24 September 2024, Tuesday
KSFE Galaxy Chits Banner 2

ഉറുഗ്വേ തീരത്ത് 2,000 പെൻഗ്വിനുകള്‍ ചത്ത നിലയില്‍

web desk
പരാഗ്വേ
July 22, 2023 10:10 pm

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കിഴക്കൻ ഉറുഗ്വേയുടെ തീരത്ത് 2,000 പെൻഗ്വിനുകൾ ചത്തതായി റിപ്പോര്‍ട്ട്. മഗല്ലനിക് വിഭാഗത്തില്‍പ്പെട്ട പെന്‍ഗ്വിനുകനാണ് ചത്തതെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ ജന്തുജാലങ്ങളുടെ വിഭാഗം മേധാവി കാർമെൻ ലീസാഗോയെൻ പറഞ്ഞു. ചത്ത പെന്‍ഗ്വിനുകളില്‍ 90 ശതമാനവും കൊഴുപ്പ് ശേഖരമില്ലാതെയും ഒഴിഞ്ഞ വയറുമുള്ളവയാണെന്നും മന്ത്രാലയം പറയുന്നു.

പെന്‍ഗ്വിനുകളുടെ സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ ഏവിയന്‍ ഇൻഫ്ലുവന്‍സ സ്ഥിരീകരിച്ചിട്ടില്ല. അറ്റ്‌ലാന്റിക് തീരത്തിന്റെ ആറ് മൈൽ (10 കിലോമീറ്റർ) ചുറ്റളവിൽ 500ലധികം ചത്ത പെൻഗ്വിനുകളെ കണ്ടെത്തിയിരുന്നു. തെക്കൻ അർജന്റീനയിൽ കൂടുതലായും കാണപ്പെടുന്ന പെന്‍ഗ്വിന്‍ വിഭാഗമാണ് മഗല്ലിനിക്. തെക്കൻ അർദ്ധഗോളത്തിലെ ശൈത്യകാലത്ത്, ഭക്ഷണവും ചൂടുവെള്ളവും തേടി ഇവ വടക്ക് ദിശയിലേക്ക് സഞ്ചരിക്കും. ബ്രസീലിയൻ സംസ്ഥാനമായ എസ്പിരിറ്റോ സാന്റോയുടെ തീരത്തേക്ക് വരെ ഇവയുടെ സഞ്ചാരം നീളും. ബ്രസീലിൽ കഴിഞ്ഞ വർഷം സമാനമായ രീതിയില്‍ പെന്‍ഗ്വിനുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.

അമിതമായ അനധികൃത മത്സ്യബന്ധനവുമാണ് മഗല്ലനിക് പെൻഗ്വിൻ മരണത്തിന് കാരണമാകുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തെക്കുകിഴക്കൻ ബ്രസീലിൽ ആഞ്ഞടിച്ച അറ്റ്ലാന്റിക്കിലെ ഉപ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് പൊതുവേ ദുര്‍ബലരായ പെന്‍ഗ്വിനുകളുടെ മരണത്തിന് കാരണമായേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പെൻഗ്വിനുകൾക്ക് പുറമേ, തലസ്ഥാനമായ മോണ്ടെവീഡിയോയുടെ കിഴക്കുള്ള മാൽഡൊനാഡോ ബീച്ചുകളിൽ പെട്രലുകൾ, ആൽബട്രോസുകൾ, കടൽക്കാക്കകൾ, കടലാമകൾ, കടൽ സിംഹങ്ങൾ എന്നിവയേയും ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.

Eng­lish Sam­mury: Around 2,000 pen­guins dead in Uruguay coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.