25 January 2026, Sunday

ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ 15 വനിതകള്‍, 21 പിന്നാക്ക വിഭാഗക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി:
November 22, 2025 9:59 pm

ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തവരുടെ സാമൂഹിക പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ സുപ്രീം കോടതി പുറത്തുവിട്ടു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വിരമിക്കുന്നതിന് മുന്നോടിയായി, അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിവസമായ വെള്ളിയാഴ്ചയാണ് സുതാര്യത ഉറപ്പുവരുത്തുന്ന സുപ്രധാന രേഖകൾ പ്രസിദ്ധീകരിച്ചത്.
ചീഫ് ജസ്റ്റിസ് നേതൃത്വം നൽകിയ കൊളീജിയം കഴിഞ്ഞ മേയ് 14 മുതൽ 129 പേരെയാണ് ജഡ്ജി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇതിൽ 93 പേരുടെ നിയമനത്തിന് കൊളീജിയം അംഗീകാരം നൽകി. ഇതിൽ 15 പേർ വനിതകളാണ്. ഇവരിൽ നാല് പേർ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരും ഒരാൾ പട്ടികജാതി (ദളിത്) വിഭാഗത്തിൽ നിന്നുമാണ്.
21 പേർ പാർശ്വവൽക്കൃത സമുദായങ്ങളിൽ നിന്നുള്ളവരും, 13 പേർ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. തെരഞ്ഞെടുക്കപ്പെട്ടവരിൽ അഞ്ച് പേർ ഹൈക്കോടതികളിലോ സുപ്രീം കോടതിയിലോ സേവനമനുഷ്ഠിക്കുന്നതോ വിരമിച്ചതോ ആയ ജഡ്ജിമാരുമായി ബന്ധമുള്ളവരാണെന്നും രേഖകൾ വ്യക്തമാക്കുന്നു.
മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് കൊളീജിയം ശുപാർശ ചെയ്യുന്നവരുടെ സാമൂഹിക പശ്ചാത്തലം വെളിപ്പെടുത്തുന്ന കീഴ്‌വഴക്കത്തിന് തുടക്കമിട്ടത്. ഈ പാത പിന്തുടർന്നാണ് ജസ്റ്റിസ് ഗവായിയും വിവരങ്ങൾ പരസ്യപ്പെടുത്തിയത്. ഗവായ് ചീഫ് ജസ്റ്റിസായ ശേഷം മുൻ കൊളീജിയങ്ങൾ ശുപാർശ ചെയ്ത 17 പേരെക്കൂടി ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചിട്ടുണ്ട്.
സുപ്രീം കോടതിയിൽ ഒരു വനിതാ ജഡ്ജിയെ നിയമിക്കാൻ തന്റെ കാലയളവിൽ സാധിക്കാത്തതിൽ ചീഫ് ജസ്റ്റിസ് ഗവായ് ഖേദം പ്രകടിപ്പിച്ചു. സുപ്രീം കോടതിയിലെ വനിതാ അഭിഭാഷകർ സംഘടിപ്പിച്ച വിടവാങ്ങൽ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിൽ 34 ജഡ്ജിമാരിൽ ജസ്റ്റിസ് ബി വി നാഗരത്ന മാത്രമാണ് ഏക വനിത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.