12 December 2025, Friday

Related news

December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 6, 2025
December 3, 2025
December 2, 2025
December 2, 2025
December 2, 2025
December 2, 2025

എംജി സര്‍വകലാശാല ഉള്‍പ്പെട്ട ഗവേഷണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ 100 കോടിയുടെ ഗ്രാന്റ്

Janayugom Webdesk
കോട്ടയം
April 18, 2025 10:26 am

മഹാത്മാ ഗാന്ധി സര്‍വകലാശാല ഉള്‍പ്പെട്ട ബയോമെഡിക്കല്‍ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ നൂറു കോടി രൂപയുടെ ഗ്രാന്‍റ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവുറ്റ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി വിഭാവനം ചെയ്ത പദ്ധതിയില്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് ഗ്രാന്‍റ് അനുവദിച്ചത്. പ്രമേഹം, ഫാറ്റി ലിവര്‍ എന്നിവ ബാധിക്കാനുള്ള സാധ്യത നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ മുന്‍കൂട്ടി കണ്ടെത്തി ജീവിത ശൈലി ക്രമീകരിക്കാന്‍ സഹായിക്കുന്ന ഗവേഷണ പദ്ധതിയാണ് എം.ജി സര്‍വകലാശാല സമര്‍പ്പിച്ചിരുന്നത്. പാര്‍ട്ട്നര്‍ഷിപ്പ് ഫോര്‍ അക്സിലറേറ്റഡ് ഇന്നവേഷന്‍ ആന്‍റ് റിസര്‍ച്ച്(പെയര്‍) പരിപാടിയില്‍ ഹബ് ആന്‍റ് സ്പോക്ക് സംവിധാനത്തില്‍ ഒന്നിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേര്‍ന്ന ഗ്രൂപ്പുകളെയാണ് ഗ്രാന്റിനായി പരിഗണിച്ചത്. ദേശീയതലത്തില്‍ 32 ഹബ്ബുകളുടെ നേതൃത്വത്തില്‍ സമര്‍പ്പിക്കപ്പെട്ട പദ്ധതി നിര്‍ദേശങ്ങളില്‍ ഏഴെണ്ണത്തിനാണ് അംഗീകാരം ലഭിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക്(എന്‍.ഐ.ആര്‍.എഫ്) റാങ്കിംഗില്‍ 30നു മുകളിലുള്ള സ്ഥാപനങ്ങളെയാണ് ഹബ്ബായി പരിഗണിക്കുക. ഹൈദരാബാദ് സര്‍വകലാശാല ഹബ്ബ് ആയ ഗ്രൂപ്പില്‍ എം.ജി സര്‍വകലാശാലയ്ക്കു പുറമെ മറ്റ് അഞ്ച് സ്പോക്ക് സര്‍വകലാശാലകള്‍കൂടിയുണ്ട്. അനുവദിക്കുന്ന ഗ്രാന്റില്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് 30 കോടി രൂപ ലഭിക്കും. ബാക്കി 70 കോടി രൂപ മറ്റ് ആറു സര്‍വകലാശാലകള്‍ക്കായി നല്‍കും. 13 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിരുന്ന എം.ജി സര്‍വകലാശാലയ്ക്ക് പത്തു കോടിയിലേറെ രൂപയാണ് ലഭിക്കുക. ബയോ മെഡിക്കല്‍ മേഖലയിലെ ഗവേഷണവുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഈ ഗ്രൂപ്പിലെ മറ്റു സര്‍വകലാശാലകളും സമര്‍പ്പിച്ചിരുന്നത്.

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ നിര്‍ദിഷ്ട ഗവേഷണ പദ്ധതി നിര്‍ദേശം ‘പെയര്‍’ പദ്ധതിയുടെ ലക്ഷ്യങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വിലയിരുത്തി. സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളുടെ പങ്കാളിത്തത്തോടെയാകും ഗവേഷണം നടത്തുകയെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. സ്കൂള്‍ ഓഫ് ബയോ സയന്‍സസ്, സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ്, സ്കൂള്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സ്, സ്കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് റോബോട്ടിക്സ്, ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സ്കൂള്‍ ഓഫ് ബയോസയന്‍സസിലെ ഡോ. ഇ.കെ. രാധാകൃഷ്ണനാണ് പ്രൊജക്ട് ഇന്‍വെസ്റ്റിഗേറ്റര്‍. വൈസ് ചാന്‍ലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, പ്രഫ. പി.ആര്‍. ബിജു, പ്രഫ. കെ. ജയചന്ദ്രന്‍, പ്രഫ. വി.ആര്‍. ബിന്ദു, ഡോ. കെ. മോഹന്‍കുമാര്‍, ഡോ. എ്സ്. അനസ്, ഡോ. എം.എസ്. ശ്രീകല, ഡോ മഹേഷ് മോഹന്‍ എന്നിവരും ഗവേഷണ സംഘത്തില്‍ ഉള്‍പ്പെടുന്നു. സര്‍വകലാശാലയുടെ സാങ്കേതിക മികവും സംയുക്ത ഗവേഷണങ്ങള്‍ക്ക് ഉതകുന്ന അന്തരീക്ഷവും സമൂഹത്തിന് ഗുണകരമാകുന്ന പഠനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതും ഗ്രാന്റ് ലഭിക്കുന്നതിന് സഹായകമായി. ഈ നേട്ടം സര്‍വകലാശാലയുടെ ഗവേഷണ രംഗത്തെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരും-വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.