29 June 2024, Saturday
KSFE Galaxy Chits

അവയവ റാക്കറ്റ് കൈക്കലാക്കിയത് 12 കോടി

Janayugom Webdesk
കൊച്ചി
June 25, 2024 10:12 pm

മലയാളികൾ ഉൾപ്പെട്ട അന്താരാഷ്ട്ര അവയവ വ്യാപാര റാക്കറ്റിന്റെ ഗുണഭോക്താക്കളെല്ലാം ഇന്ത്യക്കാരാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇറാൻ ആശുപത്രികളിൽ നടത്തിയ ശസ്ത്രക്രിയയിൽ വൃക്ക മാറ്റിവെച്ചത് എല്ലാം ഇന്ത്യാക്കാരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 20 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് അവയവറാക്കറ്റിന്റെ നേതൃത്വത്തിൽ നടത്തിയത്. വൃക്ക സ്വീകരിച്ചതെല്ലാം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, ഡൽഹി സ്വദേശികളായ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയവങ്ങൾ പണത്തിനായി വിൽക്കാൻ ദാതാക്കളെ വശീകരിക്കുന്നതിൽ സ്വീകർത്താക്കൾക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്. സ്വീകർത്താക്ക­ൾ­ക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണെന്നും പൊലീസ് സൂചിപ്പിച്ചു. 

രണ്ട് ഇറാനിയൻ ആശുപത്രികളുടെയും ഇന്ത്യ ആസ്ഥാനമായുള്ള ഇടനിലക്കാരുടെയും സഹായത്തോടെയാണ് റാക്കറ്റ് പ്രവർത്തിക്കുന്നത്. ചിലർ അവരുടെ വൃക്കകളിലൊന്ന് വിൽക്കുകയും ദാതാക്കളെ കണ്ടെത്തുന്നതിനായി ഏജന്റുമാരായിമാറുകയും ചെയ്തു. ആദ്യം വാഗ്ദാനം ചെയ്ത മുഴുവൻ തുകയും നൽകാതെ ചിലരെ ഏജന്റുമാർ വഞ്ചിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അവയവക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരാണ് അറസ്റ്റിലായിട്ടുള്ളത്. എല്ലാ സ്വീകർത്താക്കളിൽ നിന്നുമായി ആകെ 12 കോടി രൂപയോളം അവയവറാക്കറ്റ് കൈപ്പറ്റി. ഒരു കോടി രൂപ മാത്രമാണ് അവയവ ദാതാക്കൾക്ക് നൽകിയത്. ആറ് ലക്ഷം രൂപ വീതം നൽകിയ ശേഷം ബാക്കി തുക റാക്കറ്റിലെ അംഗങ്ങൾ പങ്കിട്ടെടുക്കുകയായിരുന്നു. പണം കൈപ്പറ്റി അവയവക്കടത്തിലെ മുഖ്യ ആസൂത്രകൻ മധു ഇപ്പോഴും ഇറാനിൽ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇടനിലക്കാരനായ സാബിത്ത് നസീറിനെ പൊലീസ് പിടികൂടിയതോടെയാണ് അവയവ റാക്കറ്റുമായുള്ള കേരളത്തിന്റെ ബന്ധം വെളിപ്പെട്ടത്. അവയവദാനം ഇറാനിൽ നിയമവിധേയമാണ്. ഇതു മുതലാക്കിയാണ് ഇന്ത്യൻ അവയവക്കടത്തു സംഘം ശസ്ത്രക്രിയകൾ ഇറാൻ കേന്ദ്രീകരിച്ച് നടത്തിയത്.

Eng­lish Sum­ma­ry: 12 crores was seized in the organ racket

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.