
നൈജീരിയയിലെ നൈജർ പ്രവിശ്യയിലുള്ള ക്രിസ്ത്യൻ സ്കൂളിൽ നിന്ന് സായുധ സംഘം തട്ടിക്കൊണ്ട് പോയ 130 വിദ്യാർത്ഥികളെ കൂടി മോചിപ്പിച്ചു. ഇതോടെ, സ്കൂളിൽ നിന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട മുഴുവൻ കുട്ടികളും സുരക്ഷിതരായി തിരിച്ചെത്തിയെന്ന് നൈജീരിയൻ ഫെഡറൽ ഗവൺമെന്റ് അറിയിച്ചു. രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ തട്ടിക്കൊണ്ട് പോകലുകളിലൊന്നാണ് ശുഭകരമായി അവസാനിച്ചിരിക്കുന്നത്.
നവംബർ 21നാണ് പാപ്പിരിയിലെ സെന്റ് മേരീസ് കത്തോലിക്കാ സ്കൂളിൽ നിന്ന് സായുധ സംഘം 250-ഓളം വിദ്യാർത്ഥികളെ പിടികൂടിക്കൊണ്ടുപോയത്. ഇതിൽ 100 കുട്ടികളെ ഡിസംബർ ആദ്യവാരത്തിൽ മോചിപ്പിച്ചിരുന്നു. ബാക്കിയുള്ള 130 പേരെയാണ് ഇപ്പോൾ മോചിപ്പിച്ചത്. മോചനദ്രവ്യം നൽകിയാണോ കുട്ടികളെ വിട്ടുകിട്ടിയതെന്ന കാര്യത്തിൽ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നൈജീരിയയിൽ സമീപകാലത്തായി ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ട് പോകലുകളും വർധിച്ചുവരികയാണ്. നവംബർ 18ന് ക്വാരയിലെ പള്ളിയിൽ നിന്ന് 38 പേരെ തട്ടിക്കൊണ്ട് പോയിരുന്നു. മിക്ക സംഭവങ്ങളിലും വൻ തുക മോചനദ്രവ്യമായി ആവശ്യപ്പെടാനാണ് സായുധ സംഘങ്ങൾ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്ന് അധികൃതർ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.