
കൊച്ചി കപ്പൽശാല നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 107.5 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിലെ 189 കോടി രൂപയേക്കാൾ 43% കുറവാണിത്. പ്രവർത്തന വരുമാനം 1,143.19 കോടി രൂപയിൽനിന്ന് 2.2% കുറഞ്ഞ് 1,118.58 കോടി രൂപയുമായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി.
കഴിഞ്ഞപാദത്തിൽ ചെലവുകൾ 980 കോടി രൂപയിൽനിന്ന് 1,095.97 കോടി രൂപയായി വർധിച്ചത് കമ്പനിയുടെ ലാഭത്തെ ബാധിച്ചു. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം 197 കോടി രൂപയിൽനിന്ന് 74 കോടി രൂപയിലേക്കാണ് കുറഞ്ഞത്. ഇടിവ് 63%. ലാഭ മാർജിൻ, പ്രവർത്തന മാർജിൻ എന്നിവയിലും കുറവുണ്ട്.
അതേസമയം, നടപ്പുവർഷത്തെ ഇടക്കാല ലാഭവിഹിതമായി കമ്പനി ഓഹരിക്ക് 4 രൂപവീതം പ്രഖ്യാപിച്ചു. നവംബർ 18 ആണ് ഇതിന്റെ റെക്കോർഡ് തീയതി. അതായത്, നവംബർ 18നകം കൊച്ചിൻ കപ്പൽശാലയുടെ ഓഹരികൾ കൈവശം വച്ചിരിക്കുന്നവരാണ് ലാഭവിഹിതത്തിന് അർഹർ. ഡിസംബർ 11നകം ലാഭവിഹിതം വിതരണം ചെയ്യും.
47,165 കോടി രൂപ വിപണിമൂല്യമുള്ള കൊച്ചി കപ്പൽശാല കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമാണ്. ഏകദേശം 20, 000 കോടി രൂപയുടെ ഓർഡർ നിലവിൽ കമ്പനിയുടെ കൈവശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.