6 December 2025, Saturday

Related news

December 3, 2025
December 3, 2025
December 3, 2025
November 29, 2025
November 29, 2025
November 29, 2025
November 25, 2025
November 20, 2025
November 18, 2025
November 14, 2025

15 വർഷത്തെ നിയമപോരാട്ടം; ടാൽക്കം പൗഡർ കേസിൽ ജോൺസൺ ആൻഡ് ജോൺസണിന് വൻ തിരിച്ചടി, 966 മില്യൺ ഡോളർ പിഴ

Janayugom Webdesk
ലോസ് ഏഞ്ചൽസ്
October 9, 2025 7:54 pm

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കാൻസർ കേസിൽ കമ്പനി 966 മില്യൺ ഡോളർ (ഏകദേശം 8000 കോടി രൂപ) പിഴ നൽകണമെന്ന് കോടതി. 15 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ലോസ് ഏഞ്ചൽസ് സ്റ്റേറ്റ് കോടതിയുടെ സുപ്രധാന ഉത്തരവ്. ബേബി പൗഡർ ജീവിതകാലം മുഴുവൻ ഉപയോഗിച്ചതിനെ തുടർന്ന് കാൻസർ ബാധിച്ച് മരിച്ച മേ മൂർ എന്ന സ്ത്രീയുടെ കുടുംബത്തിനാണ് ഈ തുക ലഭിക്കുക.

ആസ്ബറ്റോസ് എക്സ്പോഷറുമായി ബന്ധപ്പെട്ട കാൻസറായ ‘മെസോതെലിയോമ’ മേ മൂറിന് ബാധിച്ചതിൽ ജോൺസൺ ആൻഡ് ജോൺസൺ ഉത്തരവാദികളാണ് എന്നാണ് കോടതി കണ്ടെത്തിയത്. അപകടത്തിന്റെ നഷ്ടപരിഹാരമായി 16 മില്യൺ ഡോളറും പിഴയായി 950 മില്യൺ ഡോളറുമാണ് കോടതി ശിക്ഷ വിധിച്ചത്. പൗഡർ ഉപയോഗിച്ചാൽ ഉണ്ടാകാനിടയുള്ള ആരോഗ്യപരമായ അപകടങ്ങൾ കമ്പനി മറച്ചുവെച്ചുവെന്ന് ആരോപിച്ചായിരുന്നു കേസ്. 2021ൽ 88-ാം വയസ്സിലാണ് മേ മൂർ അന്തരിച്ചത്.
നേരത്തെ ടാൽക്കം പൗഡറുമായി ബന്ധപ്പെട്ട് വിജയിച്ച മറ്റ് കേസുകൾ ചൂണ്ടിക്കാണിച്ച് ഈ വിധി ഭരണഘടനാവിരുദ്ധമാണെന്നാണ് ജോൺസൺ ആൻഡ് ജോൺസൺ പ്രതികരിച്ചത്. വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് കമ്പനിയുടെ ആഗോള വ്യവഹാര വൈസ് പ്രസിഡന്റ് എറിക് ഹാസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ടാൽക് അധിഷ്ഠിത ബേബി പൗഡറിനെതിരെ നിരവധി കേസുകൾ വിചാരണഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഈ വിധി എന്നത് ശ്രദ്ധേയമാണ്. 2023ൽ ജോൺസൺ ആൻഡ് ജോൺസൺ ടാൽക്ക് അധിഷ്ഠിത ബേബി പൗഡറുകൾ ലോക വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. പാപ്പരത്ത കോടതികളെ ഉപയോഗിച്ച് പതിനായിരക്കണക്കിന് കേസുകൾ ഒത്തുതീർപ്പാക്കാൻ കമ്പനി നേരത്തെ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ബേബി പൗഡറിലെ ആസ്ബറ്റോസ് ഉപയോക്താക്കളെ ദോഷകരമായി ബാധിച്ചുവെന്ന് ആരോപിച്ചുള്ള നിരവധി കേസുകളാണ് ജോൺസൺ ആൻഡ് ജോൺസണെതിരെ നിലനിൽക്കുന്നത്. ഈ കേസുകൾ പരിഹരിക്കുന്നതിന് 3 ബില്യൺ ഡോളറിലധികം കമ്പനി ഇതിനോടകം ചെലവഴിച്ചതായാണ് റിപ്പോർട്ട്. മെസോതെലിയോമയ്ക്കും അണ്ഡാശയ കാൻസറിനും കാരണമാകുമെന്ന് ആരോപിച്ചുള്ള 70,000‑ത്തിലധികം പരാതികൾ ജോൺസൺ ആൻഡ് ജോൺസണെതിരെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ കേസുകളിൽ പലതും ന്യൂജേഴ്‌സിയിലെ ഒരു ഫെഡറൽ ജഡ്ജിയുടെ മുമ്പാകെ ഒരുമിച്ചാക്കിയിരിക്കുകയാണ്.

ഇതിനിടെ, ടാൽക്ക് കാൻസറിന് കാരണമാകുന്നില്ലെന്നും ഉൽപ്പന്നത്തിൽ ഒരിക്കലും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നുമുള്ള വാദങ്ങളിൽ ജോൺസൺ ആൻഡ് ജോൺസൺ ഉറച്ചുനിൽക്കുകയാണ്. 100 വർഷത്തിലേറെയായി തങ്ങളുടെ ബേബി പൗഡർ ഉചിതമായ രീതിയിൽ വിപണനം ചെയ്യുന്നുണ്ടെന്നാണ് കമ്പനിയുടെ വാദം. എന്നാൽ, 1970കളോടെയെങ്കിലും കമ്പനിക്ക് തങ്ങളുടെ ടാൽക്കിൽ ആസ്ബറ്റോസിന്റെ സാന്നിധ്യത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് കാണിക്കുന്ന ആന്തരിക രേഖകൾ ഉദ്ധരിച്ചാണ് പരാതിക്കാർ വാദിക്കുന്നത്. മൂർ ഏകദേശം 80 വർഷത്തോളം ജെ&ജെ യുടെ ബേബി പൗഡറും ഷവർ‑ടു-ഷവർ പൗഡറും ഉപയോഗിച്ചിരുന്നുവെന്നാണ് പരാതിക്കാരിയുടെ അഭിഭാഷകൻ വ്യക്തമാക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.