
ഹരിയാനയിലെ ഫരീദാബാദിൽ സ്ഥിതി ചെയ്യുന്ന അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്തിരുന്ന 10 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. മൂന്ന് കശ്മീരികൾ ഉൾപ്പെടെയുള്ള ഈ 10 പേരെ കാണാതായെന്ന വിവരം ബുധനാഴ്ച ഉച്ചയോടെയാണ് ഇന്റലിജൻസ് വൃത്തങ്ങൾ പുറത്തുവിട്ടത്. ജമ്മു കശ്മീർ, ഹരിയാന പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന കേന്ദ്രമായി ഈ സർവകലാശാല മാറിയോ എന്ന് അന്വേഷണ സംഘം സംശയിക്കുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. കാണാതായവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
നവംബർ 10‑ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഹ്യുണ്ടായ് ഐ 20 കാറിൽ അമോണിയം നൈട്രേറ്റ് ഫ്യുവൽ ഓയിൽ നിറച്ച് നടത്തിയ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരായ ‘ടെറർ ഡോക്ടർ’ സംഘത്തിന്റെ ഭാഗമായവരാകാം ഇപ്പോൾ കാണാതായവരെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ്, കൂടുതൽ ചാവേർ (ഫിദായീൻ) ആക്രമണങ്ങൾക്കായി ‘സംഭാവന’ ആവശ്യപ്പെട്ടതായി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. ഇതിനായി 20,000 പാകിസ്താനി രൂപ വീതമാണ് ഇവർ സംഭാവനയായി ആവശ്യപ്പെട്ടത്. ചെങ്കോട്ട സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ലഭിച്ച സൂചനകൾ പ്രകാരം, ജെയ്ഷ് നേതാക്കൾ ‘സദാപേ’ എന്ന പാക് ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ മാർഗങ്ങളിലൂടെ പണം സമാഹരിക്കാൻ ആഹ്വാനം ചെയ്തിരുന്നതായും, വനിതകളെ ഉപയോഗിച്ച് ആക്രമണത്തിന് പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്.
ജെയ്ഷെ ഇതിനകം ജമാഅത്ത് ഉൽ മുഅ്മിനാത്ത് എന്ന പേരിൽ ഒരു ‘വനിതാ വിഭാഗം’ രൂപീകരിച്ചിട്ടുണ്ട്. ഭീകര നേതാവ് മസൂദ് അസ്ഹറിന്റെ സഹോദരി സാദിയയ്ക്കായിരുന്നു ഇതിന്റെ നേതൃത്വ ചുമതല. ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതികളിലൊരാളായ ഡോ. ഷഹീൻ സയീദ് ഈ യൂണിറ്റിലെ അംഗമാണെന്നാണ് റിപ്പോർട്ട്. ‘മാഡം സർജൻ’ എന്ന രഹസ്യനാമത്തിൽ അറിയപ്പെട്ടിരുന്ന ഇവർ, ആക്രമണത്തിന് പണം നൽകിയതായും അന്വേഷണ സംഘം സംശയിക്കുന്നു. ചെങ്കോട്ടയിലെ സ്ഫോടനത്തിൽ 15 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ജെയ്ഷെ മുഹമ്മദാണ് ഈ സംഘത്തെ നിയന്ത്രിക്കുന്നതെന്ന് കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഐ 20 കാർ ഓടിച്ചിരുന്ന ഡോ. ഉമർ മുഹമ്മദ് സ്ഫോടനത്തിൽ കൊല്ലപ്പെടുകയും, അൽ ഫലാഹ് മെഡിക്കൽ കോളേജിലെ മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ മറ്റ് ഒമ്പത് പേർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച, ഭീകരവാദത്തിന് പണം നൽകിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സർവകലാശാലയുടെ സ്ഥാപകനായ ജവാദ് അഹമ്മദ് സിദ്ദിഖിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയിലെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.