
ജയ്പൂരിലെ വള ഫാക്ടറിയില്‍ ക്രൂരമായ ബാലവേല. ഭട്ട ബസ്തിയിലെ ഫാക്ടറിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി ഏഴ് കുട്ടികള്‍ രക്ഷപ്പെട്ടതോടെയാണ് ഈ വിവരം പുറം ലോകം അറിഞ്ഞത്. ഫാക്ടറിയില്‍ നിന്ന് രക്ഷപ്പെട്ട ബീഹാര്‍ സ്വദേശികളായ കുട്ടികളെ പ്രദേശത്തെ ശ്മാശനത്തിലാണ് കണ്ടെത്തിയത്. വഴി തെറ്റി ഇവിടെ ഒളിച്ചിരുന്ന കുട്ടികളെ ചൊവ്വാഴ്ച പ്രദേശവാസികള്‍ രക്ഷപ്പെടുത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.
വിവരം കിട്ടിയതിന് പിന്നാലെ, പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും എത്തി കുട്ടികളെ അവിടെ നിന്ന് മാറ്റുകയായിരുന്നു. കുട്ടികളുമായി സംസാരിച്ചെന്നും സംസാദ് മിയ എന്നൊരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭട്ട ബസ്തി എസ്ഐ ദീപക് ത്യാഗി പറഞ്ഞു. എന്നാല്‍, ഫാക്ടറി ഏതെന്ന് തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് ആയിട്ടില്ലെന്നും പ്രതിക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.കുട്ടികളെ ജയ്പൂരില്‍ എത്തിച്ചത് സംസാദ് മിയയാണെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
വിനോദയാത്രക്ക് എന്ന് വിശ്വസിപ്പിച്ച് രണ്ട് മാസം മുമ്പാണ് കുട്ടികളെ ജയ്പ്പൂരില്‍ എത്തിച്ചത്. പിന്നാലെ, ഭട്ട ബസ്തിയിലെ വള നിര്‍മാണ ഫാക്ടറിയില്‍ അടച്ചിടുകയും ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.ഫാക്ടറിയില്‍ കുട്ടികളെ കൊണ്ട് ഒരു ദിവസം 18 മുതല്‍ 20 മണിക്കൂര്‍ വരെയാണ് പണിയെടുപ്പിച്ചിരുന്നത്.
ഒരു നേരം മാത്രമാണ് ഭക്ഷണം നല്‍കിയിരുന്നത്. അസുഖം വന്നാല്‍ പോലും വിശ്രമമില്ലാതെ പണിയെടുപ്പിച്ചിരുന്നു. കൂടാതെ, ക്രൂരമായ മര്‍ദനവും കുട്ടികള്‍ നേരിട്ടിരുന്നു. കുട്ടികള്‍ ഫാക്ടറിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് ഓടിപ്പോരുകയായിരുന്നു. എന്നാല്‍ വഴി തെറ്റി ശ്മശാനത്തില്‍ അഭയം തേടി. ഇവിടെ ഒരു രാത്രി ചിലവഴിച്ച കുട്ടികളെ പ്രദേശവാസികള്‍ കണ്ടെത്തി പൊലീസിനെ അറിയിച്ചു.ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായത്തോടെ കുട്ടികളെ രക്ഷപ്പെടുത്തിട്ടുണ്ട്. അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഫാക്ടറി ഉടമക്കായി തിരച്ചില്‍ നടത്തുകയാണ് പൊലീസ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.