22 November 2024, Friday
KSFE Galaxy Chits Banner 2

Related news

June 15, 2024
June 14, 2024
June 14, 2024
June 13, 2024
May 7, 2024
June 11, 2023
June 11, 2023
June 23, 2022
June 18, 2022
June 18, 2022

ലോകകേരള സഭ അംഗീകരിച്ചത് 11 പ്രമേയങ്ങൾ

Janayugom Webdesk
June 18, 2022 10:18 pm

മൂന്നാമത് ലോകകേരള സഭാ സമ്മേളനം അംഗീകരിച്ചത് 11 പ്രമേയങ്ങൾ. പ്രവാസികളുടെ വിവര ശേഖരണം കാര്യക്ഷമമാക്കണമെന്നായിരുന്നു ഒരു പ്രമേയം. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡാറ്റാ ബാങ്ക് വിപുലീകരിക്കുന്നതിന്റെ നടപടികൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ സംരക്ഷണം, സ്ത്രീകളുടെ കുടിയേറ്റ നിയമങ്ങളുടെ സുതാര്യത, പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കൽ, ലോകത്തെയും മനുഷ്യരെയും കൂട്ടിയിണക്കുന്നതിനുള്ള യജ്ഞത്തിന് രാജ്യം നേതൃത്വം നൽകേണ്ടതിന്റെ അനിവാര്യത, പുതിയ പ്രവാസി നയം തുടങ്ങിയ വിഷയങ്ങളും പ്രമേയത്തിലൂടെ അവതരിപ്പിച്ചു.

കോവിഡിനു മുമ്പും ശേഷവും വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളുടെ കൃത്യമായ കണക്കുകളുടെ അഭാവം ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചു. വിദേശരാജ്യങ്ങളിലുളള പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും വിദ്യാർത്ഥികളുടെയും കൃത്യമായ കണക്കെടുത്ത് അവരുടെ ഭാവി സുരക്ഷിതമാക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടു വരണം.

തൊഴിലാളികൾക്കും അവരുടെ മനുഷ്യാവകാശ സംരക്ഷണത്തിനുമായി ഐക്യരാഷ്ട്ര സഭ രൂപീകരിച്ച കൗൺസിലിൽ ഇന്ത്യ അംഗമാകണം. പ്രവാസി തൊഴിലാളികളുടെ കാര്യങ്ങളിൽ നയതന്ത്രപരമായ ഇടപെടൽ നടത്താൻ ഇതുവഴി ഇന്ത്യക്കു കഴിയും. അതിന് കേന്ദ്രസർക്കാർ തയാറാകണം. എംബസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും പ്രവാസികൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്ത്രീ തൊഴിലാളികളുടെ കുടിയേറ്റത്തിന് നിലവിലെ നിയമങ്ങൾ പരിഷ്‌കരിക്കണം.

തൊഴിൽ കുടിയേറ്റം നിയമപരവും വിവേചനരഹിതവും സുതാര്യവുമാക്കണം. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും സഭയിൽ വച്ച പ്രമേയത്തിൽ ആവശ്യമുയർന്നു. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും സഭയിൽ അവതരിപ്പിച്ചു.

പ്രവാസി നിക്ഷേപ സാധ്യതകൾ പരിശോധിക്കുകയും വിദേശ രാജ്യങ്ങളിലെ അധിക പഠനച്ചെലവ് കണക്കിലെടുത്ത് പ്രവാസികളുടെ മക്കൾക്ക് കേരളത്തിൽ പഠിക്കാനാവശ്യമായ സാഹചര്യം ഒരുക്കണമെന്നും അതിനായി നോൺ റസിഡന്റ് കേരള യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ലോക കേരള സഭയിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങൾക്ക് നിയമസാധുത നൽകണമെന്നും രണ്ടാം ലോകകേരള സഭ സമ്മേളനത്തിലെ ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് അംഗീകാരം നേടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

Eng­lish summary;11 res­o­lu­tions passed by the Loka Ker­ala Sabha

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.