സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുന്നതിലൂടെ വരുന്ന മൂന്നര വർഷത്തിനുള്ളിൽ 100 വ്യവസായ പാർക്കുകളെന്ന ലക്ഷ്യം സംസ്ഥാനം കൈവരിക്കുമെന്ന് വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ്. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയുടെ ഭാഗമായി ഡെവലപ്പർ പെർമിറ്റ് വിതരണം തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ നാല് സ്ഥാപനങ്ങൾക്കാണ് ലൈസൻസ് നൽകിയത്.
നിലവിൽ സമർപ്പിക്കപ്പെട്ട 24 അപേക്ഷകരിൽ നിന്ന് 11 എണ്ണം സംസ്ഥാനതല കമ്മിറ്റിക്ക് മുന്നിൽ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സ്വകാര്യ എസ്റ്റേറ്റുകൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം നേരിടാതിരിക്കുന്നതിന് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും ലൈസൻസ് ഡൗൺലോഡ് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. പതിനഞ്ച് ഏക്കറിനു മുകളിലാണ് നിർദ്ദിഷ്ട ഭൂമിയെങ്കിൽ ഭൂപരിഷ്‌ക്കരണ നിയമത്തിനനുസൃതമായ ഇളവുകൾ ലഭിക്കേണ്ടതുണ്ട്. ഇതിനായി റവന്യൂ വകുപ്പ് മന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രിയുടെ അല്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ കമ്മിറ്റി പരിശോധിച്ച് ശേഷം ക്യാബിനറ്റിന്റെ അംഗീകാരത്തിന് സമർപ്പിക്കും. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയിലൂടെ വ്യവസായത്തിന് അനുയോജ്യമായ പത്ത് ഏക്കറോ അതിലധികമോ വരുന്ന ഭൂമിയുള്ള ചെറുകിട സംരംഭകരുടെ കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ, കൂട്ടുടമ സംരംഭകർ, കമ്പനികൾ മുതലായവർക്ക് അപേക്ഷകരാകാൻ കഴിയുന്നതാണ്. കുറഞ്ഞത് അഞ്ച് ഏക്കർ വ്യവസായ ഭൂമിയുള്ളവർക്ക് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ സ്ഥാപിക്കാൻ കഴിയുന്നതാണ്. ഏക്കർ ഒന്നിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെയുള്ള ധനസഹായമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ഡ്രയിനേജ്, മറ്റ് പൊതുസൗകര്യങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിന്റെ ചെലവ് കണക്കാക്കിയാണ് ധനസഹായം നൽകുന്നത്.
ഡെവലപ്പർ പെർമിറ്റ് ലഭിക്കുന്നവർക്ക് സർക്കാർ ധനസഹായത്തോടെ പാർക്കുകൾ നിർമിച്ച് ആവശ്യക്കാരായ സംരംഭകർക്ക് സ്ഥലം അനുവദിക്കുവാൻ സാധിക്കുന്നതാണ്. അപ്രകാരം സ്വകാര്യ വ്യവസായ എസ്റ്റേറ്റിൽ സ്ഥലം ലഭ്യമായ നിക്ഷേപകർക്ക് സങ്കീർണ്ണതകൾ ഇല്ലാതെ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാധിക്കുന്നു. സമാന സ്വഭാവമുള്ള വ്യവസായങ്ങൾക്ക് ക്ലസ്റ്ററുകൾ രൂപീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സംരഭകർക്ക് സഹായങ്ങൾക്ക് 1153 ഇന്റേണുകളുടെ സേവനം നിലവിൽ ലഭ്യമാണ്. സംരഭകരുടെ പരാതി പരിഹാരത്തിന് ടോൾ ഫ്രീ നമ്പറുകളും , സഹായങ്ങൾക്ക് വിദഗ്ദ്ധ പാനലിന്റെ സഹായവും ലഭ്യമാകും. സംസ്ഥാനത്ത് കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിനും കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ ഇതുവഴി ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.
English Summary: 100 industrial parks in state in three and a half years: Minister P Rajeev
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.