17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 6, 2024
November 5, 2024
October 26, 2024
October 24, 2024
October 17, 2024
October 17, 2024
October 16, 2024
October 15, 2024
October 6, 2024

ദക്ഷിണ റെയില്‍വേയില്‍ നികത്താത്ത 22,506 ഒഴിവുകള്‍

ജീവനക്കാർ പണിയെടുത്ത് തളരുന്നു 
ബേബി ആലുവ
കൊച്ചി
October 5, 2023 10:00 pm

സംസ്ഥാനത്തെ തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകളിൽ സുപ്രധാന തസ്തികകളിലടക്കം ഒഴിവുകൾ നികത്തുന്നില്ലെന്ന പരാതി ശക്തമാകുന്നു. റെയിൽവേ പൊതുവെ കേരളത്തോട് കാണിക്കുന്ന ചിറ്റമ്മ നയത്തിന്റെ ഭാഗമായി ഇതും മാറുമ്പോൾ തിക്തഫലം അനുഭവിക്കുന്നത് വിശ്രമമില്ലാതെ അധിക ജോലി ചെയ്ത് തളരുന്ന ജീവനക്കാർ കൂടിയാണ്. നിർമ്മാണ വിഭാഗത്തിലെ ചീഫ് എന്‍ജിനീയർ തൊട്ട് ലോക്കോ പൈലറ്റ്, സിഗ്നൽമാൻ അടക്കമുള്ള തസ്തികകളിൽവരെ ഏറെ നാളുകളായി നികത്തപ്പെടാത്ത ഒഴിവുകളാണുള്ളത്. 

കേരളത്തിലെ റെയിൽവേ നിർമ്മാണ വിഭാഗത്തിൽ രണ്ട് ചീഫ് എന്‍ജിനീയർമാർ ഉണ്ടായിരുന്നിടത്ത് മാസങ്ങളായി ഉള്ളത് ഒരാൾ മാത്രം. നേരത്തെ ഈ തസ്തികകളിൽ മൂന്ന് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. അതിൽ നിന്ന് ഒരാളെ പിൻവലിച്ച് എണ്ണം രണ്ടാക്കി. രണ്ടിൽ വീണ്ടും വെട്ടിക്കുറവ് വരുത്തി തസ്തിക ഒന്നിലേക്കൊതുക്കാൻ വലിയ കരുനീക്കങ്ങൾ നടത്തിയെങ്കിലും എതിർപ്പ് ശക്തമായതോടെ പിന്മാറി. പക്ഷേ, ഫലത്തിൽ ഒരു ചീഫ് എന്‍ജിനീയറെ നിർമ്മാണ വിഭാഗത്തിൽ ഉള്ളൂ എന്നതിനാൽ റെയിൽവേയുടെ ആ നീക്കം വിജയിച്ചതായിത്തന്നെ കണക്കാക്കാം. പാത ഇരട്ടിപ്പിക്കലും സ്റ്റേഷനുകളുടെ വികസനവുമായും മറ്റും ബന്ധപ്പെട്ട് സുപ്രധാനമായ പല നിർമ്മാണ പ്രവർത്തനങ്ങളും സംസ്ഥാനത്ത് നടക്കാനുള്ള സാഹചര്യത്തിലാണ് ഗൗരവതരമായ ഈ സ്ഥിതി.
അതേസമയം, ചെന്നൈയിൽ നിർമ്മാണ വിഭാഗത്തിൽ ഒരേ സമയം അഞ്ച് ചീഫ് എന്‍ജിനീയമാര്‍ ജോലി ചെയ്യുന്നുണ്ട്. 

പാലക്കാട് ഡിവിഷനിൽ 80ഉം തിരുവനന്തപുരം ഡിവിഷനിൽ 50ല്‍ അധികവും വിവിധ ഒഴിവുകളുണ്ട്. ഇരു ഡിവിഷനിലുമായി 104 ലോക്കോ പൈലറ്റുമാരുടെ ഒഴിവ് വേറെയുമുണ്ട്. കീമാന്മാരുടെയും ട്രാക്കോമാന്മാരുടെയും നികത്താനുള്ള ഒഴിവുകൾ വലിയ എണ്ണം വരും. നിലവിലുള്ള ലോക്കോ പൈലറ്റുമാരുടെ ഡ്യൂട്ടി സമയം പലപ്പോഴും പരിധിയും കടന്നാണ്. ഡ്യൂട്ടി സമയം കുറയ്ക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതിൽ 60 ലധികം പേർ വനിതകളുമാണ്.
ഒഴിവുകളെക്കുറിച്ചും വിരമിക്കുന്ന ജീവനക്കാർക്ക് പകരമായി പുതിയ നിയമനങ്ങൾ ഇല്ലാത്തതിനെക്കുറിച്ചും ജീവനക്കാരുടെ ജോലി ഭാരത്തെക്കുറിച്ചും ഒക്കെ അധികൃതർ ബോധവാന്മാരല്ലാത്തതല്ല പ്രശ്നപരിഹാരത്തിന് തടസമെന്ന് ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കുന്നു. ഇങ്ങനെയൊക്കെ മതി എന്ന മനഃപൂർവമായ അലംഭാവമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. രാജ്യത്ത് തീവണ്ടി അപകടങ്ങൾ പെരുകുമ്പോഴും സുരക്ഷാ വിഭാഗം കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾ പോലും നടക്കുന്നില്ല. രാജ്യത്താകെ ആ വിഭാഗത്തിലെ മാത്രം ഒഴിവുകളുടെ എണ്ണം 1.43 ലക്ഷമാണ്. ദക്ഷിണ റെയിൽവേയിൽ ലോക്കോ പൈലറ്റുമാരുടേതടക്കം 22,506 ഒഴിവുകളാണുള്ളത്. 

Eng­lish Summary:22,506 unfilled vacan­cies in South­ern Railway
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.