
വടക്കൻ ഇന്തോനേഷ്യയിലെ വൃദ്ധജനങ്ങൾക്കായുള്ള ഒരു നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടുത്തത്തിൽ പതിനാറ് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക അധികൃതർ അറിയിച്ചു. മനാഡോ നഗരത്തിലുള്ള ‘ദാമൈ’ റിട്ടയർമെന്റ് ഹോമിലാണ് ഞായറാഴ്ച രാത്രി പ്രാദേശിക സമയം എട്ടരയോടെ ദാരുണമായ അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഉറങ്ങാൻ കിടന്ന വൃദ്ധരാണെന്ന് അധികൃതർ അറിയിച്ചു. മുറികൾക്കുള്ളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പല മൃതദേഹങ്ങളും പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണ്.
വൃദ്ധസദനത്തിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തീ പടരുന്നതിനിടെ വലിയ സ്ഫോടന ശബ്ദം കേട്ടതായും നിമിഷങ്ങൾക്കുള്ളിൽ കെട്ടിടം പൂർണ്ണമായും അഗ്നിക്കിരയായതായും പ്രദേശവാസിയായ സ്റ്റീവൻ മൊക്കോഡോംപിറ്റ് പറഞ്ഞു. ഫയർഫോഴ്സ് എത്തി രാത്രി ഒൻപതരയോടെയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ബന്ധുക്കൾ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.