
രാജ്യതലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തിൽ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. നഗരത്തിലെ വായു ഗുണനിലവാര സൂചിക ‘വളരെ മോശം’ മുതൽ ‘ഗുരുതരം’ വരെ രേഖപ്പെടുത്തുന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധിക്കിടെ എയർ പ്യൂരിഫയറുകൾക്കു മേൽ 18% ജിഎസ്ടി ഈടാക്കുന്നതിനെ കോടതിചോദ്യം ചെയ്തു. ഇവയുടെ നികുതി എന്തുകൊണ്ട് ഉടൻ കുറയ്ക്കാനാകില്ലെന്ന് അടിയന്തരമായി വിശദീകരിക്കാനും കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
എല്ലാ പൗരന്മാർക്കും ശുദ്ധവായു ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിങ്ങൾക്ക് അത് ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ചുരുങ്ങിയപക്ഷം ചെയ്യാൻ കഴിയുന്നത് എയർ പ്യൂരിഫയറുകളുടെ ജിഎസ്ടി കുറയ്ക്കുണമെന്നും കോടതി പറഞ്ഞു. എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഡിവൈസ് പട്ടികയിലുൾപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എയർ പ്യൂരിഫയറുകൾ മെഡിക്കൽ ഡിവൈസ് പട്ടികയിലുൾപ്പെടുന്ന പക്ഷം അതിന്റെ ജിഎസ്ടി 18 % ല്‍ നിന്ന് അഞ്ച് ശതമാനമായി ചുരുങ്ങും. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വായുമലിനീകരണത്തെ തുടർന്ന് ശ്വാസംമുട്ടുകയാണ് ഡൽഹി. ഇന്നലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.