ആഗോള ടെക് കമ്പനികളില്‍ നിന്നും സ്റ്റാര്‍ട്ടപ് മേഖലകളില്‍ നിന്നും 2.5 ലക്ഷം ജീവനക്കാരെ ഈ വര്‍ഷം പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 1,106 ടെക് കമ്പനികളില്‍ നിന്നായി 2,48,978 പേരെ പിരിച്ചുവിട്ടതായി ലേഓഫ്സ് ഡോട്ട് എഫ്‌വൈഐ എന്ന വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ പ്രതിദിനം 555 അല്ലെങ്കില്‍ മണിക്കൂറില്‍ 23 പേര്‍ക്ക് ജോലി നഷ്ടപ്പെടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജനുവരിയില്‍ വിവിധ മേഖലകളിലെ 89,554 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ചില്ലറ, ഉപഭോക്തൃ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ പേരെ പിരിച്ചുവിട്ടത്. ഈ വര്‍ഷം അവസാനിക്കാൻ ദിവസങ്ങള്‍ ശേഷിക്കെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. ഈ മാസം ആരംഭത്തിലും നിരവധി ടെക്, ഗെയിമിങ് കമ്പനികള്‍ പിരിച്ചുവിടല്‍ നടത്തി. ഫ്രഞ്ച് വീഡിയോ ഗെയിം കമ്പനിയായ യൂബിസോഫ്റ്റില്‍ നിന്ന് 124 ജീവനക്കാരെയാണ് ഒഴിവാക്കിയത്. മറ്റൊരു കമ്പനിയായ യൂണിറ്റിയും ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്നാപ് കമ്പനി 20 പേരെ പിരിച്ചുവിട്ടു.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഫ്5 120 പേരെയാണ് ഈ മാസം ജോലിയില്‍ നിന്നും നീക്കിയത്. ആഗോള കമ്പനിയായ വിയാസാറ്റ് തങ്ങളുടെ 10 ശതമാനം (800 പേര്‍) ജോലിക്കാരെ പിരിച്ചുവിട്ടത് ആഗോള തലത്തില്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ കമ്പനി സ്പള്‍ക്കും ഏഴ് ശതമാനം ജീവനക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2022ല്‍ 1,168 കമ്പനികൾ 2,43,468 പേരെ പിരിച്ചുവിട്ടതായി ലേഓഫ് ട്രാക്കറിൽ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയാണ് ഏറ്റവും കൂടുതല്‍ പേരെ പിരിച്ചുവിട്ടത്. 11,000 ജീവനക്കാരാണ് മെറ്റയില്‍ നിന്ന് പുറത്തായത്. എച്ച്പിയും ആഗോളതലത്തിൽ 6,000 ജീവനക്കാരെ പിരിച്ചുവിട്ടു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 11,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് ടെലികോം ഭീമനായ വോഡാഫോണും പ്രഖ്യാപിച്ചിരുന്നു. എലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ 4000 ത്തോളം ജീവനക്കാരെ ട്വിറ്ററും ഒഴിവാക്കിയിരുന്നു. ഗൂഗിള്‍ അടക്കമുള്ള മറ്റ് വന്‍കിട ഐടി കമ്പനികളും ബൈജൂസ് അടക്കമുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പുകളും വന്‍തോതില്‍ ജീവനക്കാരെ വെട്ടിക്കുറച്ചിട്ടുണ്ട്.
English Summary: 2.5 lakh job loss in IT-startup sector
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.