
ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ഒമ്പത് വർഷത്തിനിടെ ലഭിച്ചത് 168 കോടി രൂപയുടെ ഭരണാനുമതി. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലും ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന സർക്കാരിന്റെ പദ്ധതിയിലൂടെ ലോകം കണ്ടത് പ്രകൃതിയുടെ നിറച്ചാർത്തുകളണിഞ്ഞ മനോഹരപ്രദേശങ്ങളാണ്. കാട് മൂടിക്കിടന്നിരുന്ന ചാലിയം കടൽത്തീരവും പരിസരവും പുലിമുട്ടും ഇന്ന് ലോകോത്തര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. രണ്ട് ഘട്ടങ്ങളിലായി 9.53 കോടി രൂപയുടെ പ്രവൃത്തികളാണ് ‘ഓഷ്യാനസ് ചാലിയം’ ബീച്ച് ഡെസ്റ്റിനേഷൻ ഒരുക്കാൻ ചെലവഴിച്ചത്.
രാത്രികാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി 4.46 കോടി രൂപ ചിലവഴിച്ച് ഒരുക്കിയ ഫസാഡ് ലൈറ്റിങ് പദ്ധതി വിനോദസഞ്ചാരികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. കോഴിക്കോടിന്റെ ഹൃദയഭാഗങ്ങളിൽ ഒരുക്കിയ ദീപാലങ്കാരങ്ങൾ കാണാൻ അയൽ ജില്ലകളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. ബേപ്പൂർ ആന്റ് ബിയോണ്ട് — ഡെവലപ്മെന്റ് ആന്റ് റെനോവേഷൻ ഓഫ് ബേപ്പൂർ ടൂറിസം രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പ്രധാന പദ്ധതിയാണ്. അന്താരാഷ്ട്ര പ്രാധാന്യമുള്ള ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിന് വേദിയായ ബേപ്പൂർ ബീച്ചിലെ ആദ്യഘട്ട വികസന പ്രവൃത്തികൾക്കായി 9.94 കോടി രൂപയുടെ പദ്ധതികൾക്കാണ് വിനോദസഞ്ചാര വകുപ്പിൽനിന്ന് ഭരണാനുമതിയായത്. ബീച്ചിലെ രണ്ടാംഘട്ട വിനോദസഞ്ചാര വികസന പദ്ധതിയ്ക്കായി 14.99 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കടലുണ്ടി പക്ഷി സങ്കേതത്തിന്റെ മുഖഛായ മാറ്റിയ ‘ന്വേച്ചർ വാക് വേ’ പദ്ധതിയുടെ നിർമ്മാണം 1.43 കോടി രൂപ ചെലവിലാണ് പൂർത്തീകരിച്ചത്. പുഴയുടെ സൗന്ദര്യം ആസ്വദിച്ച് വിശ്രമിക്കാനും പക്ഷി സങ്കേതത്തിന്റെ സൗന്ദര്യം നുകർന്ന് സമയം ചെലവഴിക്കാനും ഒട്ടേറെ സഞ്ചാരികളാണ് ദിവസേന ഇവിടെയെത്തുന്നത്. മലബാർ റിവർ ഫെസ്റ്റിവൽ വർഷംതോറും സംഘടിപ്പിക്കുന്ന പുലിക്കയത്ത് രണ്ട് ഘട്ടങ്ങളിലായി 1.63 കോടി രൂപ ഉപയോഗിച്ച് കയാക്കിങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അന്തർദേശീയ കയാക്കിങ് സെന്റർ സ്ഥാപിച്ചു. വിദേശികളടക്കം ആയിരങ്ങളാണ് കയാക്കിങ്ങിൽ പങ്കെടുക്കാനും ആസ്വദിക്കാനുമായി ഇവിടെ എത്തുന്നത്.
കോഴിക്കോട് നഗര ഹൃദയത്തിൽ കനോലി കനാലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ സരോവരം ബയോ പാർക്കിന്റെ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ‘സരോവരം നേച്ചർ ലേർണിങ് സെന്റർ ഫെയ്സ് വൺ’ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി 1.74 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കുറ്റിച്ചിറ കുളവും പരിസരവും ടൂറിസം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി 1.25 കോടി രൂപ മുതൽ മുടക്കിലാണ് നവീകരിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന് ബേപ്പൂരിൽ തന്നെ സ്മാരകം പണിയുന്നതിനായി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടൂറിസം വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ‘ആകാശ മിഠായി’ എന്ന പേരിൽ 7.37 കോടി രൂപ ടൂറിസം വകുപ്പ് ഭരണാനുമതി നൽകി. ഈ പദ്ധതിയുടെ ഒന്നാം ഘട്ടപ്രവൃത്തിയുടെ ഭാഗമായി കെട്ടിട നിർമ്മാണം പുരോഗമിക്കുകയാണ്. സൗത്ത് ബീച്ച്, ഭട്ട്റോഡ് ബീച്ച്, ഗോതീശ്വരം ബീച്ച്, തോണിക്കടവ്, കരിയാത്തുംപാറ, വയലട, നമ്പികുളം, തുഷാരഗിരി, അരിപ്പാറ, അകലാപ്പുഴ, തിക്കോടി ഡ്രൈവ് ഇൻ ബീച്ച്, മിനി ഗോവ, കാപ്പാട്, ഒളോപ്പാറ, കക്കാടംപൊയിൽ, പയംകുറ്റിമല, സാന്റ്ബാങ്ക്സ്, ചേർമല കേവ് പാർക്ക്, പതങ്കയം, കക്കയം, പെരുവണ്ണാമൂഴി, മാനാഞ്ചിറ, ലോകനാർകാവ് തീർത്ഥാടന ടൂറിസം പദ്ധതി തുടങ്ങി നൂറോളം വിനോദസഞ്ചാര കേന്ദ്രങ്ങൾ ജില്ലയിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.