കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്രവളർച്ചയും കാലാവസ്ഥാ പ്രതിരോധ ശേഷി വർധനവും ലക്ഷ്യമിട്ട് കൃഷിവകുപ്പ് ലോക ബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച ബൃഹദ് പദ്ധതിയായ ‘കേര’ (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യു ചെയിന്‍) പദ്ധതിക്ക് ആദ്യ ഗഡുവായ 139.65 കോടി രൂപ ലഭിച്ചു. പദ്ധതിയുടെ ആകെ തുകയായ 2365.5 കോടിയിൽ ഈ സാമ്പത്തിക വർഷത്തേക്കുള്ള സഹായധനമാണ് അനുവദിച്ചതെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. ഈ സാമ്പത്തിക വർഷം തന്നെ ആദ്യഗഡു ലഭ്യമാക്കണമെന്ന് സർക്കാർ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. കൃഷി വകുപ്പ് സമർപ്പിച്ച 2365.5 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ഒക്ടോബർ 31 ന് അംഗീകാരം ലഭിക്കുകയും ധനസഹായം അനുവദിക്കുകയും ചെയ്തു. കേരളത്തിലെ കാർഷിക മേഖലയിൽ അടുത്ത അഞ്ച് വർഷങ്ങളിലായി ഇതു പ്രകാരമുള്ള പദ്ധതികൾ നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ കൃഷിരീതി പ്രോത്സാഹിപ്പിക്കാനും മൂല്യവർധിത കാർഷികോല്പന്നങ്ങളുടെ ഉല്പാദനവും വിപണനവും വർധിപ്പിക്കാനും കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകൾ നടത്തുന്ന ചെറുകിട ഇടത്തരം കാർഷിക സംരംഭങ്ങൾക്ക് പ്രത്യേക സഹായം വാഗ്ദാനം ചെയ്യുന്നതോടൊപ്പം ഉല്പന്നങ്ങളുടെ സംസ്കരണത്തിനും വിപണനത്തിനുമായി പ്രത്യേക പദ്ധതികളും ഉണ്ടാകും.
കാലാവസ്ഥാ പ്രതിരോധത്തിനും ലഘൂകരണത്തിനുമായുള്ള ഘടകത്തിൽ നിന്ന് കാലാവസ്ഥാ അനുസൃത കൃഷിരീതികൾ നടപ്പാക്കുകയും കാർഷിക പാരിസ്ഥിതിക യൂണിറ്റുകൾ ആസ്പദമാക്കി കർഷകർക്ക് സാങ്കേതിക വിദ്യകൾ കൈമാറുകയും ചെയ്യും. മൂല്യവർധനവിനായുള്ള ചെറുകിട സംരംഭങ്ങളുടെ വാണിജ്യവൽക്കരണത്തിനും കാപ്പി, റബ്ബർ, ഏലം, വാനില തുടങ്ങിയ വിളകളുടെ പുനരുജ്ജീവനത്തിനും പദ്ധതി തുക പ്രയോജനപ്പെടുത്തുവാൻ ലക്ഷ്യമിടുന്നു. ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും അഗ്രിബിസിനസുകൾക്കും സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
കാർഷിക സംരംഭകത്വ വികസനത്തിനും അഗ്രി-ഫുഡ് എസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സഹായം ലഭിക്കും. ഫുഡ് പാർക്കുകൾക്കുള്ള സഹായവും പദ്ധതിയുടെ ഭാഗമാണ്. അടിയന്തര പ്രതിരോധ ഘടകമായി കാലാവസ്ഥാ മാറ്റങ്ങളാൽ നേരിടുന്ന പ്രതിസന്ധികൾക്കുള്ള ഉടനടി പ്രതികരണത്തിനായി പ്രത്യേക ഫണ്ടും മാറ്റിവച്ചിട്ടുണ്ട്. ഏകദേശം നാല് ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷം കർഷകർക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൃഷിക്കൂട്ടം, ഫാർമർ പ്രൊഡ്യൂസർ സംഘടനകൾ എന്നിവയുടെ പ്രോത്സാഹനവും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. കാർഷിക ഉല്പാദനക്ഷമതയും കർഷക വരുമാനവും വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.