
ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിൽ 13 വയസ്സുകാരനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മോചനദ്രവ്യം ലഭിക്കാത്തതിനെത്തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് സ്ഥിതീകരിച്ചു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ പൊലീസ് ഏറ്റുമുട്ടലിൽ പ്രതികളിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബർഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് വസ്ത്ര വ്യാപാരിയായ അശോക് കേസരിവാണിയുടെ മകൻ ആയുഷിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. രാത്രി 8 മണിയോടെ വാട്ട്‌സ്ആപ്പ് കോളിലൂടെ പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെട്ടു. രാത്രി 9 മണിയോടെയാണ് പൊലീസിൽ വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാവിലെ 7.30ഓടെ ബർഗഡിലെ പരാനു ബാബ വനമേഖലയിൽ വെച്ച് പ്രതികളുമായി ഏറ്റുമുട്ടലുണ്ടായി. തുടര്‍ന്ന് വെടിവെയ്പ്പിൽ ഇർഫാൻ, കല്ലു എന്നീ പ്രതികൾക്ക് പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കല്ലു മരിക്കുകയായിരുന്നു. പരിക്കേറ്റ ഇർഫാനെ പ്രയാഗ്‌രാജിലെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതിയായ ഇർഫാൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ മുറിയിലെ പെട്ടിയിൽ ഒളിപ്പിച്ച നിലയിലാണ് ആയുഷിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിൽ കഴുത്തുഞെരിച്ചതിന്റെ അടയാളങ്ങളും നെഞ്ചിൽ പരിക്കുകളും ഉണ്ടായിരുന്നു. പ്രതിയായ ഇർഫാൻ നേരത്തെ അശോക് കേസരിവാണിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നയാളാണെന്നും ഡിസംബർ 10നാണ് ഇയാളോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. പ്രയാഗ്‌രാജ് സ്വദേശികളായ ഇവർ ബർഗഡിൽ പെട്ടികൾ നിർമ്മിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.