ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ‍്യോഗസ്ഥർക്ക് 1,11,11,111 രൂപ പ്രതിഫലം നൽകുമെന്ന് ക്ഷത്രിയ കർണി സേന ദേശീയ അധ്യക്ഷൻ രാജ് ഷെഖാവത്ത്. ക്ഷത്രിയ കർണി സേനാ തലവൻ സുഖ്ദേവ് സിങ് ഗോഗമേദിയുടെ കൊലയാളിയാണ് ലോറൻസ് ബിഷ്ണോയി എന്നും രാജ് ഷെഖാവത് ആരോപിച്ചു. 2023 ഡിസംബർ 5 ന് ജയ്പൂരിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റാണ് സുഖ്‌ദേവ് സിങ് ഗോഗമേദി കൊല്ലപ്പെട്ടത്. പിന്നീട് ലോറൻസ് ബിഷ്‌ണോയി സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ഇതോടെ ക്ഷത്രിയ കർണി സേനയുടെ പ്രഖ്യാപിത ശത്രുവാണ് ലോറന്‍സ് ബിഷ്ണോയി.
അടുത്തിടെ എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തോടെയാണ് ലോറന്‍സ് ബിഷ്ണോയി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ‍്യോഗസ്ഥർക്ക് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തങ്ങൾ നൽകുന്ന സമ്മാനത്തുക വിനിയോഗിക്കാമെന്ന് ഷെഖാവത്ത് പറഞ്ഞു. ബിഷ്ണോയിയും സംഘവും ഉയർത്തുന്ന വെല്ലുവിളിയെ തടയാൻ കഴിയാത്തതിൽ കേന്ദ്ര സർക്കാരിനെയും ഗുജറാത്ത് സർക്കാരിനെയും ഷെഖാവത് രൂക്ഷമായി വിമർശിച്ചു.
മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ലോറൻസ് ബിഷ്‌ണോയി ഗുജറാത്തിലെ സബർമതി ജയിലിലാണ് ഇപ്പോൾ. ഏപ്രിലിൽ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് പുറത്ത് വെടിവയ്പ്പ് നടത്തിയ കേസിലും ഇയാളുടെ പേര് ഉയർന്നുവന്നിരുന്നു. അതിനിടെ ലോറന്‍സ് ബിഷ്‌ണോയിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിച്ച് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഉത്തര്‍ ഭാരതീയ വികാസ് സേനയും രംഗത്തെത്തി. ഭഗത് സിങിനോടുപമിച്ച് കൊണ്ടാണ് പാര്‍ട്ടി അധ്യക്ഷന്‍ സുനില്‍ ശുക്ല ജയിലില്‍ കഴിയുന്ന ബിഷ്‌ണോയിക്ക് ഔദ്യോഗികമായി കത്തെഴുതിയത്. ബിഷ്‌ണോയിയുടെ രാഷ്ട്രീയ പ്രവേശനം മാറ്റം സൃഷ്ടിക്കുമെന്നും തെരഞ്ഞെടുപ്പിൽ ബിഷ്‌ണോയിയുടെ വിജയം ഉറപ്പാക്കാൻ പാർട്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും ശുക്ല കത്തില്‍ ഉറപ്പുനൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.