സമീപകാലത്ത് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ വിമാനങ്ങളിലെ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശവും വര്‍ധിച്ചു വരുന്ന ഭീഷണികളുടേയും പശ്ചാത്തലത്തിലാണ് നടപടി. ഭീകരവിരുദ്ധ, തട്ടിക്കൊണ്ടുപോകല്‍ ചെറുക്കാന്‍ വൈഗ്ധ്യമുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഒരു യൂണിറ്റിനെയാകും സ്കോ മാര്‍ഷലുകളായി അന്താരാഷ്ട്ര റൂട്ടുകളിലും, സുരക്ഷാ ഭീഷണിയുള്ള സെന്‍സിറ്റീവായ ആഭ്യന്തര റൂട്ടുകളിലും വിന്യസിക്കുക. യാത്രാ വിമാനങ്ങളില്‍, സാധാരണ വേഷം ധരിച്ച, തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് സ്‌കൈ മാര്‍ഷലുകള്‍.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത അന്താരാഷ്ട്ര റൂട്ടുകളില്‍ സ്കൈ മാര്‍ഷലുകളുടെ പുതിയ ബാച്ചിനെ വിന്യസിക്കും. വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി പലവട്ടം നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. 1999‑ല്‍ എയര്‍ ഇന്ത്യവിമാനം കാണ്ഡഹാറില്‍ ഹൈജാക്ക് ചെയ്തതിന് ശേഷമാണ്, ഭാവിയില്‍ ഹൈജാക്ക് തടയുക ലക്ഷ്യമിട്ട് ഇന്ത്യയില്‍ സ്‌കൈ മാര്‍ഷലുകളെ വിന്യസിക്കാന്‍ തുടങ്ങിയത്.
ബംഗളൂരുവിലേക്ക് പോകുന്ന ആകാശ എയര്‍ വിമാനത്തിനും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനുമാണ് ഇന്നലെ ബോംബ് ഭീഷണി ലഭിച്ചത്. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ബോംബ് ഭീഷണി ലഭിക്കുന്ന വിമാനങ്ങളുടെ എണ്ണം 12 ആയി. ആകാശ എയറിന്റെ ക്യുപി 1335 വിമാനത്തില്‍ ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടെ 177 പേരാണ് ഉണ്ടായിരുന്നത്. ഭീഷണിയെത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. ഇന്‍ഡിഗോയുടെ മുംബൈ-ഡല്‍ഹി വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചു. ഇതേത്തുടര്‍ന്ന് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ഇതിന് മുന്നോടിയായി സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡിജിസിഎ ഉദ്യോഗസ്ഥരുമായും വിഷയം ചർച്ച ചെയ്തിരുന്നു. ഭീഷണി സന്ദേശം അയച്ച ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡാർക്ക് വെബും നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.