
2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസില്‍ പ്രതികളായ അഞ്ച് പേരെ കോടതി വെറുതെ വിട്ടു. ഡല്‍ഹി പൊലീസിന്റെ അന്വേഷണം യാന്ത്രികമെന്നും കര്‍ക്കഡുമ കോടതി. പൊലീസ് സാക്ഷികളുടെ മൊഴി വിശ്വസനീയമല്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി പര്‍വീണ്‍ സിങ് ചൂണ്ടിക്കാട്ടി.
കലാപത്തിനിടെ ഭജന്‍പുരയില്‍ തീവയ്പ്, കൊള്ള എന്നിവ നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത അബ്ദുള്‍ സത്താര്‍, ആരിഫ് മാലിക്, ഖാലിദ്, തന്‍വീര്‍, ഹുസൈന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. കലാപത്തിനിടെ പരിക്കേറ്റ തരുണ്‍ എന്നയാള്‍, ജനക്കൂട്ടം തന്നെ ലാത്തികൊണ്ട് മര്‍ദിക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിച്ചുവെന്നും ആരോപിച്ചിരുന്നു. ഇതിനായി പൊലീസ് ഹാജരാക്കിയ മൂന്ന് സാക്ഷികളുടെ മൊഴികളാണ് വിശ്വസീയമല്ലെന്ന് കണ്ട് കോടതി തള്ളിക്കളഞ്ഞത്. ഏകസാക്ഷിയുടെ മൊഴി പ്രതികളെ ശിക്ഷിക്കാന്‍ പര്യാപ്തമല്ലെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.
പൊലീസ് റിപ്പോര്‍ട്ടിലും സാക്ഷികളുടെ മൊഴികളിലും വിരുദ്ധമായ കാര്യങ്ങളാണ് വിവരിച്ചിരിക്കുന്നത്. കലാപം നടന്നുവെന്ന് പറയപ്പെടുന്ന ഭജന്‍പുര പെട്രോള്‍ പമ്പ് സംഭവ ദിവസം ഉച്ചയ്ക്ക് 12.30ന് അടച്ചിരുന്നതായി ജീവനക്കാരന്റെ മൊഴിയിലുണ്ട്. അതിനാല്‍ ഉച്ചയ്ക്ക് 2.30ന് പെട്രോള്‍ നിറയ്ക്കാന്‍ പോയപ്പോഴാണ് തനിക്ക് മര്‍ദനമേറ്റതെന്ന പരാതികാരന്റെ വാദം അടിസ്ഥാനരഹിതമാണ്. ഇതുസംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ടും വ്യാജമായി നിര്‍മ്മിച്ചതാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ കേസിലെ സാക്ഷികളോട് പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് ചോദിക്കാത്തത് വിചിത്രമാണെന്നും കോടതി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2020 ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കലാപം, തീവയ്പ്, നിയമവിരുദ്ധമായി സംഘംചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി 695 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 80% കേസുകളിലും പ്രതികളെ വെറുതെ വിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.