22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 11, 2024
October 8, 2024
October 2, 2024
September 24, 2024
July 29, 2024
June 6, 2024
May 20, 2024
April 28, 2024
April 26, 2024

സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വി എം സുധീരന് സമ്മാനിച്ചു

Janayugom Webdesk
ഷാര്‍ജ
March 25, 2023 3:07 pm

2023 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വി എം സുധീരന് സമ്മാനിച്ചു. ഇന്നലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഇന്നലെ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് പുരസ്ക്കാരം സമ്മാനിച്ചത്. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് 2023 ലെ പുരസ്ക്കാരം വി എം സുധീരന് നൽകാൻ നിശ്ചയിച്ചത്. 2023 ദിർഹവും ചന്ദ്രപ്പൻ സ്മൃതി ആലേഖനം ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. പുരസ്ക്കാര തുക ഇന്ത്യൻ അസോസിയേഷൻ സവിശേഷ കഴിവുകൾ ഉള്ള കുഞ്ഞുങ്ങൾക്കായി നടത്തുന്ന അൽ ഇബ്തിസാമ സ്കൂളിനായി നൽകുന്നതായി വി എം സുധീരൻ അറിയിച്ചു. മാർച്ച് 20 ന് പതിനൊന്ന് മണിക്ക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഈ തുക വിഎം സുധീരൻ തന്നെ സ്കൂൾ അധികാരികൾക്ക് കൈമാറും.

ആദർശ രാഷ്ട്രീയത്തിന്റെ രണ്ട് പുഴകളുടെ സംഗമമാണ് ഇന്ന് ചന്ദ്രപ്പൻ പുരസ്കാരം വി എം സുധീരന് നൽകുമ്പോൾ സംഭവിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പ്രസാദ് പറഞ്ഞു. ശബ്ദമില്ലാത്ത പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർക്കും സംസാരിക്കാൻ കഴിയാത്ത നദികൾക്കും മലകൾക്കും കുന്നുകൾക്കും തീരങ്ങൾക്കും വേണ്ടി സംസാരിച്ചവരാണ് ഇരുവരും . ആറൻമുള സമരരംഗത്തേക്ക് തന്നെ പറഞ്ഞയച്ച ആളാണ് സി കെ . ആ സമരവേദിയിലേക്ക് വി എം സുധീരന്റെ കടന്നു വരവ് ഒരു പുത്തൻ ആവേശവും ആവേഗവും സമരത്തിന് നൽകി. ഇതുപോലെയുള്ള സമരഭൂമികകളിൽ ഒറ്റയാനെ പോലെയുള്ള സുധീരന്റെ കടന്ന് വരവ് അവിടെ പകച്ച് നിൽക്കുന്ന മനുഷ്യർക്ക് പകരുന്ന ആത്മവിശ്വാസം വാക്കുകളിൽ ഒതുക്കാൻ കഴിയില്ലെന്നും പ്രസാദ് പറഞ്ഞു.
30 വെള്ളിക്കാശിന് കൃസ്തുവിനെ ഒറ്റിക്കൊടുത്തത് പോലെയാണ് 300 രൂപയ്ക്ക് വേണ്ടി കേരള സമൂഹത്തിനെ സംഘപരിവാന് അടിയറ വെയ്ക്കുന്നത് എന്ന് മന്ത്രി പ്രസാദ് പറഞ്ഞു. നസ്റേത്തിൽ നിന്ന് അബദ്ധത്തിൽ പോലും നൻമ ഉണ്ടാവില്ല എന്നും അത് പ്രതിക്ഷിച്ച് സ്വന്തം സമൂഹത്തെ ഒന്നടങ്കം വഞ്ചിതരാകാൻ കൂട്ട് നിൽക്കരുതെന്നും മന്ത്രി പറഞ്ഞു. 8500 കോടി രൂപയുടെ വെട്ടിക്കുറവ് കാർഷിക ബജറ്റിൽ കേന്ദ്രം വരുത്തിയത്. അതേസമയം കേരളം മുൻ വർഷത്തെ തുക തുടർന്നും കർഷകർക്കായി നീക്കി വെച്ചിട്ടുണ്ട്. കർഷകരോട് കേന്ദ്ര സമീപനം ഇതായിരിക്കേ എന്ത് പരിഗണനയാണ് തലശേരി രൂപത ബിഷപ്പ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ചടങ്ങിൽ സി പി ഐ ദേശീയ കണ്ട്രോൾ കമ്മീഷൻ അംഗം സത്യൻ മൊകേരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പ്രസിഡന്റ് അഡ്വ വൈ എ റഹീം, യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി യുഎഇ പ്രസിഡന്റ് സുഭാഷ് ദാസ് , ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ്ങ് കമ്മിറ്റി അംഗവും യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രദീഷ് ചിതറ, യുവകലാസാഹിതി ഷാർജ വൈസ് പ്രസിഡന്റ് സിബി ബൈജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉപഹാരത്തിനും ആശംസകൾക്കും വി എം സുധീരൻ തന്റെ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.

കാലത്തിന് മുൻപ് സഞ്ചരിച്ച മഹാനായിരുന്നു സി കെ ചന്ദ്രപ്പൻ എന്ന് വിഎം സുധീരൻ പറഞ്ഞു. 2021 ൽ മലയാള സിനിമയിൽ ചർച്ചയായ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ തിരിച്ചു വിളിക്കാനുള്ള നിയമം എത്രയോ കാലം മുൻപേ സ്വകാര്യ ബില്ലായി അവതരപ്പിച്ച ആളായിരുന്നു സി കെ എന്ന് സുധീരൻ അനുസ്മരിച്ചു. സഭകൾ ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കുന്നത് ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുമെന്ന് സുധീരൻ പറഞ്ഞു. അദാനിയുടെ പേര് പറഞ്ഞത് മുഴുവൻ ലോകസഭാരേഖകളിൽ നിന്നും നീക്കം ചെയ്തത് ഭരണകൂടത്തിത്തിന്റെ സ്വേച്ഛാധിപരമായ താൽപ്പര്യം ആർക്ക് വേണ്ടിയാണ് എന്ന് വ്യക്തമാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യനിരയ്ക്ക് മാത്രമേ രാജ്യത്തെ വീണ്ടെടുക്കാൻ കഴിയൂ. മൂന്നാംമുന്നണി പോലെയുള്ള പരീക്ഷണങ്ങൾ സംഘപരിവാറിനെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂവെന്നും സുധീരൻ പറഞ്ഞു.

ചടങ്ങിൽ സി കെ ചന്ദ്രപ്പന്റെയും സുധീരന്റെയും ജീവിത രേഖകൾ അടയാളപ്പെടുത്തിയ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു. യുവകലാസാഹിതി ഷാർജ പ്രസിഡന്റ് ജിബി ബേബി അധ്യക്ഷനായ ചടങ്ങിന് സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠാപുരം സ്വാഗതവും ട്രഷറർ രഘുനാഥ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.