
സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞതോടെ ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഔദ്യോഗിക തലത്തിലെ ഒരുക്കങ്ങളും ഊർജ്ജിതമായി. ജില്ലയിൽ ആകെ 3021 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 2179 പോളിംഗ് സ്റ്റേഷനുകൾ ഗ്രാമപഞ്ചായത്തുകളിലും 489 എണ്ണം മുനിസിപ്പാലിറ്റികളിലും 354 എണ്ണം കോർപ്പറേഷനിലുമാണ്. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി 4650 കൺട്രോൾ യൂണിറ്റുകളും 11660 ബാലറ്റ് യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. 82 ഗ്രാമപഞ്ചായത്തുകൾ, 13 മുനിസിപ്പാലിറ്റികൾ, 14 ബ്ലോക്ക് പഞ്ചായത്തുകൾ, ഒരു ജില്ലാ പഞ്ചായത്ത്, ഒരു കോർപ്പറേഷൻ എന്നിവ ഉൾപ്പെടെ ആകെ 111 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണുള്ളതെന്നും മൊത്തം 12000 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെടുമെന്നും ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു പറഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥർക്കായുള്ള പരിശീലനം ആരംഭിച്ചു. ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം പൊതു നിരീക്ഷകൻ ഷാജി വി നായരുടെ സാന്നിധ്യത്തിൽ ഒരുക്കങ്ങൾ അവലോകനം ചെയ്തു.
പെരുമാറ്റചട്ട ലംഘന നിരീക്ഷണത്തിന്റെ ഭാഗമായി അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്ന നടപടികൾ ഊർജിതമായി നടന്നുവരുകയാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ് ശ്യാമലക്ഷ്മി അറിയിച്ചു.
വോട്ടിംഗ് യന്ത്രങ്ങൾ സ്റ്റോർ റൂമിൽ നിന്ന് പോളിംഗ് കേന്ദ്രങ്ങളിലെത്തുന്നതുവരെയുള്ള നടപടികൾക്ക് കർശനമായ പൊലീസ് സുരക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയും റൂറൽ എസ്പി എം ഹേമലതയും അറിയിച്ചു. പ്രശ്നസാധ്യതാ ബൂത്തുകളിൽ പ്രത്യേക സുരക്ഷ ഉറപ്പാക്കും. തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കുന്നത് ഉറപ്പു വരുത്താൻ ജില്ലയിൽ ഒരാഴ്ചത്തെ ബോധവത്കരണ പരിപാടികൾ ആരംഭിച്ചതായും കർശന പരിശോധനയ്ക്ക് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കൂടിയായ എൽ എസ് ജിഡി അസി. ഡയറക്ടർ ഡോ. ശീതൾ ജി. മോഹൻ പറഞ്ഞു. പി ആർ ഡിയുടെ ലിസ്റ്റിലുള്ള മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ കവർ ചെയ്യുന്നതിന് ഇലക്ഷൻ കമ്മിഷന്റെ പാസ് നൽകുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു അറിയിച്ചു. ജനാധിപത്യ പ്രക്രിയയിൽ പരമാവധി ആളുകളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുക എന്ന വോട്ടർ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പു വിഭാഗവുമായി ചേർന്ന് പിആർഡി ഒരുക്കുന്ന വോട്ട് വണ്ടി അടുത്ത ആഴ്ച ജില്ലയിൽ പര്യടനം നടത്തും. യോഗത്തിൽ മറ്റ് പൊലീസ് പ്രതിനിധികൾ, ചെലവു നിരീക്ഷകർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.