19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 10, 2024
December 9, 2024
November 19, 2024
November 19, 2024
November 17, 2024
November 9, 2024
October 30, 2024
October 22, 2024
October 18, 2024

സാമ്പത്തിക കടന്നുകയറ്റം; കേന്ദ്രത്തിനെതിരെ കേരളം നയിക്കുന്നത് ചരിത്രപരമായ നിയമപോരാട്ടം: മുഖ്യമന്ത്രി

Janayugom Webdesk
കുറവിലങ്ങാട്
December 14, 2023 11:13 pm

സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശുപാർശ ചെയ്യണമെന്ന ആവശ്യത്തിന്മേൽ ഗവർണർ വിശദീകരണം തേടിയ സംഭവം, വസ്തുതകൾ മറച്ചുവച്ചുള്ള നടപടിയെന്ന് മുഖ്യമന്ത്രി. കോട്ടയം ജില്ലയിലെ നവകേരള സദസിന്റെ സമാപന ദിവസമായ ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രത്തിന്റെ വിവേചനപരമായ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ നിയമപോരാട്ടം രാജ്യത്തിന്റെ ഫെഡറൽ സംവിധാനം നിലനിർത്താനുള്ള ചരിത്രപരമായ ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ ജിഎ‌സ‌്ടി സംവിധാനം അനുസരിച്ച് വകുപ്പിനെ അടിമുടി പുനഃസംഘടിപ്പിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇതിന്റെ ഫലമായി 2020–21 മുതൽ സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടായി. എന്നാൽ ജിഎ‌സ‌്ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യു കമ്മി ഗ്രാന്റിൽ വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുക തന്നെ ചെയ്തു. നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ നാം ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി എടുക്കുന്ന വായ്പയെ നിയന്ത്രിക്കാനെന്ന പേരിൽ കേന്ദ്രം കൈക്കൊള്ളുന്ന ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ സംസ്ഥാനത്തെ ഗുരുതരമായ വൈഷമ്യത്തിൽ എത്തിച്ചിരിക്കുന്നു.

വിവേചനപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി പല തവണ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തി. എന്നാൽ സംസ്ഥാനത്തിന്റെ അതിജീവനം അസാധ്യമാക്കുന്ന തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ് കേന്ദ്രം ചെയ്തത്. വസ്തുതകൾ ഇതായിരിക്കെയാണ് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശുപാർശ ചെയ്യണമെന്ന ആവശ്യത്തിന്മേൽ ഗവർണർ സംസ്ഥാനത്തോട് വിശദീകരണം തേടിയിരിക്കുന്നത്.

ക്ഷേമ പ്രവർത്തനങ്ങളെ താളം തെറ്റിക്കാനുള്ള ശ്രമങ്ങളിൽ നിരന്തരം ഏർപ്പെടുന്ന കേന്ദ്രത്തോടാണ് യഥാർത്ഥത്തിൽ ഗവർണർ വിശദീകരണം തേടേണ്ടത്. ഇക്കാര്യത്തിൽ അതിശക്തമായ നിയമപോരാട്ടത്തിന് തന്നെയാണ് സർക്കാർ തുടക്കം കുറിക്കുന്നത്. ഇതിൽ ഒരുമിച്ച് നിൽക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: cm pinarayi vijayan against cen­tral government
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.