
യുഎസ് നീതിന്യായ വകുപ്പിന്റെ പൊതു വെബ്‌സൈറ്റിൽ നിന്ന് ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട 16 ഫയലുകൾ അപ്രത്യക്ഷമായി. ഇവ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളിലാണ് ഫയലുകൾ കാണാതായത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രങ്ങളും പിന്‍വലിച്ച ഫലുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫയലുകൾ ബോധപൂർവം നീക്കം ചെയ്തതാണോ അതോ ആകസ്മികമായി സംഭവിച്ചതാണോ എന്ന കാര്യം നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഒഴിഞ്ഞുമാറിയതായി അന്താരാഷ്ട്രമാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വിഷയം സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിലുള്ള ഊഹാപോഹങ്ങൾക്കും വഴിവച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫയലുകൾ അപലോഡ് ചെയ്തത്. എപ്സ്റ്റീനൊപ്പം ട്രംപും ഭാര്യ മെലാനിയയും ഗിസ്‌ലേൻ മാക്സ്‍വെല്ലും നിൽക്കുന്ന ചിത്രങ്ങൾ ഉള്‍പ്പെടെ നഷ്ടപ്പെട്ട ഫയലുകളിൽ പെടുന്നു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് രേഖകളാണ് യുഎസ് സർക്കാർ പുറത്തിറക്കിയിട്ടുള്ളത്. ഈ രേഖകളിൽ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ അടക്കമുള്ള നിരവധി പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടുന്നു. അതേസമയം, ട്രംപിനെക്കുറിച്ച് ചെറിയതോതിലുള്ള പരാമർശങ്ങൾ മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ പേര് പരാമർശിച്ചിട്ടുള്ള ഭൂരിഭാഗം രേഖകളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയിൽ നീതിന്യായ വകുപ്പ് പുറത്തിറക്കിയ എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റിന്റെ ഫ്ലെെറ്റ് ലോഗുകളിൽ അടക്കം ട്രംപിന്റെ പേര് ഉൾപ്പെട്ടിരുന്നു എന്നതുകൊണ്ടുതന്നെ ഇക്കാര്യം പെട്ടെന്ന് തിരിച്ചറിയപ്പെട്ടിരുന്നു.
എപ്‌സ്റ്റൈൻ കേസിൽ ബാധിക്കപ്പെട്ടവരുമായി എഫ്ബിഐ നടത്തിയ അഭിമുഖങ്ങൾ, ശിക്ഷാവിധികളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിശദീകരിക്കുന്ന നീതിന്യായ വകുപ്പിന്റെ ആഭ്യന്തര മെമ്മോറാണ്ടം എന്നിവയുൾപ്പെടെ പ്രതീക്ഷിച്ചിരുന്ന രേഖകളിൽ പലതും പുറത്തുവന്നിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.