സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപറേഷനുകളിൽ ഏഴ് വാർഡുകളും കൂടി. അഞ്ച് കോര്‍പറേഷനുകളിലായി നിലവിലുള്ള 414 വാര്‍ഡുകള്‍ 421 ആയി വര്‍ധിക്കും. പുതുക്കിയ കണക്കനുസരിച്ച് തിരുവനന്തപുരം കോർപറേഷനിൽ 101 വാര്‍ഡുകളുണ്ടാകും. കൊല്ലത്ത് 56, കൊച്ചിയിൽ 76, തൃശൂരിൽ 56, കോഴിക്കോട് 76, കണ്ണൂരിൽ 56 എന്നിങ്ങനെയാണ് വാര്‍ഡുകളുടെ എണ്ണമുണ്ടാവുക. 87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകളുടെ എണ്ണം 3241 ആയി വർധിക്കും.
2011ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26ഉം, കൂടിയത് 53ഉം വാർഡുകളുണ്ടാകും. കോർപറേഷനുകളിൽ അവ യഥാക്രമം 56, 101 എന്നിങ്ങനെയാണ്. സ്ത്രീകൾക്കും, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റി, കോർപറേഷനുകളിലെ ആകെ വാർഡുകളും, സ്ത്രീ, പട്ടികജാതി, പട്ടികജാതി സ്ത്രീ, പട്ടികവർഗം, പട്ടികവർഗസ്ത്രീ സംവരണവാർഡുകളുടെയും, ജനറൽവാർഡുകളുടെയും എണ്ണവും നിശ്ചയിച്ചു. മുനിസിപ്പാലിറ്റികളില്‍ ആകെയുള്ള 3241 വാര്‍ഡുകളില്‍ പകുതിയിലധികവും (1643 എണ്ണം) സ്ത്രീസംവരണമാണ്. പട്ടികജാതി-236, പട്ടികജാതിസ്ത്രീ-123, പട്ടികവര്‍ഗം-16, പട്ടികവര്‍ഗംസ്ത്രീ-ഏഴ് എന്നിങ്ങനെയാണ് മറ്റ് സംവരണ സീറ്റുകള്‍. ജനറല്‍ വാര്‍ഡുകളുടെ എണ്ണം 1476 ആണ്.
കോര്‍പറേഷനുകളില്‍ 421 വാര്‍ഡുകളിലെ 211 വാര്‍ഡുകളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളത്. തിരുവനന്തപുരം കോര്‍പറേഷനില്‍ 51, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളില്‍ 38 വീതം സീറ്റുകളും, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ 28 വീതം സീറ്റുകളുമാണ് സ്ത്രീ സംവരണം. ആകെ 26 സീറ്റുകള്‍ പട്ടികജാതി സംവരണത്തിനും, 15 സീറ്റുകള്‍ പട്ടികജാതിസ്ത്രീ സംവരണത്തിനുമായി നിശ്ചയിച്ചിരിക്കുന്നത്. 199 ജനറല്‍ വാര്‍ഡുകളാണ് അഞ്ച് കോര്‍പറേഷനുകളിലായി ആകെയുള്ളത്. ത്രിതലപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആകെ 19950 വാർഡുകളാണ് ത്രിതലപഞ്ചായത്തുകളിൽ ഉണ്ടാകുക. ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 23612 ആകും. നിലവിലിത് 21900 ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.