
2028ലെ ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ആരവമുയരുമെന്ന് ഉറപ്പായി. 128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നത്. 1900ത്തിലാണ് ആദ്യമായി ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത്. അതിനു ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലുണ്ടായിരുന്നില്ല. പുരുഷ, വനിതാ വിഭാഗങ്ങളായി ആറ് ടീമുകളാണ് ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സില്‍ മാറ്റുരയ്ക്കുക. 90 താരങ്ങള്‍ ഇരു വിഭാഗങ്ങളിലും കളത്തിലെത്തും. ടി-20 ഫോര്‍മാറ്റിലായിരിക്കും മത്സരം. കഴിഞ്ഞദിവസം ചേർന്ന 2028ലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐഒസി) എക്സിക്യൂട്ടീവ് ബോർഡ് തീരുമാനം അംഗീകരിച്ചു.
യോഗ്യതാ മാനദണ്ഡങ്ങള്‍ എങ്ങനെയായിരിക്കും എന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആതിഥേയരായ അമേരിക്കയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കും. ബാക്കി അഞ്ച് ടീമുകളെ ഒളിമ്പിക്സ് കമ്മിറ്റി നിഷ്കർഷിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) കീഴിൽ 12 പൂർണ അംഗരാജ്യങ്ങളുണ്ട്, അതേസമയം 90 ലധികം രാജ്യങ്ങൾ അസോസിയേറ്റ് അംഗങ്ങളായി ടി20 ക്രിക്കറ്റ് കളിക്കുന്നു. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി ക്രിക്കറ്റടക്കം അഞ്ച് പുതിയ കായിക മത്സരങ്ങള്‍ക്ക് മത്സരാനുമതി നല്‍കിയിട്ടുണ്ട്. ബേസ് ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ് (സിക്സെസ് ഫോർമാറ്റ്), സ്ക്വാഷ് എന്നിവയാണ് മറ്റ് നാല് കായിക ഇനങ്ങൾ. ഈ നാല് കായിക ഇനങ്ങളെ ഉൾപ്പെടുത്തുന്നതിന് ഐഒസി രണ്ട് വർഷം മുമ്പ് പ്രാഥമിക അംഗീകാരം നൽകിയിരുന്നു.
2028ലെ ഒളിമ്പിക്സില്‍ 351 മെഡല്‍ പോരാട്ടങ്ങളുണ്ട്. പാരിസ് ഒളിമ്പിക്സിനെ അപേക്ഷിച്ച് 22 മെഡല്‍ പോരാട്ടങ്ങള്‍ കൂടും. 10,500 താരങ്ങളാണ് ഒളിമ്പിക്സില്‍ മാറ്റുരയ്ക്കുക. 2028ല്‍ 698 താരങ്ങള്‍ കൂടുതല്‍ ഉണ്ടാകും. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു. പിന്നാലെ 2023ലെ ഏഷ്യന്‍ ഗെയിംസിലും ക്രിക്കറ്റ് ഉള്‍പ്പെടുത്തി. 14 പുരുഷ ടീമുകളും ഒമ്പത് വനിതാ ടീമുകളുമാണ് ഏഷ്യന്‍ ഗെയിംസില്‍ കളിച്ചത്. ഇരു വിഭാഗങ്ങളിലും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി. ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയായി ലോസ് ആഞ്ചല്‍സ് ഒളിമ്പിക്സില്‍ കോമ്പൗണ്ട് ആർച്ചറിയും മത്സര ഇനത്തിൽ ഉള്‍പ്പെടുത്തി. പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, പുരുഷ ടീം, വനിതാ ടീം, മിക്‌സഡ് ടീം എന്നീ നിലവിലുള്ള അഞ്ച് റിക്കർവ് ഇനങ്ങൾക്ക് പുറമേ, ഇനി ഒളിമ്പിക്സ് ഗെയിംസിൽ ഒരു കോമ്പൗണ്ട് മിക്‌സഡ് ടീം മെഡൽ ഇനവും ഉണ്ടായിരിക്കും. ഇന്ത്യ ഇതുവരെ ഒളിമ്പിക് അമ്പെയ്ത്തിൽ മെഡൽ നേടിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.