സമുദ്രോപരിതല ഊഷ്മാവിന്റെ വര്‍ധനയും സമുദ്രത്തിലെ രാസ മലിനീകരണവും ക്രമാതീതമായി ഉയരുന്നതായും ലോകത്തിന്റെ നിലനില്പിനെ ബാധിക്കുമെന്നും പഠനം. 2021 ൽ സമുദ്രങ്ങൾ ഏറ്റവും ചൂടുള്ളതും ഏറ്റവും അമ്ലത കലര്‍ന്ന നിലയിലും ഉള്ളതായി മാറിയെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യുഎംഒ) ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രകൃതിക്കും സമൂഹങ്ങൾക്കും ഉപജീവനമാർഗത്തിനും അസ്തിത്വപരമായ നിരവധി ഭീഷണികൾ ഉയര്‍ത്തുന്നതായും പഠനം വിലയിരുത്തുന്നു. ഭൂമിയുടെ കാലാവസ്ഥ രൂപീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സമുദ്രങ്ങളും അന്തരീക്ഷവും ചേര്‍ന്നുള്ള പ്രവർത്തനമാണ് നടക്കുന്നത്. കരയും സമുദ്രവും ഉൾപ്പെടുന്ന ഭൂമിയുടെ ഉപരിതലം സൂര്യനിൽ നിന്നുള്ള താപം ആഗിരണം ചെയ്യുന്നു. ഉപരിതലത്തിന്റെ 70 ശതമാനവും ഉൾക്കൊള്ളുന്ന സമുദ്രങ്ങളാണ് താപനില നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ പങ്കുവഹിക്കുന്നത്. സമുദ്രജലത്തിന് അതിന്റെ താപനില ഒരു ഡിഗ്രി ഉയരുന്നതിന് മുമ്പ് വായുവിനേക്കാൾ നാലിരട്ടി സൗരവികിരണം ആഗിരണം ചെയ്യാൻ കഴിയും.
ഓക്‌സിജന്റെ 50 ശതമാനം ഉല്പാദിപ്പിക്കുന്ന സമുദ്രങ്ങൾ മനുഷ്യർ ഉല്പാദിപ്പിക്കുന്ന കാർബൺ ഡൈ ഓക്‌സൈഡിന്റെ 30 ശതമാനം ആഗിരണം ചെയ്യുന്നുമുണ്ട്. ഇത് ആഗോളതാപനത്തിന്റെ ആഘാതങ്ങളെ തടയുന്നു. എന്നാല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് വർധിക്കുന്നത് സമുദ്രത്തിലെ അമ്ലീകരണത്തിന് കാരണമാകുന്നുവെന്നും ഇത് സമുദ്ര ജീവജാലങ്ങളെയും പരിസ്ഥിതി വ്യവസ്ഥകളെയും അപകടത്തിലാക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കാർബൺഡൈഓക്സൈഡും സമുദ്രജലവും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ ഹാനികരമായ കാർബോണിക് ആസിഡാണ് നിര്‍മ്മിക്കപ്പെടുക. കഴിഞ്ഞ 300 ദശലക്ഷം വർഷങ്ങളായി സമുദ്രജലത്തിന്റെ പിഎച്ച് മൂല്യം 8.2 ആണ്. നിലവില്‍ സമുദ്രത്തിലെ ശരാശരി പിഎച്ച് മൂല്യം ഏകദേശം 8.1 ആണെന്ന് പഠനം വിലയിരുത്തുന്നു. 14 പോയിന്റ് പിഎച്ച് സ്കെയിലില്‍ യൂണിറ്റിന്റെ ഓരോ കുറവും അമ്ലതയില്‍ പത്തിരട്ടി വർധനവാണ് അടയാളപ്പെടുത്തുന്നത്. വ്യവസായവിപ്ലവത്തിന് മുമ്പുള്ള സമയത്തേക്കാൾ ശരാശരി 25 ശതമാനം കൂടുതല്‍ അമ്ലത്വം സമുദ്രജലത്തിലുണ്ടായി എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഭൂമിയിലെ ജന്തു സസ്യജാലങ്ങളുടെ 80വും സമുദ്രങ്ങളിലാണ്. ജീവി വര്‍ഗങ്ങളുടെ മൂന്നിലൊന്നും മത്സ്യങ്ങളാണ്. ആഗോള താപനിലയിൽ 1.5 ഡിഗ്രി സെൽഷ്യസ് വർധനവ് ഉണ്ടായാൽ പവിഴപ്പുറ്റുകളുടെ 70–90 ശതമാനവും അപ്രത്യക്ഷമാകും. രണ്ട് ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ചൂടാകുന്ന സാഹചര്യത്തിൽ നഷ്ടം 99 ശതമാനം വരെയായിരിക്കുമെന്നും കണക്കുകൂട്ടുന്നുണ്ട്. സമുദ്രത്തിലെ ചൂട് കൂടുന്നത് ഉൾനാടൻ ഹിമാനികള്‍ ഉരുകുന്നതിനും സമുദ്രനിരപ്പ് ഉയരുന്നതിനും കാരണമാകുന്നു. ഇത് തീരദേശ മണ്ണൊലിപ്പ്, വെള്ളപ്പൊക്കം, ആവാസവ്യവസ്ഥയുടെ നഷ്ടം, ശുദ്ധജല സ്രോതസ്സുകളിലെ ഉപ്പുവെള്ള മലിനീകരണം എന്നിവയ്ക്ക് കാരണമാകുകയും തീരദേശ മനുഷ്യവാസ കേന്ദ്രങ്ങളെ ബാധിക്കുകയും ചെയ്യുന്നു. 1955 മുതൽ സമുദ്രങ്ങളുടെ മുകളിലെ 700 മീറ്ററിൽ ചൂട് കൂടിവരുന്നതായി ഗവേഷകര്‍ പറയുന്നു. ചൂട് കൂടിയ സമുദ്രോപരിതല താപനില കൊടുങ്കാറ്റുകൾക്ക് ഊർജ്ജം നൽകുകയും അതുവഴി തീവ്ര കാലാവസ്ഥാ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുമുണ്ട്.
English Summary:The sea warms up again
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.