ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ നടപടി തുടരവെ, ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് അസമില്‍ പതിനേഴുകാരി ജീവനൊടുക്കി.പെണ്‍കുട്ടിയുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെ, പൊലീസ് നടപടി ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. അസമിലെ കച്ചാര്‍ ജില്ലയിലാണ് സംഭവം. പ്രണയിച്ച യുവാവുമായി വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. അതേസമയം ശൈശവവിവാഹത്തിനെതിരായ നടപടിയുമായി പെണ്‍കുട്ടിയുടെ മരണത്തിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു. പ്രഥമദൃഷ്ട്യ ആത്മഹത്യയാണെന്നും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകുമെന്നും കച്ചാര്‍ എസ്പി അറിയിച്ചു.
ശൈശവ വിവാഹത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിന് മുമ്പായി പെണ്‍കുട്ടിയുടെ കുടുംബം യുവാവുമായി വിവാഹ നിശ്ചയം നടത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശൈശവ വിവാഹം നടന്നാല്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമെന്ന് മകള്‍ ഭയന്നതായി അമ്മ പറഞ്ഞു.
ശൈശവ വിവാഹങ്ങള്‍ക്കെതിരെ അസം സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നാലായിരത്തി അഞ്ഞൂറോളം ശൈശവ വിവാഹകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 18ന് താഴെ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവരെ ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം വിചാരണ ചെയ്യുമെന്ന് അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 2,441 ആയി ഉയര്‍ന്നിട്ടുണ്ട്. 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്ക് ജാമ്യമില്ലാ വകുപ്പുകളും 14നും 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ശൈശവ വിവാഹം ആരോപിക്കപ്പെടുന്നവരുടെ പട്ടികയിൽ 8,000ത്തോളം പേരുണ്ടെന്നും ശേഷിക്കുന്നവർക്കെതിരെയും ഉടൻ നടപടിയുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
English Summary: 17-year-old girl kills self in Cachar district over child marriage crackdown in state
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.