
സുനാമി ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത ഓർമകൾക്ക് 21 വയസ്സ്. രണ്ടു പതിറ്റാണ്ടു പിന്നിട്ടിട്ടും അലറിയെത്തിയ രാക്ഷസത്തിരകൾ വിഴുങ്ങിയ ജീവന്റെയും വരുത്തിയ നഷ്ടങ്ങളുടെയും നെഞ്ചുനീറുന്ന കറുത്ത ഓർമകൾ ഇന്നും മാഞ്ഞിട്ടില്ല. 2004 ഡിസംബർ 26‑നാണ് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ അതിശക്തമായ ഭൂചനത്തിൽ രൂപപ്പെട്ട സുനാമിത്തിരകൾ കേരളത്തിന്റെ തീരങ്ങളിലും അഞ്ഞടിച്ചത്. കൊല്ലത്തെ ആലപ്പാടും ആലപ്പുഴയിലെ ആറാട്ടുപുഴയിലുമാണ് കൂടുതൽ നാശം വിതച്ചത്.
ആറാട്ടുപുഴയിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളായ പെരുമ്പള്ളി, തറയിൽക്കടവ്, വലിയഴീക്കൽ പ്രദേശങ്ങളെ സുനാമിത്തിരകൾ തകർത്തെറിഞ്ഞു. ഞൊടിയിടയിൽ 29 ജീവനുകൾ നഷ്ടമായി. കന്നുകാലികളും വളർത്തുമൃഗങ്ങളുമുൾപ്പെടെ മറ്റു നിരവധി ജീവനുകളും പൊലിഞ്ഞു. നൂറു കണക്കിന് വീടുകളും ജീവിത മാർഗവുമെല്ലാം കൂറ്റൻ തിരകൾ കൊണ്ടുപോയി. ശൂന്യതയിൽ നിന്നു ഒരു ജനത പടുത്തുയർത്തിയ അതിജീവനത്തിന്റെ കഥകൂടിയാണ് കഴിഞ്ഞുപോയ 21 വർഷങ്ങൾ.
എല്ലം നഷ്ടപ്പെട്ടുപോയവരെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ സർക്കാർ സംവിധാനങ്ങളും സംഘടനകളുമെല്ലാം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്കായി വൻ തുകയാണ് മുടക്കിയത്. മത്സ്യത്തൊഴിലാളി യൂണിയൻ എഐടിയുസിയുടെ നേതൃത്വത്തിൽ ആറാട്ടുപുഴ പെരുമ്പള്ളി സുനാമി സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. എഐടിയുസി ദേശീയ സെക്രട്ടറി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി മോഹൻദാസ്, സിപിഐ കാർത്തികപ്പള്ളി മണ്ഡലം സെക്രട്ടറി എ ശോഭ, മണ്ഡലം കമ്മിറ്റി അംഗം കെ അനിലാൽ, ആറാട്ടുപുഴ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി ദിലീപ് കുമാർ, നോർത്ത് സെക്രട്ടറി തസ്‌ലിം, എം മുസ്തഫ, കെ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.