
2025ൽ ഇതുവരെ പുറത്തേക്കൊഴുകിയ വിദേശനിക്ഷേപം 1,12,601 കോടി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയ യുഎസിന്റെ നടപടിയെ തുടര്‍ന്ന് ആഗോള വ്യാപാര രംഗത്തുണ്ടായ ആശങ്കയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്പനയ്‌ക്ക് ശക്തി കൂട്ടിയത്. യുഎസ് ഡോളർ ശക്തിപ്പെടുന്നതും ഇന്ത്യയുടെ സാമ്പത്തിക വീക്ഷണത്തെക്കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരുടെ വികാരത്തെ സാരമായി ബാധിച്ചു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെ വില്പനയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2.81 ലക്ഷം കോടി രൂപയുടെ വില്പനയാണ് നടത്തിയെന്നാണ് കണക്ക്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ എറ്റവും വലിയ രണ്ടാമത്തെ വില്പനയാണ് ഇത്. 2021 ഒക്‌ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയതാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ വില്പന. 3,03,134 കോടി രൂപയുടെ വില്പനയാണ് അവ നടത്തിയത്. ഇക്കാലയളവില്‍ നിഫ്‌റ്റി 10.60 ശതമാനം ഇടിഞ്ഞു.
2024 ഒക്‌ടോബര്‍ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള അഞ്ച് മാസ കാലയളവില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2,81,448 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇക്കാലയളവില്‍ നിഫ്‌റ്റി 15.01 ശതമാനം ഇടിഞ്ഞു. കോവിഡ് മഹാമാരി ആശങ്ക പരത്തിയ 2020ല്‍ പോലും ഇത്രത്തോളം ശക്തമായ വില്പന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നില്ല. 2020 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മൂന്ന് മാസ കാലയളവില്‍ 72,177 കോടി രൂപയുടെ വില്പനയാണ് അവ നടത്തിയത്. ഇക്കാലയളവില്‍ നിഫ്‌റ്റി 14.92 ശതമാനം ഇടിഞ്ഞു. 2022 ഡിസംബര്‍ മുതല്‍ 2023 ഫെബ്രുവരി വരെ 41,972.46 കോടി രൂപയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
ഇക്കാലയളവില്‍ നിഫ്‌റ്റി എട്ട് ശതമാനം ഇടിവിന് വിധേയമായി. കനത്ത വില്പന മൂലം ഈ വര്‍ഷം ഇതുവരെ സെന്‍സെക്‌സ് ആറ് ശതമാനവും ഇടിഞ്ഞിട്ടുണ്ട്.
ഒക്‌ടോബർ മുതല്‍ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിനിടെ ഇന്ത്യൻ വ്യവസായ മേഖലയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 5.6 ശതമാനം ഇടിഞ്ഞ് 1090 കോടി ഡോളറായി. മുൻവർഷം ഇതേകാലയളവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 1155 കോടി ഡോളറായിരുന്നു. ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള രണ്ടാം ത്രൈമാസക്കാലയളവില്‍ വിദേശ നിക്ഷേപം 43 ശതമാനം വര്‍ധനയോടെ 1361 കോടി ഡോളറായിരുന്നു. ഏപ്രില്‍ മുതല്‍ ഡിസംബർ വരെയുള്ള ഒമ്പത് മാസത്തില്‍ വിദേശ നിക്ഷേപം 27 ശതമാനം ഉയർന്ന് 4,067 കോടി ഡോളറായെന്നും കേന്ദ്ര സർക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.