22 February 2026, Sunday

Related news

February 22, 2026
January 23, 2026
November 9, 2025
October 11, 2025
September 24, 2025
June 11, 2025
May 31, 2025
May 3, 2025
March 10, 2025
March 8, 2025

വിഴിഞ്ഞത്ത് 2000 കോടിയുടെ പൊതുമേഖലാ ലോജിസ്റ്റിക്സ് പദ്ധതി

സംസ്ഥാന സർക്കാരിന് പൂർണ ഉടമസ്ഥത 
ധാരണാപത്രങ്ങൾ ഇന്ന് ഒപ്പുവയ്ക്കും
Janayugom Webdesk
തിരുവനന്തപുരം
February 22, 2026 10:08 pm

സംസ്ഥാനത്തിന്റെ സമുദ്ര‑വ്യാവസായിക കുതിപ്പിന് പുതിയ അധ്യായം രചിച്ചുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വൻകിട ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേരള സർക്കാർ. വെറുമൊരു തുറമുഖ നിർമ്മാണം എന്നതിനപ്പുറം വിഴിഞ്ഞത്തെ പൂർണതോതിലുള്ള സാമ്പത്തിക വികസന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.

സംസ്ഥാന സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, മൂന്ന് വൻകിട കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് 2,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കാണ് തുടക്കമിടുന്നത്. ഇന്ന് രാവിലെ 10.15ന് നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഔദ്യോഗിക ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കും. തുറമുഖ മന്ത്രി വി എൻ വാസവൻ, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. എ കൗശിഗൻ, വിസിൽ എംഡി ഡോ. ദിവ്യ എസ് അയ്യർ എന്നിവരും സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിക്കും.

വിഴിഞ്ഞത്തെത്തുന്ന കൂറ്റൻ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനായി കേന്ദ്ര മഹാരത്ന കമ്പനിയായ ഐഒസിഎൽ വൻകിട ബങ്കറിങ് ഫെസിലിറ്റികൾ നിർമ്മിക്കും. ഇതോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ഹബ്ബായി വിഴിഞ്ഞം മാറും. 700 കോടിയുടെ പദ്ധതിയാണിത്.

ഗതാഗത ശൃംഖലയ്ക്ക് കോൺകോറുമായി ചേര്‍ന്ന് 600 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന കമ്പനിയായ കോൺകോർ റെയിൽ വഴി ചരക്ക് സുരക്ഷിതമായി രാജ്യമെമ്പാടും എത്തിക്കാനുള്ള കണ്ടെയ്നര്‍ ഡിപ്പോകളും ചരക്ക് നീക്ക സംവിധാനങ്ങളും വികസിപ്പിക്കും.

അത്യാധുനിക മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് പാർക്കിനും വലിയ ഗോഡൗണുകൾക്കുമായി കേന്ദ്ര വെയർഹൗസിങ് കോർപറേഷൻ 700 കോടി മുതൽമുടക്കും. സർക്കാരിന് സാമ്പത്തിക ബാധ്യതകളില്ലാതെ നിർമ്മിക്കുന്ന ഈ പാർക്കിൽ വലിയ കോൾഡ് സ്റ്റോറേജുകളും കയറ്റുമതി അനുബന്ധ യൂണിറ്റുകളും സജ്ജീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.