5 December 2025, Friday

Related news

December 2, 2025
December 1, 2025
December 1, 2025
November 30, 2025
November 26, 2025
November 26, 2025
November 26, 2025
November 13, 2025
October 8, 2025
September 13, 2025

ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ; പ്രതിപക്ഷ എതിർപ്പ് മറികടന്ന് ജെപിസി

31 ല്‍ പ്രതിപക്ഷാംഗങ്ങള്‍ നാലുപേര്‍ മാത്രം
Janayugom Webdesk
ന്യൂഡൽഹി
November 13, 2025 9:28 pm

ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെതിരായ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ബില്‍ പരിശോധിക്കാൻ കേന്ദ്രസർക്കാർ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) രൂപീകരിച്ചു. ബിജെപി എംപി അപരാജിത സാരംഗിയുടെ നേതൃത്വത്തിൽ 31 അംഗങ്ങളാണ് സമിതിയിലുള്ളതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.

15 ബിജെപി എംപിമാർ, എൻഡിഎ സഖ്യകക്ഷികളിൽ നിന്ന് 11 അംഗങ്ങൾ, നാല് പ്രതിപക്ഷ എംപിമാർ എന്നിങ്ങനെയാണ് ജെപിസിയിലെ അംഗബലം. ഇന്ത്യാ സഖ്യത്തിൽ നിന്ന് എൻസിപി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ മാത്രമാണുള്ളത്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി, ശിരോമണി അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദൽ, വൈഎസ്ആർ കോൺഗ്രസ് അംഗം എസ് നിരഞ്ജൻ റെഡ്ഡി എന്നിവരാണ് പ്രതിപക്ഷ സഖ്യത്തിന് പുറത്തുള്ള മറ്റ് അംഗങ്ങൾ. ലോക്‌സഭയിൽ നിന്ന് 21 ഉം രാജ്യസഭയിൽ നിന്ന് 10 ഉം അംഗങ്ങളാണ് സമിതിയിലുള്ളത്.

കോൺഗ്രസും ഇടതുപാര്‍ട്ടികളും ഉൾപ്പെടെയുള്ള ഇന്ത്യാ സഖ്യ എംപിമാർ ജെപിസി ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിനെ അറിയിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, ശിവസേന (ഉദ്ധവ് വിഭാഗം) എന്നിവരും സമിതിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി മോഡിയുടെ ‘ഭരണഘടനാ വിരുദ്ധ അജണ്ടയ്ക്കുള്ള റബ്ബർ സ്റ്റാമ്പാണ്’ ഈ ഭേദഗതി ബില്ലെന്ന് കോൺഗ്രസ് എംപിയും പാർട്ടി ചീഫ് വിപ്പുമായ മാണിക്കം ടാഗോർ വിശേഷിപ്പിച്ചു. ഇതിനെ സംയുക്ത പാർലമെന്ററി സമിതി എന്ന് വിളിക്കുന്നത് പരിഹാസ്യമാണ്. സമവായമോ, പാർലമെന്ററി ധാർമ്മികതയോ ഇല്ലാതെ ജെപിസി രൂപീകരിച്ചതിനാലാണ് പ്രതിപക്ഷത്തെ 340 എംപിമാർ സമിതിയെ ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പാർലമെന്റിനെ തകർക്കുകയും ഭരണഘടന മാറ്റിയെഴുതുകയും ചെയ്യുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ (ഭേദഗതി) ബിൽ, ജമ്മുകശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ എന്നിവ കഴിഞ്ഞ ഓഗസ്റ്റ് 20നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്. ബിൽ പാസായാൽ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ 30 ദിവസം ജയിലിൽ കിടന്നാൽ അവർ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതിന് മുമ്പ് തന്നെ അവരെ നീക്കം ചെയ്യാൻ കേന്ദ്രസർക്കാരിന് അധികാരം ലഭിക്കും. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യംവെച്ചുള്ള നീക്കമാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.