2 March 2026, Monday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

കെട്ടിടത്തിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 189 മൃതദേഹങ്ങൾ; കൊളറാഡോയിൽ ശവസംസ്കാര കേന്ദ്രം ഉടമയ്ക്ക് 40 വർഷം തടവ്

Janayugom Webdesk
കൊളറാഡോ
February 7, 2026 8:59 am

അമേരിക്കയിലെ കൊളറാഡോയിൽ 189 മൃതദേഹങ്ങൾ കെട്ടിടത്തിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശവസംസ്കാര കേന്ദ്രം ഉടമ ജോൺ ഹാൾഫോർഡിനെ 40 വർഷം തടവിന് ശിക്ഷിച്ചു. ‘റിട്ടേൺ ടു നേച്ചർ’ എന്ന സ്ഥാപനത്തിന്റെ ഉടമയായ ഹാൾഫോർഡ് മൃതദേഹങ്ങളോട് കാണിച്ചത് വിവരണാതീതമായ ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ മുതിർന്നവരുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ സംസ്കരിക്കാതെ പെൻറോസിലെ ഒരു കെട്ടിടത്തിൽ കൂട്ടിയിടുകയായിരുന്നു ഇയാൾ ചെയ്തത്.

സംസ്കാരം കഴിഞ്ഞുവെന്ന് വിശ്വസിപ്പിച്ച് പല കുടുംബങ്ങൾക്കും ചാരത്തിന് പകരം നൽകിയത് സിമന്റ് പൊടിയായിരുന്നു. 2023ൽ കെട്ടിടത്തിൽ നിന്ന് അസഹനീയമായ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാനായി ഉപഭോക്താക്കളിൽ നിന്ന് വാങ്ങിയ തുക ജോൺ ഹാൾഫോർഡും ഭാര്യ കാരി ഹാൾഫോർഡും ചേർന്ന് ആഡംബര കാറുകൾ വാങ്ങാനും ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിക്കാനും ആഡംബര വസ്ത്രങ്ങൾക്കുമായാണ് ചെലവഴിച്ചത്. ഇതിന് പുറമെ കോവിഡ് കാലത്തെ സർക്കാർ സഹായം തട്ടിയെടുക്കാൻ വ്യാജരേഖകൾ ചമച്ചതായും കണ്ടെത്തി.

മൃതദേഹങ്ങളോട് അനാദരവ് കാട്ടിയതിന് ഇയാൾക്കെതിരെ ഏകദേശം ഇരുന്നൂറോളം കേസുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ പങ്കാളിയായ ഭാര്യ കാരി ഹാൾഫോർഡിന്റെ ശിക്ഷാവിധി ഏപ്രിൽ 24‑ന് പ്രഖ്യാപിക്കും. ഇവർക്ക് 25 മുതൽ 35 വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുണ്ട്. ഈ ക്രൂരത പുറത്തുവന്നതിനെത്തുടർന്ന് കൊളറാഡോയിലെ ശവസംസ്കാര കേന്ദ്രങ്ങൾക്കായുള്ള നിയമങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.