7 December 2025, Sunday

Related news

August 19, 2025
August 11, 2025
July 30, 2025
July 16, 2025
July 13, 2024
July 19, 2023
July 15, 2023
July 10, 2023
June 21, 2023
June 17, 2023

സംസ്ഥാനത്ത് 2.89ലക്ഷം തെരുവുനായകള്‍

സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് യോഗം ഉടന്‍
web desk
തിരുവനന്തപുരം
June 12, 2023 8:53 pm

തെരുവുനായ്ക്കള്‍ക്ക് പേവിഷപ്രതിരോധ കുത്തിവയ്പ് പദ്ധതിക്ക് 2022ല്‍ തുടക്കമിട്ടു

കേന്ദ്ര സർക്കാർ 2023 ല്‍ പുറപ്പെടുവിച്ച എബിസി റൂൾ പ്രകാരം എബിസി കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് അടിയന്തര നടപടികൾ കൈക്കൊള്ളുന്നതിനായി സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് യോഗം ഉടനടി വിളിച്ചു കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് 2.89ലക്ഷം തെരുവുനായകളും 8.3ലക്ഷം വളര്‍ത്ത്നായകളുമുണ്ട്. പേവിഷപ്രതിരോധ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2022 സെപ്റ്റംബര്‍ മുതല്‍ മൃഗസംരക്ഷണവകുപ്പ് സമഗ്ര പരിപാടികള്‍ നടപ്പിലാക്കിവരുന്നു.

2022 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2023 ജൂണ്‍ 11വരെ 4.38 ലക്ഷം വളര്‍ത്ത്നായകള്‍ക്കും 32,061 തെരുവുനായകള്‍ക്കും പേവിഷപ്രതിരോധ കുത്തിവയ്പ് നല്‍കി. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു തെരുവ് നായകള്‍ക്ക് പേവിഷപ്രതിരോധ കുത്തിവയ്പ് നല്‍കുന്നത്. 426 ഡോഗ് ക്യാച്ചര്‍മാരെ കണ്ടെത്തി അവര്‍ക്ക് പരിശീലനവും പ്രതിരോധകുത്തിവയ്പ്പും നല്‍കിയാണ് അവരെ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുടെ ഭാഗമായാണ് തെരുവ് നായകളുടെ പേവിഷപ്രതിരോധ കുത്തിവയ്പ് നല്‍കിവരുന്നത്. വളര്‍ത്തുനായകള്‍ക്കുവേണ്ടിയുള്ള പേവിഷപ്രതിരോധ കുത്തിവയ്പ് ‘റാബീസ് ഫ്രീ കേരള’ എന്ന പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്. നായകളിലെ പേ വിഷപ്രതിരോധ കുത്തിവയ്പ്പിനു വേണ്ട വാക്സിന്‍, മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള എല്ലാ മൃഗാശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ വാക്സിന് ദൗര്‍ലഭ്യം നേരിടുന്നില്ല.

എബിസി പദ്ധതി

നിലവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് സംസ്ഥാനത്ത് എബിസി പദ്ധതി നടപ്പാക്കുന്നത്. 2017മുതല്‍ 2021 വരെ കുടുംബശ്രീ മുഖാന്തിരമാണ് എബിസി പദ്ധതി നടപ്പിലാക്കിയിരുന്നത്. കുടുംബശ്രീ മുഖാന്തിരം ടി കാലയളവില്‍ 79426 തെരുവ് നായകളെ വന്ധീകരിച്ചിട്ടുണ്ട്. കുടുംബശ്രീക്ക് അംഗീകാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും,ചേര്‍ന്ന് എബിസി പദ്ധതി നടപ്പിലാക്കിവരുന്നു. നിലവില്‍ സംസ്ഥാനത്ത് 20 എബിസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 10 പുതിയ കേന്ദ്രങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇത് കൂടാതെ 14 പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

ചില കോണുകളില്‍ നിന്നുള്ള എതിര്‍പ്പുമൂലം പല ജില്ലകളിലും പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനാവുന്നില്ല. നിലവില്‍ 432 തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ 10.36 കോടി രൂപ ഈ പദ്ധതിക്കുവേണ്ടി മാറ്റിവച്ചിട്ടുണ്ട്. 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മേയ് 31 വരെ 17,987 തെരുവ് നായകളെ വന്ധീകരിച്ചിട്ടുണ്ട്.

2022ല്‍ ഭേദഗതി ചെയ്ത എബിസി റൂള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുകയുണ്ടായി. ആയതുപ്രകാരം ഒരു എബിസി കേന്ദ്രം പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്‍സിറനേറ്റര്‍, സിസിടിവി എന്നിവയടക്കമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടായിരിക്കണം. എബിസി ചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന ഡോക്ടർ 5000 എബിസി സർജറികൾ ചെയ്തിട്ടുള്ള ആൾ ആയിരിക്കണം. കൂടാതെ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ഇതിനായി തയ്യാറാക്കുന്ന പ്രോജക്ടുകൾ കേന്ദ്രസർക്കാറിന്റെ കീഴിലുള്ള പ്രോജക്ട് റെക്കഗ്നിഷൻ കമ്മിറ്റി പരിശോധിച്ചു അംഗീകരിച്ചിരിക്കണം. ഈ നിബന്ധനകൾ കൂടി പാലിച്ചുകൊണ്ട് മാത്രമേ തുടർന്ന് എബിസി പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാനാവു.

പതിനൊന്നുകാരനായ നിഹാന്‍ തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവം ദാരുണമായെന്ന് മന്ത്രി ചിഞ്ചുറാണി പ്രസ്താവനയില്‍ പറഞ്ഞു. കണ്ണൂരില്‍ 2017 മുതല്‍ എബിസി പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. 2017 മുതല്‍ 2021 വരെ പാപ്പിനിശ്ശേരി മൃഗാശുപത്രിയോട് ചേര്‍ന്നും തലശ്ശേരി മുൻസിപ്പാലിറ്റിയിലെ കൊപ്പാലം വെറ്ററിനറി ഡിസ്പെൻസറിയോട് ചേര്‍ന്നുമാണ് താത്കാലിക എബിസി കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. 2017 മുതല്‍ 2021 വരെ 8114 നായകളെ ഈ രണ്ട് കേന്ദ്രങ്ങളിലായി വന്ധ്യംകരിച്ചു.

2022 ഒക്ടോബര്‍ 15ന് പടിയൂരില്‍ എബിസി കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങി. ഈ കേന്ദ്രത്തില്‍ 2023 ജൂണ്‍ 10 വരെ 1094 നായകളെ വന്ധ്യംകരിച്ചു. 2022–23 വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ 57 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ എബിസിക്ക് തുക വകയിരുത്തിയിട്ടുണ്ട്. പടിയൂര്‍ എബിസി കേന്ദ്രത്തില്‍ നിലവിലുള്ള 50 കൂടുകള്‍ 100 ആയി വര്‍ധിപ്പിക്കുന്നതിനും മറ്റു നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കുമായി 40 ലക്ഷം രൂപ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം വകയിരുത്തിയിട്ടുണ്ട്. കൂടുകള്‍ സജ്ജമാകുന്ന മുറയ്ക്ക് കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിച്ച് എബിസി ചെയ്യുന്ന നായകളുടെ എണ്ണം വര്‍ധിപ്പിക്കാനാവും.

തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിക്കാനിടയായ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ 2023–24 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര ലക്ഷം രുപ എബിസി പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. 2019ലെ സെന്‍സസ് പ്രകാരം കണ്ണൂര്‍ ജില്ലയില്‍ 48,055 വളര്‍ത്ത് നായകളും 23,666 തെരുവ് നായകളുമുണ്ട്. 2022–23 വര്‍ഷം 25,652 വളര്‍ത്ത് നായകള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പേവിഷപ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. 2023–24 വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളിലായി കണ്ണൂര്‍ ജില്ലയില്‍ 3523 വളര്‍ത്ത് നായകള്‍ക്കും 75 തെരുവ് നായകള്‍ക്കും പേവിഷപ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ 202 വളര്‍ത്ത് നായകളും 132 തെരുവുനായകളുമടക്കം ആകെ 334 നായകളുണ്ട്. 2022–23 വര്‍ഷം 214 വളര്‍ത്ത് നായകള്‍ക്കും 2023–24വര്‍ഷം നാളിതുവരെ 11 വളര്‍ത്ത് നായകള്‍ക്കും പേവിഷപ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്.

Eng­lish Sam­mury: Rabies vac­ci­na­tion pro­gram for stray dogs

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.