
രാജ്യവ്യാപകമായി ചർച്ചയായ 2024ലെ പൂനെ പോർഷെ കാർ അപകടക്കേസിലെ പ്രതികളിലൊരാളായ അഷ്പാക് ബാഷ മകന്ദറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ച സാഹചര്യം പരിഗണിച്ചാണ് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. അപകടസമയത്ത് കാറിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ രക്തസാമ്പിളുകൾ മാറ്റി പകരം മാതാപിതാക്കളുടെ സാമ്പിളുകൾ നൽകി തെളിവ് നശിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ് മകന്ദറിനെതിരെയുള്ള കുറ്റം. കഴിഞ്ഞ 20 മാസമായി ഇയാൾ ജയിലിലായിരുന്നു. സമാനമായ കുറ്റം ആരോപിക്കപ്പെട്ട മറ്റ് മൂന്ന് പ്രതികൾക്ക് (അമർ ഗെയ്‌ക്‌വാദ്, ആദിത്യ സൂദ്, ആശിഷ് മിത്തൽ) ഫെബ്രുവരി 2ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മകന്ദറിനും കോടതി ജാമ്യം നൽകിയത്.
ജാമ്യം അനുവദിച്ച വേളയിൽ, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന ഇത്തരം അപകടങ്ങളിൽ മാതാപിതാക്കൾക്കാണ് ഉത്തരവാദിത്തമെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ മേൽ നിയന്ത്രണമില്ലാത്ത മാതാപിതാക്കളെയാണ് ഇത്തരം സംഭവങ്ങളിൽ കുറ്റപ്പെടുത്തേണ്ടതെന്നും കോടതി കൂട്ടിച്ചേർത്തു. 2024 മെയ് 19നാണ് മദ്യലഹരിയിൽ 17കാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് രണ്ട് ഐടി പ്രൊഫഷണലുകൾ കൊല്ലപ്പെട്ടത്. കേസിൽ പ്രധാന പ്രതിയായ ആൺകുട്ടിക്ക് 300 വാക്കുകളിൽ ഉപന്യാസം എഴുതാൻ നിർദ്ദേശിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.