29 September 2024, Sunday
KSFE Galaxy Chits Banner 2

100 കോടി ക്ലബ്ബിലേക്ക് 1000 സംരംഭങ്ങള്‍

Janayugom Webdesk
കൊച്ചി
April 8, 2023 11:10 pm

സംസ്ഥാനത്തെ എംഎസ്എംഇകളിൽ 1000 സംരംഭങ്ങൾ തെരഞ്ഞെടുത്ത് നൂറ് കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് നാളെ തുടക്കമാകും. ഒരു വർഷത്തിനുള്ളിൽ 1.39 ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് പുതിയ ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതിയുടെ തുടർച്ചയാണ് ‘മിഷൻ 1000’പദ്ധതി. 500 സംരംഭകർ പങ്കെടുത്ത് എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ ചേരുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും. 

വീണ്ടും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭക വർഷം 2.0 ഉൾപ്പെടെ നാല് പദ്ധതികൾക്കാണ് നാളെ തുടക്കമാകുന്നത്. സംസ്ഥാനത്തെ എംഎസ്എംഇ മേഖലയിൽ പുതിയ റെക്കോഡുകൾ സൃഷ്ടിച്ച സംരംഭക വർഷത്തിന്റെ തുടർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കാണ് വ്യവസായ വകുപ്പ് രൂപം നൽകിയിരിക്കുന്നത്. തെരഞ്ഞെടുത്ത 1000 എംഎസ്എംഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി നാല് വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ടുവരാനുള്ള പദ്ധതിയാണ് ‘എംഎസ്എംഇ സ്കെയിൽ അപ്പ് മിഷൻ‑മിഷൻ 1000’. 

നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകളുള്ള എംഎസ്എംഇകളെ സുതാര്യമായ സംവിധാനത്തിലൂടെ സ്കെയിൽ അപ്പ് സ്കീമിനായി തെരഞ്ഞെടുക്കും. ഈ യൂണിറ്റുകൾക്ക് സർക്കാർ പിന്തുണ നൽകും. മൂലധന നിക്ഷേപ സബ്സിഡി, പ്രവർത്തന മൂലധന വായ്പയുടെ പലിശ സബ്സിഡി, ടെക്നോളജി നവീകരണത്തിന് സഹായം, ഗുണനിലവാര സർട്ടിഫിക്കേഷനുകൾ നേടുന്നതിനുള്ള സഹായം തുടങ്ങിയവ ഉറപ്പു വരുത്തും. വ്യവസായവകുപ്പിന്റെ എല്ലാ പദ്ധതികളിലും ഈ യൂണിറ്റുകൾക്ക് മുൻഗണനയും നൽകും.
ധനമന്ത്രി കെ എൻ ബാലഗോപാലാണ് മിഷൻ 1000 ഉദ്ഘാടനം നിർവഹിക്കുക. 2023–24 സാമ്പത്തിക വർഷത്തിലും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്ന പദ്ധതിയാണ് ‘സംരംഭക വർഷം 2.0 ബോട്ടം-അപ്പ് പ്ലാനിങ്ങിലൂടെയായിരിക്കും ഇത്തവണ ജില്ല തിരിച്ച് സംരംഭങ്ങളുടെ എണ്ണം നിശ്ചയിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെ പൊതുബോധവൽക്കരണവും തുടർന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വായ്പാ-ലൈസൻസ്-സബ്സിഡി മേളകളും സംഘടിപ്പിക്കും. മെന്ററിങ്ങ് സിസ്റ്റത്തിൽ എല്ലാ എംഎസ്എംഇകളെയും രജിസ്റ്റർ ചെയ്ത് ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കും. നെറ്റ്‌വർക്കിങ് പോർട്ടലും പുതിയ പദ്ധതിയുടെ ഭാഗമായി ആരംഭിക്കും.
കഴിഞ്ഞ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 1,39,840 സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പ് വരുത്തുന്നതിനായി ആരംഭിക്കുന്ന പദ്ധതിയാണ് എംഎസ്എംഇ സുസ്ഥിരതാ പദ്ധതി. 

Eng­lish Sum­ma­ry: 1000 ven­tures to the 100 crore club

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.