനും 2025 സാക്ഷ്യം വഹിച്ചു.

 

ട്രംപിന്റെ തീരുവ യുദ്ധം

തീരുവകളുടെ വര്‍ഷമായിരുന്നു 2025 എന്ന് പറയുന്നതില്‍ തെറ്റില്ല. ജനുവരി 25ന് അധികാരമേറ്റതിനു പിന്നാലെ ആഗോള വ്യാപാര സമവാക്യങ്ങളെ മാറ്റിമറിച്ച വ്യാപാര യുദ്ധത്തിനാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കം കുറിച്ചത്. താരിഫുകളെ മറ്റുരാജ്യങ്ങള്‍ക്കെതിരായ ആയുധം പോലെയാണ് ട്രംപ് ഉപയോഗിച്ചത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ട്രംപിന്റെ താരിഫ് യുദ്ധത്തിന്റെ പിടിയിലമര്‍ന്നു. ഏപ്രില്‍ രണ്ടിന് വിമോചന ദിനമായി വിശേഷിപ്പിച്ചുകൊണ്ട് ട്രംപ് പരസ്പര താരിഫുകള്‍ പ്രഖ്യാപിച്ചു. സ്റ്റീൽ , അലുമിനിയം , ചെമ്പ് എന്നിവയുടെ താരിഫ് 50% ആയി ഉയർത്തുകയും മിക്ക രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25% താരിഫ് ഏർപ്പെടുത്തുകയും ചെയ്തു. രണ്ടാം ട്രംപ് ഭരണകൂടത്തിന് കീഴിൽ ചെെനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ ഗണ്യമായ വര്‍ധനവിന് കാരണമായി, ചൈനീസ് ഉല്പന്നങ്ങൾക്ക് അമേരിക്ക 145% തീരുവ ചുമത്തുന്നതിലേക്കും, പ്രതികരണമായി ചൈന അമേരിക്കൻ ഉല്പന്നങ്ങൾക്ക് 125% തീരുവ ചുമത്തുന്നതിലേക്കും നയിച്ചു. എങ്കിലും നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷം താരിഫുകളില്‍ ഇരുരാജ്യങ്ങളും ഗണ്യമായ കുറവ് വരുത്തി. വാഷിങ്ടണുമായി ഗണ്യമായ വ്യാപാര ബന്ധമുള്ള പ്രധാന സമ്പദ്‌വ്യവസ്ഥകളായ ബ്രസീലും ഇന്ത്യയും ഇപ്പോൾ യുഎസിലേക്കുള്ള കയറ്റുമതിക്ക് 50% തീരുവ നേരിടുന്നു. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് 25% ശിക്ഷാ തീരുവയും ഇന്ത്യക്കെതിരെ ചുമത്തി. പ്രശ്‌നരഹിതമായ നയതന്ത്ര ബന്ധങ്ങളും ഭൂമിശാസ്ത്രപരമായ സാമീപ്യവും കാരണം പതിറ്റാണ്ടുകളായി യുഎസിന്റെ സ്വതന്ത്ര വ്യാപാര പങ്കാളികളായി തുടർന്ന കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള യുഎസ് ഇറക്കുമതികൾക്ക് ഇപ്പോൾ യഥാക്രമം 35 ശതമാനവും 25 ശതമാനവും തീരുവയാണുള്ളത്.

 

 

പ്രമുഖരെ പിടിച്ചുലച്ച് എപ്‍സ്റ്റീന്‍ ഫയലുകള്‍

അമേരിക്കന്‍ രാഷ്ട്രീയത്തിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖരായ വ്യക്തികള്‍ക്കിടയിലും വലിയ കോളിളക്കവും ആശങ്കയും സൃഷ്ടിച്ച ഒരു കേസാണ് ജെഫ്രി എപ്‍സ്റ്റീന്‍ കേസ്. അധ്യാപകനായിരുന്ന ജെഫ്രി എപ്സ്റ്റീന്‍ ധനകാര്യ സ്ഥാപനം തുടങ്ങി സമ്പന്നനായപ്പോള്‍ രാഷ്ട്രീയത്തിലെ വമ്പന്മാരുമായി അടുപ്പം സ്ഥാപിച്ചു. ഇവരെ പ്രീതിപ്പെടുത്താനായി രാത്രികാല വിരുന്നുകളും നടത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗിക തൊഴിലിനായി പ്രേരിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങളും ജെഫ്രി നേരിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അവരെ ലൈംഗികത്തൊഴിലിനായി പ്രേരിപ്പിച്ചുവെന്നതടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്ന ജെഫ്രിയെ വിചാരണ കാത്തിരിക്കെ 2019ല്‍ അമേരിക്കന്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജെഫ്രി എപ്‍സ്റ്റീനുമായി ബന്ധപ്പെട്ട നിരവധി രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ച എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരമാണ് നടപടി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍ണ്‍, പോപ്പ് ഗായകന്‍ മെെക്കല്‍ ജാക്സണ്‍, ഡിപി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായേം, ബില്‍ ഗേറ്റ്സ് തുടങ്ങിയ പ്രമുഖകരുടെ പേരുകള്‍ എപ്‍സ്റ്റിന്‍ ഫയലുകളിലുണ്ട്.

 

 

ചരിത്രം കുറിച്ച് മംദാനി

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി വിജയിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ മുസ്ലിമാണ് മംദാനി. ഇന്ത്യൻ വംശജയായ പ്രമുഖ സിനിമാ സംവിധായക മീര നായരുടെയും ഉഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെയും റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനി ചരിത്ര വിജയം നേടിയത്. മംദാനിയുടെ വിജയം, അദ്ദേഹത്തെ പരാജയപ്പെടുത്താൻ പരസ്യമായി ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയായി. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന മംദാനിയെ “കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ മംദാനി വിജയിച്ചതിനു ശേഷം ട്രംപുമായി നടത്തിയ കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു.

 

തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍

1. കലങ്ങി മറി‍ഞ്ഞ് ദക്ഷിണ കൊറിയ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഇംപീച്ച്മെന്റ്, ഉന്നത രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട ഉന്നത അഴിമതി കേസുകൾ എന്നിവയാൽ ദക്ഷിണ കൊറിയ ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയാണ് ഈ വര്‍ഷം നേരിട്ടത്. പട്ടാള നിയമം പ്രഖ്യാപനത്തിന്റെ പേരിൽ 2025 ഏപ്രിൽ നാലിന് പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഇംപീച്ച്മെന്റ് നടപടി ഭരണഘടനാ കോടതി ശരിവച്ചു. പിന്നീട് കലാപക്കുറ്റം ചുമത്തി യോളിനെ അറസ്റ്റ് ചെയ്തു. 2025 ജൂൺ മൂന്നിന് നടന്ന സ്നാപ്പ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ലീ ജെയ്-മ്യുങ് വിജയിക്കുകയും പ്രസിഡന്റായി അധികാരമേല്‍ക്കുകയും ചെയ്തു.

2. ജസ്റ്റിന്‍ ട്രൂഡോ പുറത്ത് ധനകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചതോടെയാണ് കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോയുടെ അധികാര കസേരയ്ക്ക് ഇളക്കം തട്ടിയത്. ഫ്രീലാൻഡിന്റെ രാജി ട്രൂഡോയ്ക്കുള്ള രാഷ്ട്രീയ പിന്തുണ നഷ്ടപ്പെടാൻ കാരണമായി. 2025 ജനുവരി ആറിന്, ഉള്‍പാര്‍ട്ടി സമ്മര്‍ദത്തെത്തുടര്‍ന്ന് ലിബറൽ പാർട്ടി നേതൃ സ്ഥാനവും പ്രധാനമന്ത്രി പദവും ജസ്റ്റിന്‍ ട്രൂഡോ ഒഴിഞ്ഞു. മാര്‍ക്ക് കാര്‍ണി കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു.

3. അശാന്തിയൊഴിയാതെ ബംഗ്ലാദേശ് 2024ൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ബംഗ്ലാദേശ് നിലവിൽ കാര്യമായ രാഷ്ട്രീയ പരിവര്‍ത്തന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാഷ്ട്രീയ സ്ഥിതിഗതികൾ ഇപ്പോഴും അസ്ഥിരമായി തുടരുകയാണ്. കഴിഞ്ഞ വർഷം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിനെതിരെ നടത്തിയ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്‍ വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാജ്യം വിട്ടതിനുശേഷം ഹസീന ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. വിചാരണ നേരിടുന്നതിനായി അവരെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അഭ്യര്‍ത്ഥന ഇന്ത്യ പരിഗണിച്ചിട്ടില്ല. വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകം സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. 2024 ജൂലൈയിലെ പ്രക്ഷോഭത്തിൽ പ്രധാന പങ്കുവഹിച്ച ഇങ്ക്വിലാബ് മഞ്ച എന്ന യുവജന സംഘടനയുടെ നേതാവായിരുന്നു 32 കാരനായ ഹാദി. ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങള്‍ക്കുനേരെയും അക്രമമുണ്ടായി. മാധ്യമ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടു. മൈമെൻസിങ്ങിൽ ദിപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിൽ ഇന്ത്യയിലും പ്രതിഷേധങ്ങൾ ഉയർന്നു.

4. റഷ്യ‑ഉക്രെയ്ൻ യുദ്ധം തുടരുന്നു ആഗോള സുരക്ഷാ ആശങ്കകൾ, ഊർജ അസ്ഥിരത, നാറ്റോ-റഷ്യ സംഘർഷങ്ങൾ എന്നിവയ്ക്ക് കാരണമായ ഉക്രെയ‍്ന്‍ യുദ്ധത്തിന് 2025ലും അയവുണ്ടായില്ല. അമേരിക്കയുടെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ നടന്നിട്ടും, ഒരു സമഗ്ര സമാധാന കരാർ നടപ്പിലാക്കാൻ ഇതുവരെയും കഴിഞ്ഞില്ല.

5. ഇറാൻ‑ഇസ്രയേൽ സംഘർഷങ്ങൾ 2025ന്റെ ആദ്യ പകുതിയിൽ പശ്ചിമേഷ്യ മറ്റൊരു സംഘര്‍ഷത്തിലേക്ക് വഴുതിവീണു. ഇറാന്‍— ഇസ്രയേല്‍ സംഘര്‍ഷം 12 ദിവസം നീണ്ടിനിന്നു. ഇസ്രയേൽ ഒരു അപ്രതീക്ഷിത ആക്രമണത്തിൽ ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തതോടെയാണ് യുദ്ധം ആരംഭിച്ചത്. ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നീ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ജൂൺ 24ന്, യുഎസ് സമ്മർദത്തെത്തുടർന്ന് ഇസ്രയേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചു.

6. സുഡാനിലെ ആഭ്യന്തരയുദ്ധം 2025ൽ ഉടനീളം സുഡാൻ ക്രൂരമായ ആഭ്യന്തരയുദ്ധവുമായി മല്ലിടുകയായിരുന്നു. സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള സായുധ ഏറ്റുമുട്ടൽ അവസാനിക്കാതെ തുടരുന്നു. ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തു.

7. മ്യാൻമർ ആഭ്യന്തര സംഘർഷം മ്യാൻമറിലെ ആഭ്യന്തരയുദ്ധം 2025ലും ശമിച്ചില്ല, സൈനിക സർക്കാരും വിവിധ വംശീയ സായുധ ഗ്രൂപ്പുകളും അവരുടെ മാരകമായ പോരാട്ടം തുടർന്നു. വർധിച്ചുവരുന്ന ഏറ്റുമുട്ടലുകൾ കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെട്ടു, ഒന്നിലധികം പ്രദേശങ്ങളിൽ സഹായം നിർത്തലാക്കിയതിനാൽ മാനുഷിക ആവശ്യങ്ങൾ വർധിച്ചു.

8. തായ്‌ലാൻഡ്-കംബോഡിയ സംഘർഷം പുനരാരംഭിച്ചു തർക്ക അതിർത്തി മേഖലകളിൽ തായ്‌ലൻഡും കംബോഡിയയും തമ്മിൽ നടന്ന സായുധ ഏറ്റുമുട്ടലുകൾ ഒരു ദശാബ്ദത്തിനിടെ ഇരു രാജ്യങ്ങൾക്കുമിടയിലെ ഏറ്റവും അക്രമാസക്തമായ സംഭവമായി മാറി. കൊളോണിയൽ കാലഘട്ടത്തിലെ അതിർത്തി നിർണയത്തിൽ നിന്ന് ഉടലെടുത്ത ചരിത്രപരമായ പ്രദേശിക തർക്കങ്ങൾ മൂലമുണ്ടായ സംഘർഷം നിരവധി മരണങ്ങൾക്കും സാധാരണക്കാരുടെ വൻതോതിലുള്ള കുടിയിറക്കത്തിനും കാരണമായി. ജൂലൈ 28ന് ഒരു വെടിനിർത്തൽ കരാറിൽ എത്തിയെങ്കിലും അത് തകര്‍ന്നു.

9. ഖത്തറിലെ ഇസ്രയേല്‍ ആക്രമണം ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി. ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന പ്രധാന രാജ്യമായിരുന്നു ഖത്തര്‍. ഗാസയ്ക്ക് പുറത്തുള്ള തങ്ങളുടെ ആസ്ഥാനമായി ഹമാസ് നേതാക്കള്‍ ഖത്തര്‍ തലസ്ഥാനം ഉപയോഗിച്ചുവരുന്നുവെന്നാണ് ആരോപിച്ചായിരുന്നു ഇസ്രയേലിന്റെ നടപടി. ഹമാസ് മുതിർന്ന ഉദ്യോഗസ്ഥൻ ഖലീൽ അൽ-ഹയ്യയുടെ മകനും സഹായി ജിഹാദ് ലബാദും ഉൾപ്പെടെ അഞ്ച് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

10. കോംഗോയിലും ആഭ്യന്തരയുദ്ധം വടക്കൻ കിവു പ്രവിശ്യയുടെ തന്ത്രപ്രധാനമായ തലസ്ഥാനമായ ഗോമ പിടിച്ചെടുക്കാൻ വിമത സംഘം എം23 ആക്രമണം ആരംഭിച്ചതിനുശേഷം ആഫ്രിക്കയിലെ ഏറ്റവും അസ്ഥിരമായ സംഘർഷ കേന്ദ്രങ്ങളിലൊന്നായി കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ മാറി. യുഎസ് മധ്യസ്ഥത വഹിച്ച ഒരു സമാധാന കരാർ ഒപ്പുവച്ചെങ്കിലും പക്ഷേ പല പ്രദേശങ്ങളിലും പോരാട്ടം തുടരുകയാണ്.

 

ഭരണകൂടങ്ങള്‍ക്കെതിരെ ചോദ്യമുന്നയിച്ച് യുവത

ആഫ്രിക്ക മുതൽ യൂറോപ്പ് വരെയും തെക്കുകിഴക്കൻ ഏഷ്യ മുതൽ ലാറ്റിൻ അമേരിക്ക വരെയും ഭരണകൂടങ്ങള്‍ക്കെതിരെ ജനരോക്ഷം ആളിക്കത്തിയ വര്‍ഷമായിരുന്നു 2025. അഴിമതി, വർധിച്ചുവരുന്ന സാമ്പത്തിക സമ്മർദം, സർക്കാരുകൾ ജനാധിപത്യപരമല്ലാതാകുന്നു എന്നീ കാരണങ്ങളാണ് ഭൂരിഭാഗം പ്രതിഷേധങ്ങള്‍ക്കും അടിസ്ഥാനം. ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രക്ഷോഭങ്ങളിലൊന്നായിരുന്നു നേപ്പാളിലെ ജെന്‍ സി പ്രതിഷേധം. സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരായ രോക്ഷം രാഷ്ട്രീയ വ്യവസ്ഥയ്ക്ക് നേരെയുള്ള പ്രതിഷേധമായി മാറി. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ ആരംഭിച്ച പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധമായി വളര്‍ന്നു. ഒടുവിൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ രാജിയിലേക്ക് നയിച്ചു. 12 വയസുള്ള കുട്ടിയും നിരവധി വിദ്യാർത്ഥികളും ഉൾപ്പെടെ 60ലധികം പേരുടെ മരണത്തിനും പ്രതിഷേധം കാരണമായി. ബജറ്റ് വെട്ടിക്കുറയ്ക്കലുകളിൽ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ തൊഴിലാളികളും വിദ്യാര്‍ത്ഥികളും പണിമുടക്കി. പൊതു സേവനങ്ങൾക്കായി കൂടുതൽ ചെലവിടൽ, സമ്പന്നർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തൽ, പെൻഷൻ ലഭിക്കുന്നതിന് ആളുകളെ കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കുന്ന പദ്ധതിയുടെ പിന്‍വലിക്കല്‍ എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. രാഷ്ട്രീയ, അഴിമതി വിവാദങ്ങളിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് സ്പെയിനിൽ, പതിനായിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. സാഞ്ചസിന്റെ ഭാര്യക്കെതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്ന പൊലീസ് യൂണിറ്റിനെതിരെ സോഷ്യലിസ്റ്റ് പാർട്ടിയിലെ ഒരു അംഗം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന ഓഡിയോ റെക്കോഡിങ്ങുകള്‍ ചോർന്നതിനെ തുടർന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്.

ഇന്തോനേഷ്യയിലും മൊറോക്കോയിലും അഴിമതിക്കെതിരെയും ബജറ്റ് വെട്ടിക്കുറയ്ക്കലുകള്‍ക്കെതിരെയും തെരുവിലിറിങ്ങി. നേതാക്കളുടെ അധികാര കാലാവധി നീട്ടാനുള്ള നീക്കങ്ങൾക്കെതിരെ മാലി, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ടോഗോ എന്നിവിടങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. യുഎസിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വേച്ഛാധിപത്യ നടപടികളെ ലക്ഷ്യമിട്ടാണ് പ്രക്ഷോഭങ്ങള്‍ നടന്നത്. ബെൽജിയം, അർജന്റീന, റൊമാനിയ എന്നിവിടങ്ങളില്‍ ചെലവുചുരുക്കൽ നടപടികൾ പ്രതിഷേധങ്ങൾക്ക് കാരണമായി. ഗ്രീസ്, ചിലി, അംഗോള, ഇക്വഡോർ എന്നിവിടങ്ങളിൽ ഉയർന്ന വിലകൾ ആളുകളെ പ്രതിഷേധ പ്രകടനങ്ങളിലേക്ക് നയിച്ചു. സ്പെയിനിൽ, കുതിച്ചുയരുന്ന വാടകയും താങ്ങാനാവുന്ന വിലയിലുള്ള വീടുകളുടെ അഭാവവും വൻതോതിലുള്ള തെരുവ് പ്രതിഷേധങ്ങൾക്ക് കാരണമായി. ഈ പ്രതിഷേധങ്ങളിലെയെല്ലാം പൊതുസ്വഭാവം, അവയിൽ ഭൂരിഭാഗവും നയിച്ചത് യുവാക്കളാണെന്നതാണ്. പ്രത്യേകിച്ച് ജെന്‍ സി സമൂഹത്തില്‍ നിന്നുള്ളവര്‍. തങ്ങളുടെ ശബ്ദം സര്‍ക്കാരുകള്‍ അവഗണിക്കുന്നുവെന്ന ബോധ്യമാകുമ്പോള്‍ ലോകമെമ്പാടുമുള്ള ആളുകൾ തെരുവിലിറങ്ങാൻ തയ്യാറായിരുന്നു എന്നതാണ് 2025 നല്‍കിയ വ്യക്തമായ സന്ദേശം.

 

അവസാനമില്ലാതെ ഗാസയിലെ ദുരിതം

പലസ്തീനികളെ സംബന്ധിച്ചിടത്തോളം, 2025 ഉം വ്യത്യസ്തമായിരുന്നില്ല. ഗാസ മുനമ്പിൽ ഇസ്രയേൽ വംശഹത്യ കൂടുതൽ ശക്തമാക്കിയ വർഷമാണ് കടന്നുപോകുന്നത്. ഒക്ടോബറിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘സമാധാന പദ്ധതി‘യുടെ അടിസ്ഥാനത്തിൽ മേഖലയിൽ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇസ്രയേല്‍ അത് പലതവണ ലംഘിക്കുകയും നൂറുകണക്കിന് സാധാരണക്കാരെ കൊല്ലുകയും ചെയ്തു. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തെ അടിസ്ഥാനമാക്കിയുള്ള യുഎന്‍ കണക്കുകള്‍ പ്രകാരം 2023 ഒക്ടോബർ ഏഴിനും 2025 ഡിസംബർ 10 നും ഇടയിൽ ഗാസ മുനമ്പിൽ 70,369 പലസ്തീനികൾ കൊല്ലപ്പെടുകയും 170,999 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഏകദേശം 20,000 പേർ കുട്ടികളാണ്. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകരിച്ച വർഷം കൂടിയായിരുന്നു 2025. 2025 ഒക്ടോബർ 10ന്, യുദ്ധത്തിന്റെ രണ്ടാം വാർഷികത്തിന് മൂന്ന് ദിവസത്തിന് ശേഷം, ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. യുദ്ധം ഉടനടി അവസാനിപ്പിക്കുക, ഗാസയിലേക്ക് സൗജന്യ സഹായം തടസമില്ലാതെ അനുവദിക്കുക, ഹമാസ് ബന്ദികളാക്കിയവരെയും പലസ്തീൻ തടവുകാരെ ഇസ്രയേലും ഹമാസും തമ്മിൽ കൈമാറുകയും ചെയ്യുന്നതുൾപ്പെടെ 20 ഇന വെടിനിർത്തൽ പദ്ധതി സെപ്റ്റംബർ 29ന് അമേരിക്ക അവതരിപ്പിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും, യുദ്ധത്തിൽ തകർന്ന ഗാസയിൽ ഇസ്രയേൽ സൈന്യം സിവിലിയന്മാരെ കൊല്ലുന്നത് തുടരുന്നു. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, നവംബർ 30 വരെ ഗാസയിൽ കുറഞ്ഞത് 352 പേർ കൊല്ലപ്പെട്ടു. വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിൽ ഇസ്രയേലും ഹമാസും ഔദ്യോഗികമായി ഒപ്പുവയ്ക്കുമോ എന്നതാണ് നിലവിലെ ചോദ്യം.

ദുരന്തങ്ങള്‍

കാലിഫോർണിയയിലെ കാട്ടുതീ

2025 ജനുവരി ആദ്യം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് മേഖലയിലുടനീളം വിനാശകരമായ കാട്ടുതീ പടർന്നു. പാലിസേഡ്സ് , ഈറ്റൺ, ഹർസ്റ്റ് എന്നീ തീപിടുത്തങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കാട്ടുതീയിൽ 31നും 440നും ഇടയിൽ ആളുകൾ കൊല്ലപ്പെട്ടു.

മെലിസ ചുഴലിക്കാറ്റ്

ഒക്ടോബർ അവസാനത്തിൽ കരീബിയൻ ദ്വീപുകളിൽ മെലിസ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു, ജമൈക്കയെ കാറ്റഗറി 5 കൊടുങ്കാറ്റ് സാരമായി ബാധിച്ചു . ഹെയ്തി, ഡൊമിനിക്കൻ റിപ്പബ്ലിക്, ക്യൂബ, ബഹാമാസ്, ബെർമുഡ എന്നിവിടങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചു.

മ്യാൻമർ ഭൂകമ്പം

മാർച്ച് 28ന്, മധ്യ മ്യാൻമറിൽ മണ്ടാലെയ്ക്ക് സമീപം 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായി. 3,600ലധികം ആളുകൾ കൊല്ലപ്പെടുകയും 5,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കൽമേഗി ചുഴലിക്കാറ്റ്

പസഫിക്കിൽ, നവംബർ നാലിന് ഫിലിപ്പീൻസിന്റെ ചില ഭാഗങ്ങളിലും നവംബർ ആറിന് വിയറ്റ്നാമിലും ടൈഫൂൺ കൽമേഗി ആഞ്ഞടിച്ചു.

ദിത്‌വാ ചുഴലിക്കാറ്റ്

ഡിസംബറിൽ ശ്രീലങ്കയിൽ ആഞ്ഞടിച്ച ദിത്‌വാ ചുഴലിക്കാറ്റിൽ മരണസംഖ്യ 465 ആയി ഉയർന്നു, 366 പേരെ കാണാതായി.

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം

ഓഗസ്റ്റ് 25ന് കുനാർ, നൻഗർഹാർ, ലാഗ്മാൻ എന്നീ മൂന്ന് പ്രവിശ്യകളിലെ 15 ജില്ലകളിൽ ഭൂകമ്പം ഉണ്ടായി. 1,992 പേർ മരിച്ചു.

ഇന്തോനേഷ്യ കൊടുങ്കാറ്റ്

ഡിസംബർ രണ്ടിലെ കണക്കനുസരിച്ച്, ഏറ്റവും പുതിയ കൊടുങ്കാറ്റിൽ ഇന്തോനേഷ്യയിൽ മരിച്ചവരുടെ എണ്ണം 631 ആയി. സെൻയാർ ചുഴലിക്കാറ്റിൽ നിന്നുള്ള വെള്ളപ്പൊക്കം ഏകദേശം 1.5 ദശലക്ഷം ആളുകളെ ബാധിച്ചുവെന്നും 570,000 പേരെ മാറ്റിപ്പാർപ്പിച്ചുവെന്നും 400ലധികം പേരെ കാണാതായെന്നുമാണ് റിപ്പോര്‍ട്ട്.

ഹോങ്കോങ്ങിലെ കെട്ടിട സമുച്ചയ തീപിടുത്തം 

2025 നവംബർ 26ന്, ഹോങ്കോങ്ങിലെ തായ് പോയിലുള്ള വാങ് ഫുക് കോർട്ട് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഒരു വലിയ തീപിടുത്തം ഉണ്ടായി. ഒരു അഗ്നിശമന സേനാംഗം ഉൾപ്പെടെ 61 പേർ തീപിടുത്തത്തിൽ മരിച്ചു. 79 പേർക്ക് പരിക്കേറ്റു.

നൊബേല്‍ സമ്മാനം

1. വൈദ്യശാസ്ത്രം മേരി ബ്രങ്കോ, ഷിമോൺ സകാഗുചി, ഫ്രെഡ് റാംസ്‌ഡെൽ

2. ഭൗതികശാസ്ത്രം ജോൺ ക്ലാർക്ക്, മിഷേൽ ഡെവോറേ, ജോൺ മാർട്ടിനീസ്

3. സാഹിത്യം ലാസ്‌ലോ ക്രാസ്നഹോർക

4. രസതന്ത്രം സുസുമു കിറ്റഗാവ, റിച്ചഡ് റോബ്സൻ, ഒമർ യാഗി

5. സമാധാനം മരിയ കൊരീന മച്ചാഡോ

6. സാമ്പത്തികശാസ്ത്രം ജോയൽ മോകിർ, ഫിലിപ് ആഗിയൻ, പീറ്റർ ഹോവിറ്റ്

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.