സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ 2024–25 സാമ്പത്തിക വര്‍ഷം 1056.94 കോടി രൂപയുടെ വിറ്റുവരവ് നേടി. സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിറ്റുവരവാണിത്. ഈ സർക്കാർ ചുമതലയേറ്റ 2021–22 സാമ്പത്തിക വർഷം 52,171 കോടി രൂപയായിരുന്ന വിറ്റുവരവ്.
2023–24 സാമ്പത്തിക വർഷത്തിൽ നേടിയ 643 കോടിയുടെ വിറ്റുവരവ് റെക്കോഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. കൃത്യസമയത്തുള്ള ബിസിനസ് ചുവട് മാറ്റവും പ്ലാൻ ഫണ്ടുകളിലൂടെയും ബജറ്റിലൂടെയും സംസ്ഥാന സർക്കാർ നൽകിയ സാമ്പത്തിക പിന്തുണയുമാണ് ചരിത്രനേട്ടത്തിന് വഴിയൊരുക്കിയതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പല പദ്ധതികളിലും ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ എന്ന നിലയിൽ കെൽട്രോണിനെ അംഗീകരിച്ചതും, കമ്പനിയുടെ തിരിച്ചുവരവിനായി ജീവനക്കാർ നടത്തിയ കൂട്ടായ പരിശ്രമവും നേട്ടം രചിക്കാൻ സഹായിച്ചതായും മന്ത്രി പറഞ്ഞു.
ഡിഫൻസ് ഇലക്ട്രോണിക്സ് മേഖലയിലേക്കുള്ള ഉല്പന്നങ്ങൾ നിർമ്മിച്ചു നൽകുന്നതിനുള്ള പദ്ധതി, ഐടി അനുബന്ധ ബിസിനസ് സേവന മേഖലകളിലെ പ്രവർത്തനങ്ങൾ, സ്മാർട്ട് ക്ലാസ് റൂം സ്ഥാപിക്കുന്ന മേഖലകളിലെ പ്രവർത്തനങ്ങൾ, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെൻഷൻ, ട്രാഫിക് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ, ന്യൂക്ലിയർ പവർ പ്ലാന്റുകൾക്ക് വേണ്ടിയുള്ള പവർ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സ്മാർട്ട് സിറ്റി പദ്ധതികൾ, സെക്യൂരിറ്റി സർവൈലൻസ് പദ്ധതികൾ, മെഡിക്കൽ ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾ, ഹൈ മീഡിയം മാസ്റ്റ് ലൈറ്റ് പദ്ധതികൾ, ഐഎസ്ആർഒയ്ക്ക് വേണ്ടിയുള്ള ഇലക്ട്രോണിക്സ് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ വിറ്റുവരവ് വർധനയിൽ പ്രതിഫലിച്ചു.
സബ്സിഡിയറി കമ്പനികളായ കണ്ണൂരിലെ കെസിസിഎൽ (104.85 കോടി), മലപ്പുറത്തെ കെഇ സിഎൽ (38.07 കോടി) എന്നിവ ഉൾപ്പെടെ കെൽട്രോൺ ഗ്രൂപ്പ് കമ്പനികൾ 1199.86 കോടി രൂപയുടെ വിറ്റുവരവും മെച്ചപ്പെട്ട പ്രവർത്തന ലാഭവും ഇക്കാലയളവിൽ കൈവരിച്ചു. മുൻ സാമ്പത്തികവർഷത്തെ വിറ്റുവരവിൽ നിന്നും 50 ശതമാനം വർധനവാണ് കെൽട്രോൺ ഗ്രൂപ്പ് ഇക്കൊല്ലം നേടിയത്. വ്യവസായ വകുപ്പിന് കെൽട്രോൺ സമർപ്പിച്ച മാസ്റ്റർ പ്ലാൻ പ്രകാരം 2026ൽ 1000 കോടിയുടെ വിറ്റുവരവും 2030ഓടെ 2000 കോടി രൂപയുടെ വിറ്റുവരവുമുള്ള സ്ഥാപനമായി കെൽട്രോണിനെ വളർത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. 2025–26 സാമ്പത്തിക വർഷത്തിലും 1000 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവ് നേടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. നിലവിൽ 1400 കോടി രൂപയുടെ ഓർഡർ ബുക്കിങ് കെൽട്രോണിനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.