
പോൾ വാൾട്ടിൽ അത്ഭുതം തുടര്‍ന്ന് സ്വീഡിഷ് താരം അർമാൻഡ് ഡുപ്ലാന്റിസ്. ലോക റെക്കോഡുകൾ തിരുത്തുന്നത് ശീലമാക്കിയ താരം സ്വന്തം നാട്ടുകാർക്ക് മുന്നിൽ നടന്ന മത്സരത്തിൽ 6.31 മീറ്റർ ഉയരം താണ്ടിയാണ് തന്റെ 15-ാമത്തെ ലോക റെക്കോഡ് സ്വന്തമാക്കിയത്. സ്വീഡനിലെ അപ്പ്‌സാലയിൽ നടന്ന ‘മോണ്ടോ ക്ലാസിക് പോൾ വാൾട്ട് ഗാല’ (വേൾഡ് അത്‌ലറ്റിക്സ് ഇൻഡോർ ടൂർ സിൽവർ മീറ്റിങ്)യില്‍ ആണ് ഡുപ്ലാന്റിസ് വീണ്ടും ചരിത്രം കുറിച്ചത്. 2026ലെ താരത്തിന്റെ ആദ്യ ലോക റെക്കോഡാണിത്. കഴിഞ്ഞ സെപ്റ്റംബറിൽ സ്ഥാപിച്ച 6.30 മീറ്റർ എന്ന റെക്കോഡാണ് ഇത്തവണ വഴിമാറിയത്. 5.65 മീറ്ററിൽ തുടങ്ങിയ താരം, പിന്നീട് 5.90 മീറ്ററും 6.08 മീറ്ററും അനായാസം താണ്ടി സ്വർണം ഉറപ്പിച്ചു. തുടർന്നാണ് ബാർ 6.31 മീറ്ററിലേക്ക് ഉയർത്തി റെക്കോഡ് നേട്ടം കൈവരിച്ചത്.
മത്സര ശേഷം ‘ഇത് എന്റെ വീടാണ്,“ഇത് നമ്മുടെ വീടാണ്. ഓരോ തവണ ഞാൻ ട്രാക്കിലിറങ്ങുമ്പോഴും നിങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. വലിയ അഭിമാനത്തോടെയാണ് ഞാനത് ചെയ്യുന്നത്. നിങ്ങളുടെ മുന്നിൽ ഇത് ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. ഞാൻ എനിക്കുവേണ്ടിയും എന്റെ കുടുംബത്തിനുവേണ്ടിയും ചാടുന്നു, പക്ഷേ അതോടൊപ്പം നിങ്ങൾക്കും സ്വീഡനും എന്നെ പിന്തുണയ്ക്കുന്ന എല്ലാവർക്കും വേണ്ടിയും ഞാൻ ചാടുന്നു’ ഡുപ്ലാന്റിസ് കാണികളോട് പറഞ്ഞു. 6.00 മീറ്റർ ചാടിയ നോർവേയുടെ സോന്ദ്രെ ഗുട്ടോംസൺ രണ്ടാം സ്ഥാനം നേടി. ഈ വർഷം ആദ്യം ഗ്രീക്ക് ഇൻഡോർ ചാമ്പ്യൻഷിപ്പിൽ 6.17 മീറ്റർ പിന്നിട്ട ഇമ്മാനുവൽ കരാലിസ് (ഡുപ്ലാന്റിസ് കഴിഞ്ഞാൽ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ച താരം), 6.00 മീറ്ററിൽ മൂന്ന് തവണയും പരാജയപ്പെട്ടു. ഡുപ്ലാന്റിസ് തന്റെ കരിയറിൽ ഇതുവരെ 15 തവണയാണ് ലോക റെക്കോഡ് പുതുക്കിയത്. 2020ൽ 6.17 മീറ്ററിൽ തുടങ്ങിയ ഈ ജൈത്രയാത്ര ഇപ്പോൾ 6.31 മീറ്ററിൽ എത്തിനിൽക്കുന്നു. കഴിഞ്ഞ വർഷം (2025) മാത്രം നാല് തവണയാണ് താരം സ്വന്തം റെക്കോഡ് തിരുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.