
ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് 10 കോടി രൂപ അനുവദിച്ച് ഭരണാനുമതി. ഇനി സോയിൽ ടെസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് മിനി സിവിൽ സ്റ്റേഷന്റെ പ്ലാനും ഡിസൈനും,എസ്റ്റിമേറ്റും അന്തിമമാക്കുകയും, തുടർന്ന് സാങ്കേതിക അനുമതിയും ലഭ്യമാക്കി ടെൻഡർ പുറപ്പെടുവിച്ചാൽ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് സജ്ജമാകും. പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഈ നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് നിർമാണം ആരംഭിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. 2022–23ലെ സംസ്ഥാന ബജറ്റിൽ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷനുവേണ്ടി 10 കോടി രൂപ വകയിരുത്തിയിരുന്നു എങ്കിലും മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതിരുന്നത് മൂലം തുടർനടപടികൾ തടസപ്പെട്ടിരുന്നു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനോടനുബന്ധിച്ചുള്ള മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് നിന്നും മിനി സിവിൽ സ്റ്റേഷന് ആവശ്യമായി വരുന്ന സ്ഥലം ലഭ്യമാക്കണമെന്ന് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎൽഎ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്ഥലം വിട്ടു തരുന്നതിന് ആഭ്യന്തരവകുപ്പ് തയ്യാറായില്ലെന്ന് മാത്രമല്ല എതിർപ്പ് ഉയർത്തുകയുമായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് 50 സെന്റ് സ്ഥലം മിനി സിവിൽ സ്റ്റേഷന് വിട്ടു നൽകാൻ ഗവൺമെന്റ് തീരുമാനിക്കുകയായിരുന്നു.
സ്ഥല ലഭ്യത ഉറപ്പായതിനുശേഷം മാത്രമാണ് ബജറ്റിൽ വകയിരുത്തിയ തുക ഉപയോഗിച്ച് മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനുള്ള ഔപചാരിക നടപടിക്രമങ്ങളിലേക്ക് കടക്കാൻ കഴിഞ്ഞത്. ഇപ്പോൾ ഭരണാനുമതി ലഭ്യമായതോടെ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന്റെ എല്ലാ തടസ്സങ്ങളും പരിഹരിക്കപ്പെട്ട് സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കോട്ടയം ജില്ലയിൽ പൂഞ്ഞാർ മാത്രമായിരുന്നു മിനി സിവിൽ സ്റ്റേഷൻ ഇല്ലാതിരുന്ന ഏക നിയോജക മണ്ഡലം. ഭാവിയിൽ പൂഞ്ഞാർ താലൂക്കായി ഉയർത്തുന്നതിന് പരിശ്രമിക്കുമെന്നും ആ ഘട്ടത്തിൽ മിനി സിവിൽ സ്റ്റേഷൻ അനിവാര്യമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.