23 January 2026, Friday

Related news

January 18, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
December 30, 2025
December 26, 2025
December 25, 2025
December 24, 2025
December 21, 2025

ഡൽഹിയിൽ 2 പുതിയ ജില്ലകൾ കൂടി, എല്ലാ ജില്ലകളിലും മിനി സെക്രട്ടേറിയറ്റ്

Janayugom Webdesk
ന്യൂഡൽഹി
September 11, 2025 11:06 am

പൊതുജനസേവനം സുഗമമാക്കുക, ഭരണനിർവഹണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹിയിൽ 2 പുതിയ ജില്ലകൾ കൂടി രൂപീകരിക്കുന്നതായി റിപ്പോർട്ട്. ഇതോടെ രാജ്യതലസ്ഥാനത്ത് ജില്ലകളുടെ എണ്ണം 13 ആകും (നിലവിൽ 11). തീരുമാനത്തിനു സംസ്ഥാന സർക്കാർ ഉടൻ അംഗീകാരം നൽകുമെന്നാണു വിവരം. എംസിഡിയുടെ 12 സോണുകളുടെ വ്യാപ്തിക്കു സമാനമായാണു ജില്ലകളുടെ അതിർത്തികൾ പുനർനിർണയിക്കുക.മിക്ക സ്ഥലങ്ങളിലും റവന്യു ജില്ലകളുടെയും എംസിഡി സോണുകളുടെയും അതിർത്തികൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. അതു ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് മയൂർ വിഹാറിൽ താമസിക്കുന്ന ഒരാൾക്കു ഭൂമിസംബന്ധമായ രേഖകൾക്കും മറ്റും ശാഹ്ദ്രയിൽ പോകേണ്ടി വരും. ഈസ്റ്റ് ഡൽഹി ജില്ലയിൽ വരുന്ന മയൂർ വിഹാർ ശാഹ്ദ്ര എംസിഡി സോണിന്റെ പരിധിയിലാണുള്ളത്.നിലവിലെ ജില്ലകളുടെ അതിർത്തി മാറ്റി നിർണയിച്ചു പുതിയ രണ്ടെണ്ണം കൂട്ടിച്ചേർക്കുമ്പോൾ ശാഹ്ദ്ര ജില്ല ഇല്ലാതാകുമെന്നും സൂചനയുണ്ട്. സൗത്ത് ഈസ്റ്റ് ജില്ല ഉൾപ്പെടെയുള്ളവയുടെ പേരിലും അതിർത്തികളിലും മാറ്റം വരും. സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ജില്ലകളുടെ അതിർത്തി മാറ്റി നിർണയിക്കുന്നതിനുള്ള മാപ്പിങ് ഉൾപ്പെടെ തുടങ്ങിയെന്നാണു വിവരം. പുതിയ 2 ജില്ലകൾ കൂടി വന്നാൽ ഭരണഭാരം കുറയുമെന്നാണു മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞത്. ജില്ലകളുടെ വലുപ്പം കുറയുന്നതോടെ ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാകും. ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയും. വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും എളുപ്പത്തിലാകുമെന്നാണു വിലയിരുത്തൽ. പുതിയ ജില്ലകൾ വരുന്നതോടെ ജില്ലാ മജിസ്ട്രേട്ടുമാർക്ക് കൂടുതൽ അധികാരം ലഭിക്കും.

ചെറിയ ജില്ലകളിൽ ഭരണപരമായ നിരീക്ഷണം കൂടുതൽ കാര്യക്ഷമമാകും. പരാതികളുമായി ജനങ്ങൾക്കു ജില്ലാ അധികാരിയെ നേരിട്ടു സമീപിക്കാം. ഉദ്യോഗസ്ഥതലത്തിലുള്ള ഇഴച്ചിലുകൾ ഒഴിവാക്കാം. അധികാര പരിധി സംബന്ധിച്ച് വ്യത്യസ്ത സർക്കാർ വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങളും ഒഴിവാകും. പുതിയ ജില്ലകൾ രൂപീകരിക്കുന്നതോടെ ഡൽഹി മുനിസിപ്പൽ കോർപറേഷൻ സോണുകളിലെ ഡപ്യൂട്ടി കമ്മിഷണർമാരും പൊതുമരാമത്തു വകുപ്പ്, ജല ബോർ‍ഡ്, സാമൂഹിക ക്ഷേമ വകുപ്പ് നോഡൽ ഓഫിസർമാരും ജില്ലാ മജിസ്ട്രേട്ടിനു കീഴിലാകും പ്രവർത്തിക്കുക. ജനങ്ങളുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും ഭരണനിർവഹണം സുഗമമാക്കുന്നതിനും 12 എംസിഡി സോണുകളുടേതിനു സമാനമായി 11 ജില്ലകളുടെയും അതിർത്തികൾ പുനർനിർണയിക്കുമെന്നു മുഖ്യമന്ത്രി രേഖ ഗുപ്ത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ സേവനങ്ങളും ഒരിടത്തു കിട്ടുന്ന രീതിയിൽ എല്ലാ ജില്ലകളിലും മിനി സെക്രട്ടേറിയറ്റുകൾ രൂപീകരിക്കുമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.