കാസർകോട്ടെ ഡോക്ടറെ കബളിപ്പിച്ച് 2.23 കോടി രൂപ തട്ടിയെടുത്ത പ്രധാനപ്രതിയെ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. സുനിൽ കുമാർ ജെൻവർ (24) എന്നയാളെയാണ് രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും കാസർകോട് സൈബർ ക്രൈം പൊലീസ് പിടികൂടിയത്. അഞ്ച് ദിവസത്തെ കഠിനമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഡോക്ടറെ ടെലിഗ്രാം വഴിയും ഫോൺ വഴിയും ബന്ധപ്പെട്ട് പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് 2,23,949,93 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീദാസൻ എംവി, എ എസ് ഐ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാരായണൻ, ദിലീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടാനായി രാജസ്ഥാനിലെത്തിയത്. പ്രതിയെ തേടി ബാങ്കിൽ നൽകിയ രാജസ്ഥാനിലെ വിലാസത്തിൽ എത്തിയപ്പോൾ പ്രതി താമസം മാറിയതായി മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഭാഗസ്ഥനി പൊലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ അഞ്ചിൽ വാടകയ്ക്ക് താമസിക്കുകയാണെന്ന് കണ്ടെത്തി. വാടകവീട് തേടിപ്പിടിച്ച് അന്വേഷണം നടത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് അയൽവാസികളോടും മറ്റും അന്വേഷണം നടത്തിയതിൽ പ്രതിയുടെ അച്ഛന് സുഖമില്ലാത്തതിനാൽ ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. ജോധ്പൂരിലെ പ്രധാനപ്പെട്ട ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ അച്ഛൻ ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എംഡിഎം ആശുപത്രിയിൽ ചികിത്സയിലാണെന്ന് മനസ്സിലായി. രണ്ട് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിൽ പ്രതിയെ ആശുപത്രിയിൽ നിന്ന് കണ്ടെത്തി. പ്രതിയെ പിടികൂടിയ വിവരമറിഞ്ഞ് കേരള പൊലീസിനെ തടയാനെത്തിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയിൽ നിന്ന് ശാസ്ത്രി നഗർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പ്രതിയുടെ അക്കൗണ്ടിൽ 18 ലക്ഷം രൂപ എത്തിയതിൽ നിന്നും ചെക്ക് ഉപയോഗിച്ച് പിൻവലിച്ചിട്ടുണ്ട്. പ്രതിയുടെയും മറ്റ് പ്രതികളുടെയും അക്കൗണ്ടുകളിൽ നിന്നായി 13 ലക്ഷത്തോളം രൂപ തിരികെ പിടിച്ച് കോടതി മുഖാന്തരം ഡോക്ടർക്ക് തിരികെ നൽകി. ഈ കേസിൽ സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് നൗശാദ് (45) നേരത്തെ കാസർകോട് സൈബർ പൊലീസിന്റെ പിടിയിലായി ജയിലിൽ കഴിയുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.