
രാജസ്ഥാനിലെ പൊതുമേഖലാ വൈദ്യുതി കമ്പനിയിൽ നിന്ന് അഡാനി ഗ്രൂപ്പിന്റെ കൽക്കരി കമ്പനി 1,400 കോടി രൂപ അനധികൃതമായി ഈടാക്കിയെന്ന് കോടതി. സംഭവത്തിൽ 50 ലക്ഷം രൂപ പിഴ ചുമത്തിയ ജയ‌്പൂര്‍ ജില്ലാ കോടതി, കൽക്കരി ഇടപാടുകൾ വിശദമായി പരിശോധിക്കാൻ കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലിനോട് (സിഎജി) ആവശ്യപ്പെടാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി. എന്നാൽ, ഉത്തരവിനെതിരെ അഡാനി ഗ്രൂപ്പ് നൽകിയ അപ്പീൽ പരിഗണിച്ച് വിധി നടപ്പാക്കുന്നത് രാജസ്ഥാൻ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
വൈദ്യുതി ഉല്പാദനത്തിനായി ഛത്തീസ്ഗഢിലെ ഖനിയിൽ നിന്ന് രാജസ്ഥാനിലെ പ്ലാന്റിലേക്ക് കൽക്കരി എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം. ഇരു കക്ഷികളും തമ്മിലുള്ള കരാർ പ്രകാരം, കൽക്കരി ഖനിയിൽ നിന്ന് റെയിൽവേ വാഗണുകൾ വഴി പ്ലാന്റിലെത്തിക്കാനായിരുന്നു നിർദേശം. ഇതിനാവശ്യമായ റെയിൽവേ സൈഡിങ് (റെയിൽ പാത) ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് കരാറുകാരായ കമ്പനിയുടെ ഉത്തരവാദിത്തമായിരുന്നു.
എന്നാൽ, റെയിൽവേ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ട അഡാനി കമ്പനി, കൽക്കരി റോഡ് മാർഗം ട്രക്കുകളിൽ എത്തിക്കുകയായിരുന്നു. ഇതിന്റെ ഗതാഗത ചെലവായി ഭീമമായ തുക സർക്കാർ കമ്പനിയിൽ നിന്ന് ഈടാക്കുകയും ചെയ്തു. ഇതാണ് 1,400 കോടി രൂപയുടെ അധിക ബാധ്യതയായി മാറിയത്. റെയിൽവേ സൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയിട്ടും ഗതാഗത ചെലവ് അനുവദിച്ച പൊതുമേഖലാ സ്ഥാപനത്തിന്റെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. കരാർ ലംഘനം നടത്തിയിട്ടും കമ്പനി ലാഭമുണ്ടാക്കിയെന്നും, പലിശ ഭാരം കുറയ്ക്കാൻ സർക്കാർ പണം ഉപയോഗിച്ചെന്നും കോടതി നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.