ഇന്ത്യയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്തത് 193 കേസുകളെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാലയളവില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് പേര്‍ മാത്രമാണെന്നും എ എ റഹീം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ സര്‍ക്കാര്‍ ഇഡിയെ ആയുധമാക്കുന്നു എന്ന ആക്ഷേപം നിരന്തരം ഉയരുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, പി ചിദംബരം, ലാലു പ്രസാദ് യാദവ്, കനിമൊഴി, എ രാജ, കാർത്തി ചിദംബരം, അരവിന്ദ് കെജ്‌രിവാള്‍ ഉൾപ്പെടെ നിരവധി പ്രമുഖര്‍ ഇഡി കേസുകൾ നേരിടുന്നുണ്ട്. അതേസമയം പാര്‍ട്ടിയും സംസ്ഥാനവും തിരിച്ചുള്ള കണക്കുകള്‍ സൂക്ഷിച്ചിട്ടില്ല എന്നായിരുന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയുടെ മറുപടി.
രാജ്യത്ത് എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ 10 വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത ഇഡി കേസുകളുടെ കണക്കുകളാണ് എ എ റഹീം ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് കേന്ദ്ര മന്ത്രി 2015 മുതല്‍ 25 വരെയുള്ള കണക്കുകള്‍ പങ്കുവച്ചത്. 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത 2022, 23 വര്‍ഷങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകളുണ്ടായത്. 2019–20, 2016–17 കാലത്ത് ഓരോ കേസുകളില്‍ ശിക്ഷ വിധിച്ചതായും പറയുന്നു. എന്നാല്‍ 10 വര്‍ഷത്തിനിടെ ഒരു കേസിലും ആരെയും കുറ്റവിമുക്തരാക്കിയിട്ടില്ല. 2019–24 കാലഘട്ടത്തില്‍ വിവിധ സംഭവങ്ങളിലായി ആകെ 911 കേസുകള്‍ ഇഡി രജിസ്റ്റര്‍ ചെയ്തതായി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 654 കേസുകളില്‍ വിചാരണ പുരോഗമിക്കുകയാണെന്നും 42 കേസുകളില്‍ ശിക്ഷാവിധി പുറപ്പെടുവിച്ചെന്നുമായിരുന്നു കേന്ദ്രം 2024ല്‍ അറിയിച്ചത്. ശിക്ഷിക്കപ്പെട്ടത് 6.42 ശതമാനം കേസുകളില്‍ മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇഡി ഫയല്‍ ചെയ്ത 5,000 കേസുകളില്‍ 40 എണ്ണത്തിന് മാത്രമേ ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞുള്ളൂവെന്ന് സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷന്റെ പ്രവര്‍ത്തനത്തില്‍ കാര്യക്ഷമത ഉറപ്പാക്കണമൈന്നും ഇഡിയോട് ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.